ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ് ; വിവാദങ്ങള്‍ അവസാനിക്കുന്നില്ല

വിവാഹം, ബ്ലാക്ക് മെയിലിങ്, കളളക്കടത്ത്, സിനിമ …സമൂഹത്തില്‍ ക്രിമിനലുകളുടെ സാന്നിധ്യം എത്രത്തോളമുണ്ടെന്ന് ഷംന കാസിം ബ്ലാക്ക് മെയിലിങ് കേസിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞുവരുന്നു. തട്ടിപ്പുകഥകളുടെ കൂടുതല്‍ ചുരുളഴിയുമ്പോള്‍ കുടുങ്ങുന്നത് ആരൊക്കെയാകും. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ അറസ്റ്റിലായെങ്കിലും വിവാദങ്ങള്‍ അവിടെത്തീരുന്നില്ലെന്ന് വ്യക്തമാണ്.

ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാണെങ്കിലും പുറത്തുപറഞ്ഞാലുളള നാണക്കേട് ഓര്‍ത്ത് പലരും മൂടിവയ്ക്കാറാണ് പതിവ്. വിവാഹാലോചനയുമായി വീട്ടിലെത്തിയ സംഘത്തിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷംന പോലീസില്‍ പരാതിപ്പെടാന്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ. ഷംനയ്ക്ക് പിന്നാലെ മറ്റ് നിരവധി പേര്‍ പരാതിയുമായി ഇതോടെ രംഗത്തെത്തി. ഇവരെല്ലാം നല്‍കിയ പരാതികളുടെ സ്വഭാവം ഒന്നുതന്നെയായിരുന്നു. സിനിമയിലും പരസ്യചിത്രങ്ങളിലുമെല്ലാം വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരെയെല്ലാം പ്രതികള്‍ കബളിപ്പിച്ചത്. സ്വര്‍ണ്ണക്കടത്തിന് കൂട്ടുനില്‍ക്കാനായിരുന്നു ഇവരോടെല്ലാം ആവശ്യപ്പെട്ടത്. രക്ഷപ്പെട്ടവരെയെല്ലാം സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം കേസുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ കൂടുതല്‍ സിനിമ താരങ്ങളുമായി ബന്ധപ്പെട്ടുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം സിനിമ മേഖലയിലേക്ക് തിരിഞ്ഞത്.


നടൻ ധർമജൻ ബോൾഗാട്ടി ഉൾപ്പെടെ മൂന്ന് സിനിമാ താരങ്ങളുടെ മൊഴിയെടുക്കും. ഇതിൽ ധർമ്മജന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞു.
പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്ന് ധർമജന്റെ കോൺടാക്ട് നമ്പർ ലഭിച്ചതിനെ തുടർനാണ് ധർമജനെ വിളിപ്പിച്ചത്. പലരും വിളിച്ച കൂട്ടത്തിലുള്ള കോളുകളിൽ ഒന്നായിരിക്കുമിതെന്നാണ് ധര്‍മ്മജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നല്‍കിയ വിശദീകരണം.


മുഖ്യപ്രതികളിൽ ഒരാളായ ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് അറസ്റ്റിലായി. തൃശൂരിൽ നിന്നാണ് ഹാരിസിനെ പിടികൂടിയത്. മറ്റു മുഖ്യപ്രതികളായ റഫീഖും മുഹമ്മദ്‌ ഷരീഫും ഹാരിസും ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഹാരിസ് വഴിയാണ് പ്രതികൾ ഷംനയെ ബന്ധപ്പെട്ടത് എന്നാണ് വിവരം. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തി സ്വർണക്കടത്തിനു പ്രേരിപ്പിച്ച പരാതിയിൽ കൂടുതൽ കേസുകൾ റെജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *