മുടിയേറ്റിലെ സ്ത്രീപെരുമ

ആദി പരാശക്തിയായി സ്ത്രീയെ ആരാധിച്ചിരുന്ന ജനത.. എന്നാല്‍ പരാശക്തിയുടെ പ്രതിരൂപമായി വേഷം കെട്ടിയാടന്‍ സ്ത്രീ ഇറങ്ങിപുറപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാനുള്ള മനസ്സ് ആ സമൂഹത്തിനുണ്ടായില്ലെന്നുമാത്രമല്ല എതിര്‍പ്പുകളുമായി അവര്‍ രംഗത്തിറങ്ങി.. ആ പരാശക്തി തന്നിലേല്‍പ്പിച്ച് തന്ന ദൊത്യമായി ഉറച്ചു വിശ്വസിച്ച് സധൈര്യം മുന്നേറിയപ്പോള്‍ അവളെ കാത്തിരുന്നത് അംഗീകാരങ്ങളും പുരസ്കാരങ്ങളും നിറഞ്ഞ ലോകം. സ്ത്രീയെന്നാല്‍ പരിമിതിയല്ല.. ശക്തിയാണെന്ന് എന്ന് ബിന്ദു എന്ന കാലാകാരി തന്‍റെ ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുന്നു.

ബിന്ദു

ആതുരശുശ്രൂക്ഷയില്‍നിന്ന് മുടിയേറ്റ് കലാകാരിയിലേക്കുള്ള ദൂരം വളരെ വലുതായിരിക്കാം. ഈ വൈരുദ്ധ്യം തന്‍റെ ജീവിതനിയോഗമാണെന്ന് തിരിച്ചറഞ്ഞ വീട്ടമ്മ ‘ബിന്ദു’.. മുടിയേറ്റ് എന്ന കാലാരൂപത്തിലേക്ക് എത്തിപ്പെട്ടതിനുള്ള സാഹചര്യവും തന്‍റെ സ്വപ്നവും കൂട്ടുകാരിയിലൂടെ പങ്കുവയ്ക്കുന്നു.

മുടിയേറ്റ് കലാ പാരമ്പര്യമുള്ള നെടുമ്പാശ്ശേരി നായത്തോടില്‍ നിന്നും മുടിയേറ്റിനെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന വിട്ടിലേക്കാണ് മരുമകളായി ബിന്ദുവെത്തുന്നത്. പാഴൂര്‍ ദാമോദര മാരാര്‍ എന്ന ഭര്‍തൃ പിതാവിന്‍റെ ഭര്‍ത്താവ് പാഴൂര്‍ നാരായണമാരാരുടെയും വഴിതന്നെ പിന്‍തുടരാന്‍ ബിന്ദുവിനെ പ്രേരിപ്പിച്ചത് അവരുടെ നിയോഗമതായതിനാലാകാം. ഭര്‍ത്താവിന്‍റെ അച്ഛന്‍ പാഴൂര്‍ ദാമോദരമാരാര്‍ തന്നെയാണ് ഈ രംഗത്തേക്ക് വരാനുള്ള പ്രചോദനമെന്ന് ബിന്ദു പറയുന്നു. അച്ഛന്‍ ദാമോദരമാരരുടെ മരണശേഷം മുടിയേറ്റ് നടത്തിക്കൊണ്ടുപോയത് നാരായണമാരാര്‍‌ ആയിരുന്നു. ക്യാന്‍സര്‍ രോഗം വന്നാണ് ബിന്ദുവിന്‍റെ ഭര്‍ത്താവ് നാരായണ മാരാര്‍ മരിക്കുന്നത്.

തന്‍റെ അച്ഛന്‍‌ മുടിയേറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് നാളത്തെ തലമുറ അദ്ദേഹം മുടിയേറ്റിന് വേണ്ടി ചെയ്തകാര്യങ്ങള്‍ അറിയണം എന്നും തങ്ങളുടെ മുടിയേറ്റ് സംഘം അച്ഛന്‍റെ പേരില്‍ അറിയപ്പെടണം എന്ന നാരായണമാരാരുടെ വാക്ക് ബിന്ദു നെഞ്ചോടുചേര്‍ത്തു പിടിച്ചു.

ഭര്‍ത്താവിന്‍റെ മരണശേഷം 23 വര്‍ഷത്തെ നഴ്സിംഗ് ജോലിയില്‍ നിന്നും ബിന്ദു വിരമിച്ച് മുടിയേറ്റിലേക്ക് ശ്രദ്ധപതിപ്പിക്കുവാന്‍ തീരുമാനിച്ചു. പുരുഷാധിപത്യമുള്ള കലയയാതില്‍ സ്ത്രീയുടെ കടന്നുവരവിനെ അംഗീകരിക്കാനുള്ള മനസ്സ് സമൂഹം കാണിച്ചില്ല. എന്നാല്‍ എതിര്‍പ്പുകളും അവഗണനകളും ബിന്ദുവിന്‍റെ ഇച്ഛാശക്തിയെ തോല്‍പ്പിക്കാന്‍ ഉതകുന്നവയായിരുന്നില്ല. മുടിയേറ്റില്‍ ഡോക്ടറേറ്റ് എടുത്ത ബിന്ദു അതിന്‍റെ ഭാഗമായി റിസര്‍ച്ചുകളും പഠനങ്ങളും മുടിയേറ്റിനെ പറ്റി നടത്തിയിരുന്നു. അപ്പോഴാണ് 500 വര്‍ഷങ്ങള്‍ക്കുമുമ്പ് മുടിയേറ്റില്‍ കാളിരൂപം കെട്ടിയിരുന്നത് സ്ത്രീകളായിരുന്നു എന്നത് ബിന്ദു മനസ്സിലാക്കിയത്. പഠനത്തിന്‍റെ വെളിച്ചത്തില്‍ നിന്ന് കിട്ടിയ ധൈര്യത്തില്‍ കാളിവേഷം കെട്ടാന്‍തന്നെ ബിന്ദു തീരുമാനിച്ചു. എന്നാല്‍ എതിര്‍പ്പുകളുടെ ഘോഷയാത്രതന്നെ ബിന്ദുവിന് നേരിടേണ്ടതായിവന്നു.

മറ്റ് മുടിയേറ്റ് സംഘങ്ങളും ബിന്ദു കാളിവേഷം കെട്ടുന്നതിനെ പിന്തുണച്ചില്ല. അച്ഛന്‍ പറഞ്ഞ് തന്നിരുന്ന അറിവും മുടിയേറ്റിനെകുറിച്ച് വായിച്ചറിഞ്ഞകാര്യങ്ങളും തന്നെ വേഷം കെട്ടാന്‍ പ്രേരിപ്പിച്ചു.കാളി വേഷം കെട്ടുമ്പോള്‍ താന്‍ പുതിയ ഒരാളായിമാറുമെന്ന് പറയുന്നബിന്ദു തന്‍റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഈ നിയോഗത്തിന് വേണ്ടിയാകാമെന്ന് കൂടി പറഞ്ഞുവയ്ക്കുന്നു. മകള്‍ക്ക് ഒരു വയസ്സ് പ്രായം ഉള്ളപ്പോള്‍ യൂ ട്രസ്റ്റ് റിമൂവ് ചെയ്യേണ്ടി വന്നു. അത് തന്നില്‍ ഇത്തരത്തില്‍ ഒരു നിയോഗം ഉള്ളതുകൊണ്ട് ആയിരിക്കുമെന്ന് ബിന്ദു വിശ്വസിക്കുന്നു. മുടിയേറ്റ് സംഘം ബിന്ദു ഏറ്റെടുത്തതിനുശേഷം മൂന്ന് വര്‍ഷം കൂടികഴിഞ്ഞിട്ടാണ് കാളിവേഷം കെട്ടുന്നത്.

ബിന്ദു മക്കള്‍ക്കൊപ്പം

തേവര എസ് എച്ച് കോളജില്‍മുടിയേറ്റ് അവതരിപ്പിച്ചു കൊണ്ടായിരുന്നു ബിന്ദുവിന്‍റെ മുടിയേറ്റിലെ അരങ്ങേറ്റം.ഫോക് ലോര്‍ അക്കാദമി വഴിയാണ് തേവര കോളജില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. മുടിയേറ്റ് ചെയ്യുന്ന സ്ത്രീകള്‍ ഉണ്ടോയെന്ന അവരുടെ അന്വേഷണമാണ് ബിന്ദുവിലേക്കെത്തിയത്. മുടിയേറ്റിനെ ആസ്പദമാക്കി ഷൂട്ട് ചെയ്യുന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ബിന്ദു. കോവിഡ് കാലം കഴിയുമ്പോള്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ബിന്ദുപറയുന്നു.

സീസണില്‍ മാത്രേമേ മുടിയേറ്റ് പോലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കുകയുള്ളു. കല ഉപജീവനം ആക്കിയ കലാകാരന്മാമാര്‍ ജീവിതം മുന്നോട്ടുതള്ളിനീക്കുവാന്‍ പാടുപെടുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും മുടിയേറ്റ് പോലുള്ള ക്ഷേത്രകലകളും മറ്റ് കലാരൂപങ്ങളും അവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ കാലാകാരന്മാര്‍ക്ക് അത് ഉപജീവനത്തിന് മാര്‍ഗവും കുട്ടികള്‍ക്ക് കലകളെ നേരിട്ട് അറിയാനുള്ള അവസരവും ലഭിക്കും ഇത് സംബന്ധിച്ചുള്ള പ്രോജക്റ്റ് സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി. ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങളും ബിന്ദുവിനെ തേടിയെത്തി

കലാനിധി കലാരത്ന പുരസ്‌കാരവും ഈ കാലാകാരി കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറില്‍ കാലാമേളയില്‍ മുടിയേറ്റില്‍ ബിന്ദുവിന്‍റെ സംഭാവനകള്‍ പരിഗണിച്ച് അവരെ കടന്നപ്പള്ളി രാമചന്ദ്രന്‍ പൊന്നാടയണിച്ച് ആദരിച്ചു. ഈ വര്‍ഷത്തെ കേരള ഫോക്ക് ലോര്‍ അക്കാഡമി അവാർഡിന് ബിന്ദുവിന്‍റെ പേരും പരിഗണിച്ചിട്ടുണ്ട്.

ബിന്ദു മുടിയേറ്റ് അവതരിപ്പിച്ചത് കാണാന്‍ ഇടയായ വിദേശിയുടെ സഹായത്താല്‍ ലണ്ടനില്‍ മുടിയേറ്റ് അവതരിപ്പിക്കാനുള്ള അവസരവും ബിന്ദുവിന് ലഭിച്ചു.


വരുംതലമുറ മുടിയേറ്റിനെകുറിച്ച് മനസ്സിലാക്കാന്‍ പുസ്തകവും ബിന്ദു എഴുതുന്നുണ്ട്. ബിന്ദുവിന്പിന്തുണയുമായി മക്കള്‍ വിഷ്ണുവും കൃഷ്ണപ്രിയയും ഉണ്ട്. വിഷ്ണുവും മേളവും പഞ്ചവാദ്യവും മുടിയേറ്റുമെല്ലാം ചെയ്യുന്നുണ്ട്. ദാരുകവേഷം ക്ഷേത്രത്തിന് പുറത്ത് അവതരിപ്പിക്കുന്ന അവസരത്തില്‍ കൃഷ്ണപ്രീയ ദാരുകനായി വേഷം കെട്ടാറുണ്ട്. സ്ത്രീയായതുകൊണ്ടുമാത്രം തഴയപ്പെട്ടെങ്കിലും എതിര്‍പ്പുകളെയും അവഗണനകളെയും തൃണവല്‍ക്കരിച്ചുകൊണ്ട് ആ കലാകാരി ഇന്ന് ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *