ഹണി ട്രാപ്പ്

അധ്യായം ആറ്

കിഡ്നാപ്പെഡ്

വിനോദ് നാരായണന്‍(boonsenter@gmail.com)

നേരം നന്നായി പുലര്‍ന്നപ്പോള്‍ അറേബ്യന്‍ സമുദ്രത്തിന്‍റെ ഉച്ചിയില്‍ വെയില്‍ തട്ടി മെല്ലെ തിളങ്ങാന്‍ തുടങ്ങി.

ചക്രവാളസീമയില്‍ മൂടല്‍ മഞ്ഞുണ്ടായിരുന്നു.

ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ തീര്‍ത്തും വിജനമായിരുന്നു സമുദ്രം. അല്ലെങ്കില്‍ മീന്‍പിടുത്തക്കാരുടെ ബോട്ടുകളും ടൂറിസ്റ്റുകളുടെ സ്പീഡ് ബോട്ടുകളും അങ്ങകലെ പതിയെ നീന്തിപ്പോകുന്ന കപ്പലുകളും കൊണ്ട് സജീവമായിരുന്നേനെ സമുദ്രം. തിരകള്‍ തല്ലിയാര്‍ക്കുന്ന പഞ്ചാര മണല്‍പ്പരപ്പില്‍ ഏതാനും തെരുവ് നായ്ക്കള്‍ മാത്രം.

നിവിന്‍ സുബ്രഹ്മണ്യന്‍ കോഴിക്കോട് കടല്‍ത്തീരത്തെ ഗ്രീന് സഫയര്‍ ഹോട്ടലിലെ കിടക്കറയില്‍ ഉണര്‍ന്ന്കിടന്നുകൊണ്ട് ജാലകത്തിലൂടെ സമുദ്ര ചക്രവാളത്തിലേക്ക് നോക്കി.

കടല്‍ക്കാക്കകള്‍ സന്തോഷനിര്‍ഭരമായി പറക്കുന്നതുകണ്ടു.

പക്ഷേ തനിക്ക് സന്തോഷിക്കാനാവുന്നില്ല.

ശകുന്തളയുടെ മുഖം മനസില്‍ നിന്ന് മാറുന്നില്ല.

അസാധാരണയായ ഒരു സ്ത്രീ. അവരുടെ മനസ് വ്യക്തമായി പഠിച്ചാല്‍ സ്നേഹത്തിനും പ്രേമത്തിനും വിചിത്രമായ ചില നിര്‍വചനങ്ങള്‍ കൊടുക്കാന്‍ കഴിയുമെന്ന തോന്നുന്നു.

പിന്നെ ആര്യാദേവിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്.

സിസിടിവിയില്‍ അത് വ്യക്തമായി കണ്ടതാണ്.

അവര്‍ മരിച്ചുകിടന്നപ്പോഴുണ്ടായിരുന്ന അതേ വസ്ത്രത്തില്‍ മോര്‍ച്ചറിയുടെ വാതിലിലൂടെ പുറത്തേക്കു വരുന്ന കാഴ്ച.

അവര്‍ മെല്ലെ നടന്ന് മോര്‍ച്ചറിയുടെ മുറ്റത്തേക്കിറങ്ങി ക്യാമറാക്കണ്ണിന്‍റെ പരിധിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന രംഗം അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്.

ആര്യാദേവി മരിച്ചെന്ന് ഏത് ഡോക്ടറാണ് റിപ്പോര്‍ട്ട് നല്‍കിയത്… അത്രയും നേരം മോര്‍ച്ചറിയില്‍ കിടന്നശേഷം ജീവനോടെ എഴുന്നറ്റു പോകാന്‍ ഒരാള്‍ക്ക് എങ്ങനെ കഴിയുന്നു.

അതിനു ശേഷം അവരുടെ കാമുകന്‍ എബിന്‍ എബ്രഹാമിന്‍റെ ആത്മഹത്യ.

അത് ആത്മഹത്യയോ അതോ കൊലപാതകമോ…അറിയില്ല.

നിവിന്‍റെ മനസ് പലവിധചിന്തകളിലൂടെ ഊളിയിട്ടിറങ്ങവേ മൊബൈല്‍ ശബ്ദിച്ചു

അവന്‍ ഫോണെടുത്ത് കാതില്‍ ചേര്‍ത്തു.

അപ്പുറത്ത് ഒരു സ്ത്രീ ശബ്ദമായിരുന്നു.

“ഹലോ നിവിന്‍, ഞാന്‍ സാന്ദ്രാ നെറ്റിക്കാടന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പാപ്പനം കോട് സാബുവാണ് നമ്പര്‍ തന്നത്. ഞാന്‍ ഇപ്പോള്‍ ദുബായിലാണ്. എന്‍റെ മാനേജര്‍ അഷ്റഫ് സംസാരിച്ചിരുന്നോ…?”

“ ഇല്ലല്ലോ.”

“ നിവിന് ഇന്ന് സമയമുണ്ടാകുമോ. എന്‍റെ മാനേജര്‍ അഷറഫിനെ ഒന്നു മീറ്റ് ചെയ്യാമോ?”

“ അതിനെന്താ… ഞാന്‍ കോഴിക്കോടുണ്ട്. വരാന്‍ പറയൂ.”

“ സോറി.. അഷ്റഫ് കൊച്ചിയിലാണ്. ഞങ്ങളുടെ ഓഫീസ് കൊച്ചിയിലാണ്. അവിടെ ചെന്നു കാണാമോ..?”

ആ സ്ത്രീയുടെ സംസാരം കേട്ടപ്പോള്‍ നിവിന് ദേഷ്യം വന്നു.

അവരുടെ മാനേജരെ താന്‍ കൊച്ചിയില്‍ ചെന്നു കാണണമെന്നോ..

നിവിന്‍ തുറന്നടിച്ചു

“ ഹലോ സാന്ദ്രാ നെറ്റിക്കാടന്‍, നിങ്ങളുടെ മാനേജരെ കാണാന്‍ എനിക്കു കൊച്ചി വരെ വരാന്‍ കഴിയില്ല. അയാളോട് വെണമെങ്കില്‍ എന്നെ ഇവിടെ വന്നു കണാന്‍ പറയൂ. അഥവാ നിങ്ങള്‍ ഓഫീസിലുണ്ടെങ്കില്‍ ഞാന്‍ അവിടേക്കു വരാം. അതാണ് സാമാന്യ മര്യാദ.”

മറുപുറത്ത് ഏതാനും നിമിഷങ്ങള്‍ നിശബ്ദമായി.

“ ഓക്കേ നിവിന്‍. ഞാന്‍ വൈകീട്ട് കൊച്ചിയിലെത്താം. അങ്ങോട്ട് വരില്ലേ…?”

“ ഷുവര്‍..”

നിവിന്‍ പറഞ്ഞവസാനിപ്പിച്ച് ഫോണ്‍ വച്ചു.

ഒന്നു ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു വന്നപ്പോഴേക്കും പ്രൊഡക്ഷന്‍ കണ്ട്രോളര്‍ പാപ്പനംകോട് സാബുവിന്‍റെ വിളി വന്നു.

“ എന്താ സാബു?”

“ സാന്ദ്രാ നെറ്റിക്കാടന്‍ വിളിച്ചിരുന്നു അല്ലേ സാറേ?”

“ ഉവ്വ്.”

“ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ഞാനാണ് കേട്ടോ.”

“ അത് നന്നായി. ആരാ ഡയറക്ടര്‍..?”

“ അത് .. സാറിനോട് ചോദിച്ചിട്ടല്ലേ ചെയ്യൂ.”

“ ങും..”

നിവിന്‍ ഒന്നുമൂളി..

സാബു തുടര്‍ന്നു:

“ ഞാന്‍ വിളിച്ചതേ, സാറിനുള്ള വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് പറയാനാണ്.”

“ ഞാനങ്ങു വന്നോളാം സാബു.”

“ അതു പോരാ… അവരുടെ പ്രൊഡക്ഷന്‍ കമ്പനിയുടെ വണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൊച്ചിയില്‍ സമീറ റസിഡന്‍സിയില്‍ സാറിന് റെസ്റ്റ് ചെയ്യാന്‍ റൂമും ബുക്ക് ചെയ്തിട്ടുണ്ട്. വണ്ടിയുമായി ഡ്രൈവറോട് എത്ര മണിക്ക് വരാന്‍ പറയണം?”

“  പന്ത്രണ്ട് മണിക്ക് വരാന്‍ പറയ്..”

“ ശരി സാര്‍.”

000000

നെറ്റിക്കാടന്‍ പ്രൊഡക്ഷന്‍സിന്‍റെ ബ്ലാക്ക് കളറുള്ള ഒരു ജാഗ്വാറായിരുന്നു നിവിന് വേണ്ടി വന്നത്.

ഡ്രൈവര്‍ ഇരുണ്ട നിറമുള്ള ഒരു കുള്ളനായിരുന്നു.

കുറ്റിത്താടിയുള്ള അയാളുടെ മുഖത്ത് ഹാസ്യദ്യോതകമായ ഒരു ചിരി എപ്പോഴുമുണ്ടായിരുന്നു.

നിവിന്‍ ബാക്ക് സീറ്റില്‍ ചാരിക്കിടന്നുകൊണ്ട് ഡ്രൈവറെ നോക്കി.

റിയര്‍ വ്യൂ മിററിലൂടെ ഡ്രൈവര്‍ ഇടക്കിടെ ത്ന്നെ പാളിനോക്കുന്നത് നിവിന്‍ കണ്ടു.

“ എന്താ തന്‍റെ പേര്?”

നിവിന്‍ ചോദിച്ചു

“ ബിജുക്കുട്ടന്‍ . .. പാപ്പാളി ബിജൂന്ന് പറയും.”

“ ആര് പറയും…?”

നിവിന്‍റെ മറുചോദ്യം കേട്ട് ബിജുക്കുട്ടന്‍ ഒന്നു പതറി.

“ അല്ലാ … അത് .. സാറേ ഇന്‍ഡ്സ്ട്രിയില്‍ പൊതുവേ ഞാന്‍ അറിയപ്പെടുന്നത് അങ്ങനാണ്…പാപ്പാളി ബിജു..”

“ ഇന്‍ഡസ്ട്രീന്ന് പറഞ്ഞാല്‍ . .അത് ആത് വകുപ്പാണ്..?”

“ ഫിലിം ഇന്‍ഡസ്ട്രി… ഓ സാറ് ആക്കിയതാണല്ലേ..!”

“ ആക്കിയതല്ല ബിജൂ.. അങ്ങനെ ആയിപ്പോയതാ..”

പിന്‍ സീറ്റിലിരിക്കുന്നയാളുടെ ക്യാരക്ടര്‍ മനസിലായപ്പോള്‍ ബിജു ഒന്നിളകിയിരുന്നു.

“ സാറേ.. സാര്‍ ആ ചാഞ്ഞിരിക്കുന്ന സീറ്റുണ്ടല്ലോ. അതില്‍ ആരൊക്കെ ഇരുന്നിട്ടുണ്ടെന്നറിയാമോ?”

“ ആ..”

“ മോഹന്‍ ലാല്‍, മമ്മൂട്ടി, കമലഹാസന്‍, അമിതാബ് ബച്ചന്‍….!!”

“ അപ്പോ ആറുവിന്‍റെ കാര്യം വിട്ടുപോയോ?”

“ ആറുവോ .. അതാരാണ്?”

“ ആറുവും ബിജുവും കട്ടക്കമ്പനിയാണെന്നാണല്ലോ ഇന്‍ഡസ്ട്രിയിലെ മൊത്തം സംസാരം.”

“ ആറുവോ.. ഞാനറിയാതെ.. അതാരാപ്പാ.?”

ബിജുക്കുട്ടന്‍ കണ്‍ഫ്യൂഷനിലായി.

“ ആര്‍നോള്‍ഡ് ഷ്വൈസനഗര്‍…”

നിവിന്‍ ക്ലിയറാക്കി.

ബിജുക്കുട്ടന്‍ അതുകേട്ട് തിരിഞ്ഞുനോക്കി

“ സാറേ… സാറു പുലിയാണ് കേട്ടോ..”

ബിജുക്കുട്ടന്‍ രസികനായിരുന്നു. അയാള്‍ ജാഗ്വാര്‍ പറത്തി വിടുകയായിരുന്നു.  കോഴിക്കോട് കൊച്ചി മിനിമം നാലു മണിക്കൂറെങ്കിലും വേണം ഓടിയെത്താന്‍.

പക്ഷേ രണ്ടര മണിക്കൂറുകൊണ്ട് വണ്ടി അങ്കമാലിയിലെത്തി.

ലോക്കഡൗണ്‍ ആയതുകൊണ്ട് നിരത്തില്‍ തിരക്ക് പൊതുവേ കുറവായിരുന്നു. അതുകൊണ്ട് ബ്ലോക്കും കുറവായിരുന്നു.

അങ്കമാലി കഴിഞ്ഞ് കാറ് മുന്നോട്ടു നീങ്ങവേ റോഡരികില്‍ നിന്ന് ഒരു യുവതി കൈ കാണിക്കുന്നത് ദൂരെ നിന്നേ ഇരുവരും കണ്ടു.

ഹോളിവുഡില്‍ നിന്നിറങ്ങി വന്ന ഒരു മോഡലിനെപ്പോലെ സുന്ദരിയായിരുന്നു ആ സ്ത്രീ.

ചുവന്ന വെല്‍വെറ്റ് ഡ്രസ്. മുട്ടറ്റം ഇറക്കമുള്ള ഒരു സ്ലീവ് ലെസ് ഡ്രെസ് ആയിരുന്നു അത്.

ചുണ്ടുകളിലെ കടുംചുവപ്പ് ലിപ്സറ്റിക് ആ തുടുത്ത വെളുത്ത മുഖത്തിന് മാറ്റുകൂട്ടി.

ബ്രൗണ്‍ നിറമുള്ള മുടി.

റോഡരികില്‍ ഒരു വെളുത്ത ഔഡി കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്.

“ സാറേ ഓള് വണ്ടിയുടെ ബ്രാന്‍ഡ് നോക്കിയാണട്ടോ കൈ കാണിക്കുന്നത്.”

ബിജു പറഞ്ഞു.

“ ഒന്നു ചവിട്ടു ബിജൂ.. ഇത് ഏതാ കക്ഷിയെന്ന് അറിയട്ടെ..”

“ ഓ .. ഓ.. ചവിട്ടിയേക്കാം..”

ബിജു കാര്‍ സൈഡിലേക്കൊതുക്കി.

യുവതി  കാറിന്‍റെ ബാക്കിലെ ഗ്ലാസിനടുത്തേക്ക് വന്നു

ബിജു ആ വിന്‍ഡോ താഴ്ത്തിക്കൊടുത്തു.

“ ഐ ഹാവ് റ്റു ഗോ റ്റു നെടുമ്പാശേരി എയര്‍പ്പോര്‍ട്ട. മേ ഐ ഹാവ് എ ലിഫ്റ്റ്. ..? മൈ കാര്‍ കേം റ്റു സ്റ്റാന്‍ഡ് സ്റ്റില്‍ ഓണ്‍ ദ വേ..”

നിവിന്‍, ബിജുക്കുട്ടനെ നോക്കി.

ബിജുക്കുട്ടന്‍ പറഞ്ഞു:

“ അത്താണി എയര്‍പോര്‍ട്ട് എന്‍ട്രന്‍സില്‍ ഇറക്കിയാല്‍ മതിയോ..?”

“ ഓ….ഇറ്റ്സ് ബീന്‍ ഫിഫ്റ്റീന്‍ മിനിറ്റ്സ് സിന്‍സ് ഐ കാള്‍ഡ് എ യൂബര്‍ ടാക്സി. ടാക്സി ഹാസ് നോട്ട് അറൈവ്ഡ് യെറ്റ്. ഇഫ് ഇറ്റീസ് സ്റ്റില്‍ ലേറ്റ് ദി ഫ്ളൈറ്റ് വില്‍ ബി മിസ്ഡ്… പ്ലീസ് ഹെല്‍പ് മി..”

“ ഷുവര്‍.. പ്ലീസ് ഗെറ്റ് ഇന്‍..”

നിവിന്‍ പറഞ്ഞു

അവര്‍ ബാക്ക് സീറ്റില്‍ നിവിനോടൊപ്പം ഇരുന്നു.

ഇംപീരിയല്‍ മജസ്റ്റിയുടെ നനുത്ത ഗന്ധം നാസികയിലടിച്ചു.

“ വാട്ട്സ് യൂവര്‍ നേം..?”

നിവിന്‍ ചോദിച്ചു

അവര്‍ തല ചെരിച്ച് നിവിനെ നോക്കി, ഒരു പ്രത്യേകഭാവത്തില്‍. എന്നിട്ടു പറഞ്ഞു

“ സില്‍വിയ ഹസാരിക!”

“ വാട്ട് ഡു യു ഡൂ..?”

“ ഐ ആം എ സൗത്തിന്ത്യന്‍ കോര്‍ മാനേജര്‍ ഓഫ് എ മള്‍ട്ടി നാഷണല്‍ കമ്പനി.”

“ വിച്ച് കമ്പനി..?”

“ സ്കോട്ട്ലാന്‍ഡ് ഐ ഒ സി. “

നിവിന്‍ അവരറിയാതെ അവരെ ആപാദചൂഡം ശ്രദ്ധിച്ചു.

ഒരു ഇന്‍റര്‍നാഷണല്‍ മോഡലിന്‍റെ രൂപവും ഭാവവും മാനറിസങ്ങളുമാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്.

“ സര്‍ പ്ലീസ് ഇന്‍ട്രോഡ്യൂസ് യൂ.. “

അവര്‍ പൊടുന്നനേ നിവിന് നേരേ തിരിഞ്ഞിരുന്നു.

ഷാര്‍പ്പായി എഴുതിയ കണ്ണുകളുടെ മൂര്‍ച്ച നിവിനെ അലോസരപ്പെടുത്തി.

“ ഐം എ സ്ക്രിപ്റ്റ് റൈറ്റര്‍ …..”

നിവിന്‍ വിമ്മിഷ്ടത്തോടെ പരിചയപ്പെടുത്തുന്നതിനിടെ അവരുടെ മൊബൈല്‍ ശബ്ദിച്ചു.

“ ഡ്രൈവര്‍, പ്ലീസ് കാന്‍സല്‍ ദാറ്റ് ടാക്സി. വൈ ആര്‍ ദേ ലേറ്റ് റ്റു കം. ഐ ഗോട്ട് എ ലിഫ്റ്റ്..”

അവര്‍ അല്‍പം നീരസത്തോടെ കാള്‍ കട്ട് ചെയ്തു.

എന്നിട്ട് നിവിന് നേരേ പുഞ്ചിരിയോടെ തിരിഞ്ഞു.

“ വാട്ട് ഡിഡ് യൂ സേ..?”

“ യേസ് . .ഐ ആം എ സ്ക്രിപ്റ്റ് റൈറ്റര്‍ .. ഇന്‍..”

നിവിന്‍ അത് പറഞ്ഞുപൂര്‍ത്തിയാക്കുന്നതിന് മുമ്പ് അവര്‍ മൗബൈല്‍ എടുത്ത് വിളിച്ചു

“ ഹലോ. . ഡ്രൈവര്‍.. യൂ ഹാവ് റ്റു വേയ്റ്റ് ദേര്‍ അണ്‍ടില്‍ ദി എക്സിക്യൂട്ടീവ് കംസ് ഫ്രം ദ കാര്‍ കമ്പനി ഓഫീസ്… ഓക്കേ.”

ആ സ്ത്രീ ഫോണ്‍ ഓപ് ചെയ്ത് വീണ്ടും നിവിന് നേരേ തിരിഞ്ഞു.

“ ആന്‍ഡ് ടെല്‍ മീ..”

നിവിന് ദേഷ്യം വന്നു.

റിയര്‍വ്യൂ മിററിലൂടെ ബിജുക്കുട്ടന്‍റെ മുഖം കണ്ടു.

അവന്‍റെ മുഖത്ത് സ്വതവേയുള്ള പരിഹാസച്ചിരിക്ക് ഇത്തിരി മൂര്‍ച്ചകൂടിയെന്ന് തോന്നി.

നിവിന്‍ ഒന്നും മിണ്ടാതെ മൊബൈലിലെ ഫേസ്ബുക്ക് തുറന്നു.

യുവതി പിന്നേയും വിളിച്ചു

“ സര്‍..?”

“ യൂ കാന്‍ സേര്‍ച്ച് ഫോര്‍ മീ ഓണ്‍ ഗൂഗിള്‍ . .നിവിന്‍ സുബ്രഹ്മണ്യന്‍…”

നിവിന്‍ ഗൗരവത്തില്‍ പറഞ്ഞു.

“ ഓഹ്..”

യുവതി അവരുടെ മൊബൈലില്‍ ഗുഗിളെടുത്ത് നിവിനെ തിരഞ്ഞു.

അവരുടെ മുഖത്ത് അത്ഭുതം വിരിഞ്ഞു.

“ ഫന്‍റാസ്റ്റിക് . .ആര്‍ യൂ ദാറ്റ് ഗ്രേറ്റ് പേര്‍സണ്‍..”

നിവിന്‍ അവരെ നോക്കിയില്ല, പകരം റിയര്‍വ്യൂ മിററിലൂടെ ബിജുക്കുട്ടനെ നോക്കി.

അവന്‍റെ ഇളിഭ്യമായ മുഖം.

“ ലെറ്റ് മീ ടേക് എ സെല്‍ഫി വിത്ത് യൂ … സര്‍”

യുവതിയുടെ പ്രകാശമാനമായ മുഖം നിവിന് നേരേ നീണ്ടു.

“ ഓഹ് ..ഷൂവര്‍..”

കാറിന്‍റെ ചെറിയ വിസ്താരത്തില്‍ സെല്‍ഫി എടുക്കുക പ്രശ്നമായിരുന്നു. അവള്‍ പരമാവധി ചേര്‍ന്നിരുന്ന് നിവിന്‍റെ കവിളിനോട് കവിള്‍ ചേര്‍ത്ത് ഒരു സെല്‍ഫി എടുത്തു.

“ ബ്യൂട്ടിഫുള്‍..”

അവള്‍ സ്വന്തം മൊബൈലിലെ സെല്‍ഫി ആസ്വദിച്ചുകൊണ്ട് പറഞ്ഞു

അപ്പോഴാണ് നിവിന്‍ ആര്യാദേവിയെ കുറിച്ച് ഓര്‍ത്തത്.

അവന്‍ കാറിന്‍റെ അരികിലേക്ക് നീങ്ങിയിരുന്നു.

ബിജുക്കുട്ടന്‍ റിയര്‍വ്യൂ മിററിലൂടെ ഒരു കള്ളച്ചിരി പാസാക്കി.

പൊടുന്നനെ ബിജു കാര്‍ ആഞ്ഞു ചവിട്ടി.

കാല്‍ ഒരു കുലുക്കത്തോടെ നിന്നു.

“ എന്തു പറ്റി?”

നിവിന്‍ ഉത്ക്കണ്ഠയോടെ ബിജുവിനോട് ചോദിച്ചു.

ബിജുവിന്‍റെ കണ്ണുകള്‍ റോഡിലായിരുന്നു.

നിവിന്‍ അങ്ങോട്ട് നോക്കി

റോഡിന് കുറുകേ ഒരു ഓഫ് വൈറ്റ് ഇന്നോവ വട്ടം കയറ്റി നിര്‍ത്തിയിരിക്കുന്നു.

അതിന്‍റെ ഡോറുകള്‍ തുറക്കപ്പെട്ടു.

പൊടുന്നനെ മൂന്ന് പേര്‍ ചാടിയിറങ്ങി വന്നു.

ബിജു പരിഭ്രമത്തോടെ നിവിനെ നോക്കി.

നിവിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല.

“ വാട്ട് ഹാപ്പെന്‍സ്..?”

സില്‍വിയ ആശങ്കയോടെ ചോദിച്ചു.

ചെറുപ്ക്കാരിലൊരാള്‍ ഡ്രൈവിങ്ങ് സീറ്റിലെ വിന്‍ഡോക്ക് അടുത്ത് വന്ന് ഒരു പിസറ്റള്‍ എടുത്ത് ഗ്ലാസിനോട് ചേര്‍ത്തു.

എന്നിട്ട് ഡോര്‍ തുറക്കാന്‍ ആംഗ്യം കാണിച്ചു.

ബിജു നിവിനെ നോക്കി.

നിവിന്‍ റോഡിലാകെ നോക്കി.

റോഡ് വിജനമാണ്. അത്താണിക്ക് മുമ്പുള്ള ഏതോ സ്ഥലമാണ്.

ചെറുപ്പക്കാരന്‍ എന്തോ ആക്രോശിച്ചുകൊണ്ട് വിന്‍ഡോ ഗ്ലാസില്‍ പിസറ്റള്‍ പിടി കൊണ്ട് ആഞ്ഞിടിച്ചു

ചില്ലില്‍ ഒരു ക്രാക്ക് വീണു.

ബിജു അതോടെ തളര്‍ന്നുപോയി.

അവന്‍ ഡോറുകള്‍ ഓപണ്‍ ചെയ്തു കൊടുത്തു.

പിന്‍സീറ്റില്‍ അപ്പുറവും ഇപ്പുറവുമായി ഓരോരുത്തരും മുന്സീറ്റീല്‍ ഒരുവനും കയറി.

മുന്‍സീറ്റില്‍ കയറിയവന്‍റെ കൈയില്‍ പിസ്റ്റലുണ്ടായിരുന്നു.

അവന്‍ അതുകൊണ്ട് താടി ചൊറിഞ്ഞുകൊണ്ട് നിവിനെ നോക്കി.

“ സോറി നിവിന്‍ സാറേ. .ഇതൊരു ക്വട്ടേഷനാണ്. “

“ ആര് തന്ന ക്വട്ടേഷന്‍?”

“ അതൊന്നും സാറ് അറിയണ്ട… “

അയാള്‍ പരുക്കനായി അതു പറഞ്ഞിട്ട് വായ് പൊളിച്ചിരിക്കുന്ന ബിജുക്കുട്ടനോട് ആക്രോശിച്ചു

“ വണ്ടിയെടുക്കടാ . ….. മോനേ.. ഒരമ്പതേ പോയാ മതി. .. സ്ഥലം ഞാന്‍ പറയും.. അവിടെ എത്തിക്കണം.”

ബിജുക്കുട്ടന്‍ വണ്ടി മുന്നോട്ടെടുത്തു.

കുറുകേ കിടന്ന ഇന്നോവ ഇതിനോടകം സ്ഥലം വിട്ടിരുന്നു.

മുന്‍സീറ്റിലിരുന്ന ഗുണ്ട കൈത്തോക്കുമായി പിന്നോട്ടു തിരിഞ്ഞിരുന്നു

“ പിന്നെ നിവിന്‍ സാറേ… എന്‍റെ പേര് യമഹ ഷാജി…. സാറിനെ ഒന്നു പൂട്ടാനായിട്ട് ഫോര്‍ട്ട്കൊച്ചീന്ന് കിട്ടിയ ക്വട്ടേഷനാണ്. വേറൊരു പ്ലാനായിരുന്നു ഉണ്ടായിരുന്നത്. ഒരു ഹണിട്രാപ്പ്. അപ്പോഴാണ് നുമ്മട പോലീസ് ഏമാന്മാര്‍ വഴി അറിഞ്ഞത് സാറിനോരു പണി കിട്ടി എന്ന്. സീക്രട്ടാക്കി വച്ചേക്കുവാരുന്നു കള്ളന്‍ .. ല്ലേ”

അതും പറഞ്ഞ് യമഹാ ഷാജി യുവതിയെ ചുഴിഞ്ഞു നോക്കി

“ ആ ഐറ്റമാണോ സാറേ ഇത്…?”

യുവതി തല താഴ്തി ഇരുന്നു.

“ ചേച്ചി തല പൊക്കി ഒന്നു നോക്കിയേ . .ഷാജി ആ ഫേയ്സ് ഒന്നു കാണട്ടെ.”

ഷാജി യുവതിയുടെ താടിയില്‍ കൈ പിടിച്ചു

യുവതി പൊടുന്നനെ ആ കൈ തട്ടിക്കളഞ്ഞിട്ട് കോപത്തോടെ അലറി

“…മോനേ.. എന്‍റെ ദേഹത്ത് തൊട്ടാല്‍ നിന്‍റെ കൈ ഞാന്‍ വെട്ടും..”

നിവിനും ബിജുവും അമ്പരന്ന് അവളെ നോക്കി.

പച്ച മലയാളം.. നല്ല ഒന്നാന്തരം പച്ചത്തെറി.

“ അടങ്ങിയിരിക്കെടി അവിടെ..!”

അവളുടെ സൈഡില്‍ കയറിപ്പറ്റിയവന്‍ അവളെ ബലമായി പിടിച്ചിരുത്തി.

“ ഇതാരാ സാറേ..?”

ഷാജി നിവിനോട് ചോദിച്ചു.

“ എനിക്കറിയത്തില്ല…. റോഡില്‍ നിന്ന് ലിഫ്റ്റ് ചോദിച്ച് കയറിയതാ… “

നിവിന്‍ യുവതിക്ക് നേരേ തിരിഞ്ഞു

“ നീയാരാണ് സത്യം പറയ്.. നിനക്ക് നല്ലൊന്നാന്തരാമായിട് മലയാളം അറിയാമല്ലോ. പിന്നെ ഞങ്ങളെ പൊട്ടന്‍ കളിപ്പിച്ചത് എന്തിനാണ്?”

യുവതി ഒന്നും മിണ്ടിയില്ല

നിവിന്‍ ഷാജിക്ക് നേരേ തിരിഞ്ഞു.

“ അതുപോട്ടെ എന്താ നിങ്ങടെ പ്ലാന്‍…?”

“ സാറേ .. സാറ് ഞങ്ങളോട് സഹകരിക്കണം…. ഞാന്‍ വളരെ മര്യാദക്കാണ് പറയുന്നത്. അത് സാറിന്‍റെ ഓഞ്ഞ കഥയോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല. എന്‍റെ പണി ഒന്നു ലഘൂകരിക്കാനാണ്. തമ്മനത്തെ ഒരു ഫ്ളാറ്റില്‍ സാറിനെ എത്തിച്ചു കൊടുക്കണം. അത്രയേയുള്ളൂ എന്‍റെ ഡ്യൂട്ടി അതുവരെ സഹകരിക്കണം. എടാ ഡ്രൈവറേ പാലാരിവട്ടത്ത് ചെന്നിട്ട് സൗത്ത് ജനതാ റോഡീക്കേറണം.. ബാക്കി ഞാന്‍ പിന്നെ പറയാം .. വണ്ടി പോട്ടെ…”

നിവിന്‍ ആ ഗുണ്ടയുടെ രീതികള്‍ നോക്കി വിമ്മിഷ്ടത്തോടെ ഇരുന്നു.

അവന്‍റെ രക്തം തിളച്ചുകയറി.

“ എടോ എനിക്കിത്തിരി തിരക്കുണ്ട്.”

“ ആയിക്കോട്ടെ..”

ഗുണ്ട ചിരിച്ചു.

“ ആരാണ് നിനക്ക് ക്വട്ടേഷന്‍ തന്നത്.. ആ സ്റ്റെഫിനോ..?”

“ ആരായാലെന്താ സാറേ.. ?”

“ അവന്‍ പറഞ്ഞ പണത്തിലും ഇരട്ടി ഞാന്‍ തരാം.”

“ അതു സാറിന്‍റെ വളിച്ച കഥയിലെ സാദാ ക്ലീഷേയല്ലേ.. ഞങ്ങടെ തൊഴിലിന് ഒരു എത്തിക്സുണ്ട് സാറേ..”

യമഹ ഷാജി വേദാന്തിയെ പോലെ അത് പറഞ്ഞിട്ട് നിവിനെ തുറിച്ചുനോക്കി.

നിവിന്‍ പൊടുന്നനെ അയാളുടെ തോക്കില്‍ പിടിത്തമിട്ടു.

ഷാജി അതിവിദഗ്ദമായി തോക്ക് തിരികെ വാങ്ങിയിട്ട് തോക്കിന്‍റെ പിടികൊണ്ട് നിവിന്‍റെ തലയില്‍ ആഞ്ഞിടിച്ചു.

നിവിന്‍ ബോധം നഷ്ടപ്പെട്ട് സീറ്റിലേക്ക് കുഴഞ്ഞു വീണു.

സില്‍വിയ പരിഭ്രാന്തയായി.

ബിജുക്കുട്ടന്‍ ഭയപ്പാടോടെ കാര്‍ ഓടിച്ചുകൊണ്ടിരുന്നു.

0000000

“ ഡിജിപിക്ക് നിവിന്‍ സുബ്രഹ്മണ്യന്‍ കൊടുത്ത ഹണിട്രാപ്പ് പരാതിയെ ഫോളോ ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ നിവിനെ ഗോവയില്‍ ചെന്ന് കാണുന്നത്. ഒരു സാദാ കേസ് എന്നതില്‍ കവിഞ്ഞ് ഒരു പ്രാധാന്യവും ഞാന്‍ അതിന് കൊടുത്തിരുന്നില്ല. പക്ഷേ ഇന്ന് ഈ കേസ് ദുരൂഹതകളുടേയും കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടേയും കൂടാരമായി മാറിയിരിക്കുന്നു.”

എസ്പി നീരവ് സുബ്ര കോഴിക്കോട്ടെ തന്‍റെ ഔദ്യോഗിക ഓഫീസ് മുറിയിലിരുന്ന് സംസാരിച്ചു.

അദ്ദേഹത്തിന് മുന്നില്‍ സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കിള്‍ അജയ്, എസ്ഐമാരായ സുരേഷ്, റിയാസ് എന്നിവര്‍ ജാഗരൂകരായി നിന്നു.

നീരവ് സുബ്ര തുടര്‍ന്നു

“ ഈ കേസ് നിലവില്‍ കേരളപോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനം ആര്യാദേവിയുടെ മരണവും തുടര്‍ന്ന് മോര്‍ച്ചറിയില്‍ നിന്നും അവര്‍ ജീവനോടെ നടന്നു രക്ഷപ്പെടുന്നതുമാണ്. പോലീസിന്‍റെ ഏറ്റവും വലിയ വീഴ്ചയാണത്. സിസിടിവിയില്‍ വളരെ വ്യക്തമായി കാണാം. അവര്‍ മോര്‍ച്ചറി റൂമില്‍ നിന്നും നടന്ന് പുറത്തേക്കു വരുന്നത്. മരിച്ചുകിടന്ന സമയത്തെ അതേ വസ്ത്രങ്ങളാണ് അവര്‍ ധരിച്ചിരുന്നത് എന്നും കാണാം. പിന്നെ അവര്‍ മുറ്റത്തേക്ക് ഇറങ്ങി അപ്രത്യക്ഷമാകുന്നു. അതായത് ക്യാമറയുടെ പരിധിയില്‍ നിന്ന് നടന്നു മറയുന്നു.”

“ സര്‍ അത് ഉച്ച കഴിഞ്ഞുള്ള സമയമാണ്.”

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ തുടര്‍ന്നു:

“ മിക്കവാറും ആളുകള്‍ ഉച്ചമയക്കത്തിലാവും. പരിസരം തീര്‍ത്തും വിജനവുമാകും.”

“ പാറാവുപോലീസുകാരന്‍ ഉറങ്ങാമോ?”

“ സാര്‍ അത് സര്‍ക്കാര്‍ താലൂക്ക് ആശുപത്രിമോര്‍ച്ചറിയാണ്. അവിടെ പോലീസ് കാവലിലല്ല. ഉള്ളത് ആശുപത്രി സെക്യൂരിറ്റിയാണ്. അതൊക്കെ കണക്കാണ്..”

“ ആര്യാദേവിയുടെ നീക്കങ്ങളെയാണ് അനലൈസ് ചെയ്യേണ്ടത്. പൂജാരി മണിക്കുട്ടനുമായി ആര്യാദേവി വൈത്തിരിയിലെ റിസോര്‍ട്ടില്‍ താമസിക്കാന്‍ വരുന്നു. തലേദിവസം റൂമെടുത്തു എന്നതാണ് റിസോര്‍ട്ടിലെ രജിസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം തന്നെ ആര്യാദേവിയുടെ മുന്‍കാമുകനായ എബിന്‍ എബ്രഹാം, വെങ്കട് ശ്രീനിവാസന്‍ എന്ന കള്ളപ്പേരില്‍ അവിടെ റൂമെടുത്തിരുന്നു. പൂജാരിയെ കൊല്ലാന്‍ ആര്യാദേവി പറഞ്ഞ കാരണം എന്തു തന്നെയായാലും പൂജാരിയെ ഇരുവരും ചേര്‍ന്ന് കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി എന്നതാണ് സത്യം. അതായത് പൂജാരി എടുത്ത ഹട്ടിന്‍റെ പിന്നിലെ വാട്ടര്‍ ടാങ്കില്‍..”

“ അതെ. പിന്നീട് ആര്യാദേവി ആരുടേയും കണ്ണില്‍പ്പെടാതെ ആ രാത്രി തന്നെ എബിന്‍ എബ്രഹാമിന്‍റെ ഹട്ടില്‍ വന്നു. രാവിലെ ആര്യാദേവി അവരുടെ സുഹൃത്തായ രാഗിണിയെ കോഴിക്കോട്ടെ ഹോസ്റ്റലില്‍ നിന്ന് വൈത്തിരിയിലെ റിസോര്‍ട്ടിലേക്ക് വിളിച്ചു വരുത്തി. വെങ്കട് ശ്രീനിവാസനായി അഭിനയിക്കുന്ന എബിന്‍റെ ഭാര്യവേഷമാണ് രാഗിണി ചെയ്യേണ്ടത് എന്ന ആര്യ പറഞ്ഞുകൊടുക്കുന്നു. ഒരു വലിയ സ്യൂട്ട്കേസില്‍ ആര്യയെ ഇരുത്തി കാറില്‍ അവര്‍ ഇരുവരും കൂടി കോഴിക്കോട്ടേക്ക മടങ്ങി. രാഗിണിയുടെ ഹോസ്റ്റല്‍ റൂമില്‍ ആര്യയെ എത്തിച്ച ശേഷം എബിന്‍ അവന്‍റെ വീട്ടിലേക്ക് മടങ്ങി. അര്‍ദ്ധരാത്രിയിലാണ് ആര്യ കൊല്ലപ്പെട്ടതായി രാഗിണിക്ക് മനസിലാകുന്നത്.”

“ അതേ സര്‍ പക്ഷേ രാഗിണിയെ ആരോ പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി. അതോടെ അവരുടെ ബോധം പോയി. രാവിലെ റൂമില്‍ വന്ന മേട്രണ്‍ ആണ് സത്യാവസ്ഥ പോലീസില്‍ പറയുന്നത്. ഡോക്ടറുടെ ചെക്കപ്പില്‍ ആര്യ മരിച്ചിരുന്നു. ഒരു പകലും ഒരു രാത്രിയും ജഡം മോര്‍ച്ചറിയില്‍ സൂക്ഷിക്കപ്പെട്ടു. പിറ്റേന്ന് പകല്‍ ഉച്ചതിരിഞ്ഞാണ് ആര്യാദേവിയുടെ ജഡം മോര്‍ച്ചറിയില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് ഹോസ്പിറ്റലില്‍ നിന്ന് വിളി വരുന്നത്. സിസിടിവിയില്‍ നമ്മള്‍ പരിശോധിച്ചപ്പോള്‍ ആര്യാദേവി മോര്‍ച്ചറിയില്‍ നിന്നും എഴുന്നേറ്റുപോകുന്നതും കണ്ടു. അതിനടുത്ത ദിവസം രാവിലെ എബിന്‍ എബ്രഹാം അയാളുടെ വസതിയില്‍ ആത്മഹത്യ ചെയ്തു.”

“ എബിന്‍ എബ്രഹാം ആത്മഹത്യ ചെയ്യാന്‍ എന്താവും കാരണം. അയാള്‍ ഭാര്യ മീരക്ക് വികാരപരമായ ഒരു കത്താണ് എഴുതി വച്ചിരിക്കുന്നത്.”

“ സാര്‍ ആ കത്ത് ഇങ്ങനെയാണ്.”

അജയന്‍ ആ കത്ത് ഫയലില്‍ നിന്ന് എടുത്തു വായിച്ചു

“ എന്‍റെ പ്രിയപ്പെട്ട മീര, നീ എനിക്കു മാപ്പുതരുമോ എന്നറിയില്ല. ജീസസ് എന്നോട് പൊറുക്കുമോ എന്നും അറിയില്ല. എന്നാലും ഞാന്‍ നിന്‍റെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട് മാപ്പു ചോദിക്കുന്നു. നിന്നെ ഞാന്‍ വഞ്ചിച്ചതിന് എനിക്കുള്ള ശിക്ഷ ലഭിച്ചു. ഇനി ഞാന്‍ നിത്യതയിലേക്കു പോകട്ടെ. വഞ്ചനകളില്ലാത്ത അനശ്വരതയുടെ ലോകത്ത് എനിക്കു സമാധാനം ലഭിക്കുമെന്ന് ഞാന്‍ മോഹിക്കുന്നു. എന്‍റെ പിള്ളേരേ നീ പൊന്നുപോലെ നോക്കണം… വിട മോളേ…വിട..”

“ എബിന്‍ എന്തിന് ആത്മഹത്യ ചെയ്തു.. .അയാള്‍ പൂര്‍വ കാമുകിയായി ആര്യാദേവിയോടൊത്തു ജീവിക്കാനാണല്ലോ പൂജാരിയെ കൊന്നതും ഈ സാഹസമെല്ലാം കാണിച്ചതും.”

നീരവ് സുബ്ര അതു പറയുന്നതിനിടെ വാതിലില്‍ മുട്ടു കേട്ടു

“ യസ് കമിന്‍..”

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് സല്യൂട്ട് ചെയ്തിട്ടു പറഞ്ഞു:

“ സാര്‍ എബിന്‍ എബ്രഹാമിന്‍റെ മൊബൈലിലേക്ക ആ രാത്രി വന്ന കോളുകള്‍ പരിശോധിച്ചു. അതിന്‍റെ റിപ്പോര്‍ട്ട് കിട്ടി. ലാസ്റ്റ് കോള്‍ വന്നത് ഒരു പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ്. പത്ത് മിനിറ്റോളം സംസാരിച്ചിട്ടുണ്ട്.”

“ ഫോണില്‍ കോള്‍ റെക്കോര്‍ഡര്‍ എന്നും ഇല്ലായിരുന്നോ?”

“ ഇല്ല സാര്‍.”

“ ആ നമ്പറിന്‍റ ഉടമയെ കിട്ടിയോ?”

“ കിട്ടി സര്‍…. മുരുകന്‍ പെരുമാള്‍ എന്ന് ആളുടെ നമ്പറാണ്.”

“ അയാളെന്തു ചെയ്യുന്നു. എവിടത്തുകാരനാണ്.”

“ റോഡരികില്‍ വസ്ത്രം ഇസ്തിരിയിടുന്ന പാര്‍ട്ടിയാണ്. അയാളെ തപ്പി നമ്മുടെ ടീം പോയിട്ടുണ്ട് സാര്‍… പിന്നെ ആ കൊല്ലപ്പെട്ട പൂജാരിയുടെ സുഹൃത്ത് വാസുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സാര്‍. അയാള്‍ പുറത്തുണ്ട്… വിളിക്കട്ടെ?”

“ വരാന്‍ പറയൂ..”

വാസു എന്ന മനുഷ്യനെ ഒരു പോലീസുകാരന്‍ ആ റൂമിലേക്ക് കൊണ്ടുവന്നു.

തടിച്ച ശരീരം. ഒരു ടീഷര്‍ട്ടും ഒരു ലൂസ് പാന്‍റും ഷൂസും ധരിച്ചിട്ടുണ്ട്. കൈയില്‍ ഗോള്‍ഡന്‍ നിറമുള്ള വാച്ച്. മൊത്തം ഒരു പഴയഫോറിന്‍ ലൂക്ക്.

അയാള്‍ മുറിയില്‍ കയറി പോലീസുകാരെ പകച്ചു നോക്കി.

നീരവ് സുബ്ര വാസുവിനെ ആകമാനം നോക്കി:

“ എന്താണ് വാസു തന്‍റെ പണി?”

“ ജാതി സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ് സാറേ.”

“ അത് ഞങ്ങള്‍ക്ക് മനസിലായി, മണിക്കുട്ടന്‍ പൂജാരിയുടെ ജാതിസംഘടനയുടെ സംസ്ഥാന പ്രസിഡന്‍റല്ലേ. തന്‍റെ ശരിക്കും ജോലി എന്താണ്?”

“ റേഷന്‍ കടയില്‍ സാധനം തൂക്കലാണ്.”

“ പൂജാരിയെ എത്രനാളായി അറിയാം.”

“ എന്‍റെ സ്വന്തക്കാരനാണ് സാര്‍..?”

“ അയാള്‍ ആളെങ്ങനാണ്.”

“ തങ്കപ്പെട്ട മനുഷ്യനാണ് സാര്‍. സ്വാമിയെ പറ്റി ഇല്ലാവചനം പറയുന്നവന്‍റെ നാവു പുഴുത്തുപോകും. ഞങ്ങളുടെ ജാതി സംഘടനയുടെ ചങ്കും കരളുമാണ് അദ്ദേഹം.”

“ ഇപ്പോള്‍ പൂജാരി എവിടെയുണ്ട് വാസു?”

“ എനിക്കറിയില്ല സാര്‍. അദ്ദേഹം ദൂരെ ഇടങ്ങളിലൊക്കെ പൂജക്ക് പോകും. ലക്ഷങ്ങളാണ് ഫീസ്.”

“ പെണ്ണുങ്ങള്‍ പൂജാരിയുടെ ഒരു വീക്ക്നെസ് ആണല്ലേ വാസു?”

“ എന്‍റെ സാറേ, അസൂയാലുക്കള്‍ അങ്ങനെ പലതും പറയും. ആര്‍ക്കെന്താ പറഞ്ഞുകൂടാത്തത്.”

വാസു പറഞ്ഞു നിര്‍ത്തിയപ്പോള്‍ നീരവ് സുബ്ര മേശപ്പുറത്തെ ഫയലില്‍ നിന്ന് ഒരു ഫോട്ടോ വലിച്ചെടുത്ത് അയാളെ കാണിച്ചു:

“ ഇതാരാണെന്നറിയാമോ?”

അയാള്‍ ആ ഫോട്ടോ സൂക്ഷിച്ചുനോക്കി. എന്നിട്ടു പറഞ്ഞു:

“ ഇത് ആര്യാദേവിയല്ലേ… എന്‍റെ ഫേസ്ബുക്ക് ഫ്രണ്ടാണ്. നല്ല തങ്കപ്പെട്ട കൊച്ച്.”

“ നേരിട്ടു കണ്ടിട്ടുണ്ടോ?”

“ ഇല്ല സാര്‍.”

നീരവ് സുബ്ര മറ്റൊരു ഫോട്ടോ എടുത്തു കാണിച്ചു:

“ ഈ സ്ത്രീയെ നിങ്ങള്‍ നേരി്ട്ടു കണ്ടിട്ടുണ്ടോ?”

ആ ഫോട്ടോ കണ്ട് വാസു വിയര്‍ത്തു:

“ ഇത്….ഇത്…. ലേഖയല്ലേ..?”

“ അതെ…. ഇതാരാണ്?”

“ ഇതെന്‍റെ ഭാര്യയാണ്.. “

നീരവ് സുബ്ര ചിരിച്ചു.

“ ഇത് നിങ്ങളുടെ തങ്കപ്പെട്ട പൂജാരിയുടെ പേഴ്സില്‍ നിന്ന് കിട്ടിയതാണ്. തന്‍റെ ഭാര്യയുടെ ഫോട്ടോ എന്തിനാണ് പൂജാരി പേഴ്സില്‍ കൊണ്ടു നടക്കുന്നത്. പൂജിക്കാനാണോ..”

“ അവള്‍ ഞങ്ങളുടെ ജാതിസംഘടനയുടെ വനിതാസംഘത്തിന്‍റെ പ്രസിഡന്‍റാണ്.”

“ എന്‍റെ ദൈവമേ നിങ്ങളുടെ ജാതി സംഘടനയില്‍ പ്രസിഡന്‍റുമാരും സെക്രട്ടറിമാരുമല്ലാതെ അണികളാരുമില്ലേ..”

“ അത്….സാര്‍…”

വാസു പരുങ്ങി.

നീരവ് സുബ്ര അയാളെ ആകമാനം വീക്ഷിച്ചു

“ ഈ ഡ്രസും വാച്ചുമെല്ലാം ഫോറിനാ..?”

“ ലേഖ ബഹ്റിനിലാ സാറേ..നഴ്സാ.”

വാസു തല ചൊറിഞ്ഞു.

“ ആര്യാദേവിയും നിന്‍റെ ഭാര്യ ലേഖയും തമ്മില്‍ എന്താണ് ബന്ധം?”

നീരവ് സുബ്ര ചോദിച്ചു.

“ അത്.. പ്രത്യേകിച്ച് ഒരു ബ്ന്ധവുമില്ല സാറേ..”

വാസു പറഞ്ഞൊഴിയാന്‍ നോക്കി.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ പരുക്കന്‍ മുഖഭാവത്തോടെ എഴുന്നേറ്റു

എന്നിട്ടു വാസുവിന്‍റെ മുന്നില്‍ ചെന്നു നിന്നിട്ടു പറഞ്ഞു

“ ചോദിക്കുന്നതിന് സത്യം സത്യമായിട്ട് പറഞ്ഞാന്‍ നീ ഇവിടെ നിന്ന് ഈ രൂപത്തില്‍ പുറത്തേക്ക് പോകും. അല്ലെങ്കില്‍….”

അജയന്‍റെ ഭീഷണമായ മുഖം കണ്ട് വാസു ഭയന്നുപോയി.

“ സാറേ .. സാറു ചോദിക്കുന്നതിനൊക്കെ ഞാന്‍ മണിമണി പോലെ സത്യം പറഞ്ഞോളാം..

“ തിരക്കഥാകൃത്ത് നിവിന്‍ സുബ്രഹ്മണ്യനെ അറിയാമോ

“ ഓ അറിയാം… ഒരു നാറിയാ.. കുറേ ഓഞ്ഞ കഥകളഴുതിക്കൊണ്ട് നടക്കും. അവനെ ഞങ്ങടെ ജാതി സംഘടന പുറത്താക്കിയതാ.

“ അതെന്താ കാര്യം..?”

“ എന്നാ പറയാനാ സാറേ.. അവനൊരു നാറിയാ. എന്‍റെ അകന്ന ഒരു സ്വന്തക്കാരനാ.”

“ നാറിയാണ് എന്നു പറയാന്‍ എന്താ കാരണം.?”

“ പ്രത്യേകിച്ച് അങ്ങനെ കാരണമൊന്നുമില്ല…പിന്നെ പൂജാരി പറഞ്ഞു.. അവനൊരു നാറിയാണെന്ന്.. അദ്ദേഹം പറഞ്ഞാല്‍ ഞങ്ങളുടെ സംഘടനക്ക് അതാണ് പ്രമാണം.”

“ അതേയതെ ഒരേയൊരു പ്രസിഡന്‍റ്…”

പോലീസുകാര്‍ ചിരിച്ചു.

വാസു വല്ലാതായി.

നീരവ് സുബ്ര ഗൗരവത്തിലായി

“ മിസ്റ്റര്‍ വാസു.. ഇത് പറയൂ.. നിവിന്‍ സുബ്രഹ്മണ്യനെതിരെ ആര്യാദേവി എന്ന ഫ്രോഡിനെ ഒരു ഹണിട്രാപ്പിനായി ഇറക്കുക എന്ന തന്ത്രം ആരുടേതായിരുന്നു.”

വാസു പരുങ്ങി.

അജയന്‍ എഴുന്നേറ്റ് വാസുവിന്‍റെ ബെല്‍റ്റിന് പിടിച്ചു

“ സത്യം പറഞ്ഞാല്‍ നിനക്കു നല്ലത്… ഇല്ലേല്‍ ഞാന്‍ നേരത്തേ പറഞ്ഞല്ലോ

“ പറയാം സാറേ.. ഞാനെല്ലാം പറയാം…മൈസൂര്‍ നഴ്സിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലേഖയും ആര്യയും ഒരുമിച്ചായിരുന്നു പഠിച്ചത്. ആര്യാദേവിയുടെ കഥകളെല്ലാം ലേഖക്ക് നന്നായിട്ടറിയാം. ആര്യയുടെ ഒരു പ്രണയം പൊളിഞ്ഞുപോയതോടെ അവള്‍ മാനസികമായി തകര്‍ന്നു. അവള്‍ ഒരു മനോരോഗിയായി മാറി. അതോടെ അവള്‍ പുരുഷന്മാരെ വെറുത്തു. ആണുങ്ങളോടുള്ള പക അവള്‍ തീര്‍ത്തത് പ്രത്യേക രീതിയിലായിരുന്നു. ഓരോരുത്തരേയും പ്രണയം നടി്ച്ച് വശീകരിക്കും. മാനസികമായി തളര്‍ത്തും. പണം വാങ്ങും. ഒന്നോ രണ്ടോ മാസം അതിനകം അവള്‍ അയാളില്‍ നിന്ന് ഊറ്റാവുന്നതൊക്കെ ഊറ്റി വലിച്ചെറിയും, ഒരു യക്ഷിയെപ്പോലെ. അങ്ങനെ നിരവധി പേര്‍ ഇവളുടെ വലയില്‍ വീണു. ഫേസ്ബുക്കായിരുന്നു ഇവളുടെ പ്രധാന ആയുധം. ഫേസ്ബുക്കിലൂടെയാണ് ഇവള്‍ ഇരകളെ വേട്ടയാടിയത്. ലേഖ പറഞ്ഞിട്ടാണ് ഇവള്‍ നിവിനെ ഇരയാക്കുന്നത്.  നിവിന്‍റെ നമ്പറും കുടുംബപരമായ കാര്യങ്ങളും അവന്‍റെ വീക്ക്നെസുകളും എല്ലാം ലേഖയാണ് ആര്യക്ക് കൈമാറിയത്. അതുകൊണ്ടാണ് നിവിന്‍ ഈസിയായി അവളുടെ വലയില്‍ വീണത്.”

“സ്വന്തക്കാരാണ്, ജാതിക്കാരാണ് എന്ന വീക്ക് പോയിന്‍റാണ് അവര്‍ മുതലെടുത്തത്. അല്ലെങ്കില്‍ ഇത്തരം ഒരു സെറ്റപ്പില്‍ ചെന്ന നിവിനെ പോലൊരാള്‍ ചെന്നുവീഴുക അസാധ്യമാണ്.  അതായത് ആര്യദേവിയുടെ സ്വഭാവം കൃത്യമായി മനസിലാക്കിയിരുന്ന ലേഖക്ക് അറിയാമായിരുന്നു, നിവിനെ പരിചയപ്പെട്ടാല്‍ ആര്യ അവനെ തകര്‍ത്തു തരിപ്പണമാക്കിക്കൊള്ളുമെന്ന് അല്ലേ..?  

നീരവ് സുബ്ര ചോദിച്ചു.

വാസു തല താഴ്തി.

“ എന്താടോ വാസു ഇത്?”

“ അതല്ല സാറേ… ആ നിവിന്‍ എന്ന നാറിയെ പൂജാരിക്കിഷ്ടമല്ല, ലേഖക്കും ഇഷ്ടമല്ല.. അവന്‍ ഇനി കഥയെഴുതരുത് … പ്രശസ്തനാകരുത് … സാറേ..”

“ എടോ മനുഷ്യാ … ഇന്ന് മലയാളസിനിമയുടെ ട്രെന്‍ഡ് തീരുമാനിക്കുന്ന തിരക്കഥാകൃത്താണ് നിവിന്‍ സുബ്രഹ്മണ്യന്‍.  അയാള്‍ പ്രശസ്തനല്ലെന്ന് താനും ഭാര്യയും പൂജാരിയും പറഞ്ഞതുകൊണ്ടായില്ലല്ലോ. ആര്യാദേവിയൊക്കൊണ്ടൊന്നും അയാളെ ഒരു ചുക്കും ചെയ്യാന്‍ പറ്റിയിട്ടില്ല. ആര്യാദവി സ്വയം എരിഞ്ഞു തീര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിഷഗുളികയാണ്. അതെരിഞ്ഞുതീര്‍ന്നു. പക്ഷേ ഇപ്പോള്‍ നഷ്ടം തന്‍റെ ജാതി സംഘടനക്കാണെടോ..”

“ അതെന്താ സാറേ?”

“ നിങ്ങടെ പ്രസിഡന്‍റ് തീര്‍ന്നു.”

“ സാറേ..”

വാസു ചകിതനായി വിളിച്ചു.

“ അതേ വാസു. .വൈത്തിരിയിലെ ഒരു റിസോര്‍ട്ടില്‍ വച്ചു പൂജാരിയെ ആര്യാദേവി തീര്‍ത്തു.”

“ മുരുകാ.. പളനിയാണ്ടവാ..”

വാസു ചങ്കില്‍ കൈ വച്ച് വിളിച്ചു.

“ ആണ്ടവനെ വിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല വാസു..നിങ്ങടെ ജാതി സംഘടനക്ക് പുതിയ പ്രസിഡന്‍റിനെ അന്വേഷിക്ക്..”

“ അത് ഞാന്‍ തന്നെയാ സാറേ അടുത്ത പ്രസിഡന്‍റ്.”

വാസു സന്തോഷത്തോടെ പറഞ്ഞു.

“ അപ്പോ സെക്രട്ടറിയാരാ?”

“ റേഷന്‍ കടേല്‍ മണ്ണെണ്ണ അളക്കുന്ന ഒരു ബംഗാളിയുണ്ട്. അവനെ പിടിച്ചു സെക്രട്ടറിയാക്കാം.”

വാസു ആവേശത്തോടെ പറഞ്ഞു.

അപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ ചോദിച്ചു:

“ തനിക്കൊരു ഇരട്ടപ്പേരില്ലേ വാസു…?”

വാസു ഒരു നിമിഷം നിശബ്ദനായി

“ മണ്ടന്‍ വാസൂന്നല്ലേ. .അത് നിങ്ങള്‍ക്കൊക്കെയറിയാമോ?”

വാസു പറഞ്ഞതുകേട്ട് പോലീസുകാര്‍ ചിരിച്ചു.

പെട്ടെന്ന് ഒരു പോലീസുകാരന്‍ മുറിയിലേക്ക് ഓടി വന്നു:

“ സാര്‍..?”

“ എന്താടോ?”

“ ഒരു സുപ്രധാന വാര്‍ത്തയുണ്ട്.”

“ പറയൂ.”

നീരവ് സുബ്ര പറഞ്ഞതിന് മറുപടിയായി പോലീസുകാരന്‍ മുറിയിലെ ടിവി ഓണ്‍ ചെയ്തു.

ടിവി ചാനലുകളില്‍ വന്‍ ബ്രേക്കിങ്ങ് ന്യൂസ് സ്ക്രോള്‍ ആയി പൊയ്ക്കൊണ്ടിരുന്നു.

“ പ്രമുഖ തിരക്കഥാകൃത്ത് നിവിന്‍ സുബ്രഹ്മണ്യനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി.. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവര്‍ പാപ്പാളി ബിജു പരുക്കുകളോടെ ഓടിക്കയറിയത് പാലാരിവട്ടം സൗത്ത് ജനതാ റോഡിലുള്ള സംവിധായകന്‍ മിഖായേലിന്‍റെ വീട്ടിലേക്ക്. പാപ്പാളി ബിജുവിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍…”

സംവിധായകന്‍ മിഖായേലിന്‍റെ വീടിന് മുന്നില്‍ നിന്നുള്ള തല്‍സമയദൃശ്യങ്ങളായിരുന്നു എല്ലാ ചാനലുകളിലും.

“ മൈ ഗോഡ്..”

നീരവ് സുബ്ര തലക്ക് കൈ കൊടുത്തു.

വാസു അറിയാതെ പൊട്ടിച്ചിരിച്ചുപോയി

“ അവനങ്ങനെ തന്നെ വേണം.”

അയാള്‍ പറഞ്ഞു തീര്‍ത്തതിന് തൊട്ടുപിന്നാലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജയന്‍ അയാളുടെ കരണത്ത് ആഞ്ഞടിച്ചു.

കണ്ണിലൂടെ പൊന്നീച്ച പാറി വാസു വിറങ്ങലിച്ചു നിന്നു.

(തുടരും)

മുന്‍ഭാഗം വായിച്ചു തുടങ്ങാത്തവര്‍ക്കായി

One thought on “ഹണി ട്രാപ്പ്

Leave a Reply

Your email address will not be published. Required fields are marked *