യാത്രപോകാം അയ്യപ്പന്‍ കോവില്‍ തൂക്കുപാലത്തിലേക്ക്

പെരിയാര്‍ നദിക്ക് കുറുകെ അയ്യപ്പൻ കോവിൽ – കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് അയ്യപ്പന്‍ കോവില്‍ തൂക്കുപാലം. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം കൂടിയാണ് അയ്യപ്പന്‍ കോവില്‍ തൂക്കുപാലം.

ഈ തൂക്കുപാലത്ത് നിന്നുള്ള കാഴ്ച അതിമനോഹരമാണ് വൈകുന്നേരങ്ങളില്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ഈ അയ്യപ്പന്‍ കോവില്‍ തൂക്കുപാലവും പരിസരവും. കട്ടപ്പന കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയിൽ നിന്ന് 2 കി.മി യാത്ര ചെയ്താൽ അയ്യപ്പൻ കോവിൽ തൂക്കു പാലത്തിൽ എത്താം. പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റ സ്ഥലമാണ് അയ്യപ്പൻ കോവിൽ.

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് അയ്യപ്പൻകോവിൽ.അയ്യപ്പൻകോവിൽ നിന്നും 14.430 km അകലെയാണ് കട്ടപ്പന നഗരം. ഇടുക്കി അണക്കെട്ടിലേക്ക് ജലം സംഭരിക്കപ്പെട്ടിരിക്കുന്നതിൽ ഈ പഞ്ചായത്തും ഉൾപ്പെടുന്നു. ഇവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം 240 കി.മി ആണ്. 1960 കളിൽ ഇടുക്കി ജില്ലയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു അയ്യപ്പൻകോവിൽ.കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് നടന്നത് ഇവിടെയാണ്.


പരശുരാമനാൽ പ്രതിഷ്ഠ നിർവ്വഹിച്ചതായി കരുതുന്ന പഴയ ക്ഷേത്രം(അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം )അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തായി സ്ഥതി ചെയ്തിരുന്നു. ഈ ക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇടുക്കി അണക്കെട്ടിലെ ജലസംഭരണ കേന്ദ്രത്തിനുള്ളിലാണ്
1963-ൽ ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ക്ഷേത്രം ജലാശയമാകേണ്ട ഭാഗത്തായി.സ്വരാജ് -തൊപ്പിപ്പാളക്കടുത്ത് പകരമായി ഒരു ക്ഷേത്രം നിർമ്മിച്ച് സർക്കാർ നൽകി.അയ്യപ്പൻകോവിൽ, വെള്ളിലാംകണ്ടം,മടുക്ക, എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പകരം ഭൂമി നൽകി കുടിയൊഴിപ്പിച്ചു.

തൂക്കുപാലത്തില്‍ കയറി കാഴ്ച ആസ്വദിക്കാന്‍ വരുന്നവര്‍ അയ്യപ്പന്‍ കോവിലില്‍ സ്ഥിതിചെയ്യുന്ന ശ്രീധര്‍മ്മശാസ്തക്ഷേത്രത്തിലും പോകേണ്ടതാണ്. ക്ഷേത്രത്തില്‍ പോകാന്‍ പെരിയാറിന്‍ തീരത്ത് കടത്തുവള്ളങ്ങള്‍ ഉണ്ട്. വള്ളത്തില്‍ കയറി പെരിയാറിലൂടെയുള്ള യാത്ര ഒരു പ്രത്യേക അനുഭവം ആയിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *