ഹണി ട്രാപ്പ്

അദ്ധ്യായം അഞ്ച്

അനുരാഗത്തിന്‍റെ ചങ്ങലയും കണ്ണുനീരും

വിനോദ് നാരായണന്‍(boonsenter@gmail.com)

“എന്താണ് നിങ്ങളുടെ പേര്?”

“ശകുന്തള.”

“നിങ്ങള്‍ ഭര്‍ത്താവിനെ അവസാനമായി കാണുന്നത് എന്നാണ്?”

“സാറേ, അത് എന്നാണെന്ന് കൃത്യമായി എനിക്കോര്‍ക്കാന്‍ പറ്റുന്നില്ല. എന്നാലും പറയാം. രണ്ടാഴ്ച മുമ്പാണെന്ന് തോന്നുന്നു, തൃശൂര്‍ വടക്കുനാഥന്‍റെ ഗോപുരത്തിങ്കല്‍ വച്ചാണ് അവസാനമായി കാണുന്നത്. അന്ന് എനിക്കു കുറച്ചു പണം തന്നു. ഒരു കാറിലായിരുന്നു വന്നത്. കാറില്‍ മറ്റാരോ ഉണ്ടായിരുന്നു. ഒരു പക്ഷേ ആ നാശം പിടിച്ചവളായിരിക്കും.”

“ടാക്സിയായിരുന്നോ?”

“അറിയില്ല സാറേ, ഒരു വെളുത്ത വണ്ടി. പക്ഷേ ഡ്രൈവറുണ്ടായിരുന്നു.”

“പിന്നെ അയാളെ കണ്ടിട്ടേയില്ലേ?”

“ഇല്ല സാറേ..”

“ഫോണില്‍ വിളിച്ചില്ലേ?”

“ഞാന്‍ ഫോണ്‍ വിളിച്ചാല് അയാള്‍ എടുക്കാറില്ല. ഫേസ്ബുക്കീ കാണുന്ന പെണ്ണുങ്ങളെ അയാള്‍ അങ്ങോട്ട് വിളിച്ച് ചായ കുടിച്ചോ ചോറുണ്ടോന്ന് ചോദിച്ചോണ്ടിരിക്കും. എന്‍റെ കോള്‍ കണ്ടാല് കട്ട് ചെയ്യും. പിന്നെ നാലഞ്ചു ദിവസമായി അങ്ങേരുടെ ഫോണ്‍ സ്വിച്ചോഫായിരുന്നു. ഞാന്‍ അങ്ങേരുടെ ഫേസ്ബുക്ക് നോക്കാറുണ്ട്. അതില്‍ ഒരാഴ്ചയായി ആക്ടിവിറ്റിയൊന്നും ഇല്ലായിരുന്നു. എന്നെ ബ്ലോക്ക് ചെയ്തിട്ടിരിക്കുവായിരുന്നു.”

“പിന്നെങ്ങനെ നിങ്ങളയാളുടെ ഫേസ്ബുക്കില്‍ കയറി

“ഞാനൊരു ഫേക്ക് ഐഡി ഒണ്ടാക്കി സാറേ. കാരണം ഇയാള്‍ക്കു കുറേ കൂതറ പെണ്ണുങ്ങളുമായി ബന്ധമുണ്ട്. അതൊന്നും ഞാനറിയാതിരിക്കാനാണ് എന്നെ ബ്ലോക്ക് ചെയ്തത്. ഫേസ്ബുക്കില്‍ അയാള് ഭക്തിഗാനങ്ങളും ദൈവങ്ങളുടെ പടങ്ങളും പിന്നെ അയാളുടെ സ്വന്തം പ്രഭാഷണങ്ങളും പോസ്റ്റ് ചെയ്യും. കൈയിലിരിപ്പ് വേറേയാണെന്ന് മാത്രം.”

സ്റ്റേഷനിലെ ഒരു മുറിയില്‍ വച്ച് എസ്പി നീരവ് സുബ്ര മണിക്കുട്ടന്‍റെ ഭാര്യ ശകുന്തളയുടെ മൊഴിയെടുക്കുകയായിരുന്നു. നാല്‍പതിനോടടുത്ത് പ്രായമുണ്ടായിരുന്നു അവര്‍ക്ക്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹനീഫും നിവിന്‍ സുബ്രഹ്മണ്യനും ഒപ്പം ഉണ്ടായിരുന്നു. മണിക്കുട്ടന്‍റെ കൊലപാതകത്തെ കുറിച്ച് ആ സ്ത്രീയോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ല.

നീരവ് സുബ്ര ചോദിച്ചു:

“എന്തായിരുന്നു നിങ്ങളുടെ ഭര്‍ത്താവിന്‍റെ ജോലി?”

“പൂജാരിയായിരുന്നു. പിന്നെ ജ്യോതിഷവുമുണ്ടായിരുന്നു.”

“ഏതമ്പലത്തിലെ പൂജാരിയായിരുന്നു…?”

“അയാള്‍ക്കു സ്വന്തമായി ഒരു ചെറിയ മുരുക ക്ഷേത്രം ഉണ്ട്. അവിടെയാണ് ജ്യോതിഷവും പൂജയുമൊക്കെ നടക്കുന്നത്. ഒരു മുരുകസേവക്കാരനായിരുന്നു അങ്ങേര്. ആഭിചാരം ചെയ്യലായിരുന്നു പ്രധാന പണി.”

“അതെന്തു സംഗതിയാണ്?”

“അയ്യോ അത് ദുഷ്ടത്തരമാണ് സാറേ, ഓരോരോ വേണ്ടാത്ത കാര്യങ്ങള്‍ക്കാണ് ആളുകള്‍ അയാളുടെ അടുത്തു വരുന്നത്. ഒരിക്കല്‍ ഒരുത്തന്‍ വന്നത്, അവന്‍റെ സ്വന്തം ഭാര്യയുടെ അനിയത്തിയെ വെപ്പാട്ടിയായി കിട്ടാന്‍ വേണ്ടിയുള്ള പൂജ ചെയ്യാനായിരുന്നു. അമ്പതിനായിരം രൂപയാണ് എന്‍റെ കെട്ട്യോന്‍ അവന്‍റെ കൈയീന്ന് വാങ്ങിയത്.”

“എന്നിട്ട്?”

“എന്നിട്ടെന്തായെന്ന് ആര്‍ക്കറിയാം. പിന്നെ അങ്ങേര് ഗുരുതിയില്‍ നാളികേരം അകന്തല വെട്ടി ഒരു പ്രയോഗം ചെയ്യും. ഇണങ്ങി നില്‍്ക്കുന്ന ഭാര്യാഭര്‍ത്താക്കډാര്‍, സഹോദരډാര്, കാമുകീ കാമുകډാര് ഇങ്ങനെയൊള്ളവരെ പിണക്കാന്‍ ഈ കര്‍മം അയാള് ചെയ്യും. സ്നേഹമുള്ള സമയത്ത് എന്നോട് അയാളിതൊക്കെ പറഞ്ഞിട്ടുണ്ട്.  ഭാര്യയുടെ അനിയത്തിയെ വെപ്പാട്ടിയായി കിട്ടാന്‍ വേണ്ടി നടന്ന ഒരുത്തന്‍റെ കാര്യം പറഞ്ഞില്ലായിരുന്നോ. ആ പെണ്ണിന് വേറേ ഒരു കാമുകനുണ്ടായിരുന്നു. അവരെ പിരിക്കാന്‍ വേണ്ടി ഈ ദുഷ്ടന്‍ ആ കര്‍മം ചെയ്തന്നേ..”

“ശകുന്തളക്ക് ഇതിലൊക്കെ വിശ്വാസമുണ്ടോ?”

“വിശ്വസിക്കേണ്ടി വരും സാറേ.. അയാളുമായി സ്നേഹത്തിലായിരുന്ന സമയത്ത് ഇതെല്ലാം ഞാന്‍ അടുത്തു കണ്ടതല്ലേ..”

“ആ സ്ത്രീയെ ശകുന്തള കണ്ടിട്ടുണ്ടോ?”

“ഏത്.. പുതിയതായി അങ്ങേരുടെയൊപ്പം കൂടിയ സ്ത്രീയോ?”

“ങാ .. ആര്യാദേവി..”

“ഓ പേരൊന്നും എനിക്കറിയത്തില്ല… അയാളുടെയൊപ്പം പല സമയത്തും പല പെണ്ണുങ്ങളാ.. പതിമൂന്ന് വയസൊള്ള ഒരു പെങ്കൊച്ച് ഉണ്ട് അയാള്‍ക്ക്..അതറിയാവോ സാറിന്.. എന്നിട്ടാണ് ആ നാറി സ്വാമി വേഷം കെട്ടി കണ്ട പെണ്ണുങ്ങടെ കൂടെ നടക്കുന്നത്.. “

ശകുന്തള രോഷത്തോടെ പറഞ്ഞു.

അറിയാതെ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഡിവോഴ്സായില്ലേ..?”

“ഇല്ല സാറേ. …എത്രയൊക്കെയായാലും എനിക്ക അയാള് വേണമെന്നാണ്.. ഞാന്‍ അത്രക്ക് അയാളെ സ്നേഹിക്കുന്നുണ്ട് സാറേ.. പക്ഷേ ആ നാറിക്ക് അതറിയില്ല സാറേ.. ഡിവോഴ്സ് പേപ്പറില്‍ ഒപ്പിട്ടുകൊടുക്കാന്‍ പറഞ്ഞ് അയാളെന്നെ തല്ലിയിട്ടുണ്ട്. പക്ഷേ ഞാന്‍ ഒപ്പിട്ടു കൊടുത്തില്ല.. എനിക്കയാളെ വേണം.. എന്‍റെ അമൃത മോളുടെ തന്തയാണയാള്‍..”

ഒരു ഗദ്ഗദം ശകുന്തളയുടെ തൊണ്ടയില്‍ വന്നു തടഞ്ഞു.

നീരവ് സുബ്ര, നിവിനെയും ഹനീഫിനേയും നോക്കി.

ഹനീഫ് ഒരു കുപ്പി വെള്ളമെടുത്ത് മേശപ്പുറത്ത് വച്ചു

“വെള്ളം കുടിക്കൂ..”

നീരവ് സുബ്ര, ഹനീഫിനോട് ചോദിച്ചു:

“ഇയാളുടെ പേരില്‍ മുമ്പ് എന്തെങ്കിലും കേസുണ്ടോ..?”

“അത് തൃശൂര് സ്റ്റേഷനില്‍ തിരക്കേണ്ടി വരും സാര്‍.. ഞാന്‍ നോക്കാം..”

“ഇനിയിപ്പോ പതിയെ മതി…. ചത്ത കൊച്ചിന്‍റെ ജാതകം വായിച്ചിട്ട് ഇനി…”

നീരവ് സുബ്ര പറഞ്ഞു വന്ന്ത് പൊടുന്നനെ നിര്‍ത്തിയിട്ട് ശകുന്തളയെ നോക്കി.

“നിങ്ങളിപ്പോള്‍ താമസിക്കുന്നത് എവിടെയാണ്.

“കുന്നംകുളത്ത്.. ഒരു വാടകവീട്ടിലാണ്. ഞാനും എന്‍റെ മോളും മാത്രം. അങ്ങേര് ഇടക്കിടക്ക് കുറച്ചു പണം തരും. അതു കൊണ്ടെന്താകാനാണ് സാറേ. ഞാനൊരു തുണിക്കടയില്‍ സെയില്‍സ് ഗേളായി പോകുന്നു.

“അയാളെവിടാണ് താമസിക്കുന്നത്?”

“അയാളുടെ അമ്പലത്തിനടുത്ത് രണ്ട് മുറി കെട്ടിയുണ്ടാക്കി അതിലാണ് താമസം. പെണ്ണുങ്ങളൊക്കെ അവിടെ വരും. സൗകര്യമായല്ലോ..”

അതുകേട്ട് നീരവ് സുബ്ര, ഹനീഫിനെ നോക്കി:

“ഹനീഫേ അയാളുടെ ഓഫീസും ഈ പറയുന്ന അമ്പലവും പരിശോധിച്ചായിരുന്നോ?”

“അല്‍പം മുമ്പ് തൃശൂര്‍ പോലീസ് ടീം അവിടെ ചെക്ക് ചെയ്ത് ഒരു റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. അവരെല്ലാം അതേപടി സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് സാറിന് വിശദമായി പരിശോധിക്കാമല്ലോ. ഇന്ന് ഡിസംബര്‍ പതിനാല്. അഞ്ച് ദിവസത്തെ പത്രം വാതിലിന് മുന്നിലുണ്ട്. അതിനര്‍ത്ഥം ഡിസംബര്‍ എട്ടാം തീയതി വരെ അയാള്‍ അവിടെ ഉണ്ടായിരുന്നു എന്നാണ്. പിന്നെ ഒരു ജാതി സംഘടനയുടെ സംസ്ഥാന കമ്മറ്റി ഓഫീസ് എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്ത്രേ അയാളുടെ റൂമിന്‍റെ മുന്നില്‍..!”

നീരവ് സുബ്ര അതുകേട്ട് ശകുന്തളയെ നോക്കി..

“അതെന്താണ് ശകുന്തളേ, നിങ്ങളുടെ ഭര്‍ത്താവ് ഒരു ജാതി സംഘടന നടത്തിയിരുന്നോ?”

“പിന്നില്ലേ..!!”

ശകുന്തളയുടെ മുഖത്ത് പുച്ഛച്ചിരി പടര്‍ന്നു.

അവള്‍ ചിരിയോടെ തുടര്‍ന്നു:

“സ്വന്തമായി അങ്ങേര്‍ക്കൊരു ജാതി സംഘടനയുണ്ടായിരുന്നു. അതിന്‍റെ സംസ്ഥാന സെക്രട്ടറിയായിരുന്നു അയാള്. സംഘടനയുടെ പ്രസിഡന്‍റ് റേഷന്‍ കടയില്‍ പൊതി കെട്ടുന്ന വാസുവായിരുന്നു.”

“അതെന്തിനായിരുന്നു അത്?”

“ആ ചുമ്മാ പുളുവടിക്കാനായിരിക്കും.. ആ എന്തരവളെയൊക്കെ വളച്ചെടുത്തത് അങ്ങനായിരിക്കും.. പിന്നെ പുള്ളിക്ക് എന്തെങ്കിലുമൊക്കെ ആകണമായിരുന്നു.. ഇടക്കിടെ പുള്ളിക്കാരന്‍ കാശുമുടക്കി സ്വന്തമായി ഒരു സ്വീകരണവും ആദരിക്കലുമൊക്കെ സംഘടിപ്പിക്കാറുണ്ട്..”

“നിങ്ങടെ ഭര്‍ത്താവ് ആളു കോമഡിയാണല്ലോ..!”

ഹനീഫ് ചിരിച്ചു.

“അയാളു ദുഷ്ടനാണ് സാറേ.. പക്ഷേ എന്തായാലും എനിക്ക് പ്രിയപ്പെട്ടവനാണ്. അയാളെന്‍റെ നെറുകയില്‍ ചാര്‍ത്തിയ സിന്ദൂരത്തിന് അത്രമേല്‍ ശക്തിയുണ്ട്. എനിക്കയാളെ വേണം. അങ്ങേരേകുറിച്ച് എന്തേലും വിവരമുണ്ടോ സാറേ..?”

ശകുന്തള കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര് വിരല്‍കൊണ്ട് തുടച്ചു കളഞ്ഞു.

നിവിന്‍ ആ സ്ത്രീയെ നോക്കി.

അനുരാഗത്തിന്‍റെ തീക്ഷ്ണമായി ചങ്ങലയില്‍ ബന്ധിതയാണ് അവര്. അയാളോടുള്ള അടങ്ങാത്ത പ്രണയത്തിന്‍റെ കണ്ണുനീരാണ് അവരുടെ കണ്ണിലൂടെ പുറത്തു വരുന്നത്. നിവിന് അത്ഭുതം തോന്നി. ഇത്രമാത്രം ദ്രോഹിക്കപ്പെട്ടിട്ടും ആ സ്ത്രീ അവരുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നു. എങ്ങനെയാണ് അവര്‍ക്കതിന് കഴിയുന്നത്. അവരെ ഒരു പുഴുത്ത പട്ടിയെപ്പോലെ അവഗണിച്ചിട്ട് മറ്റ് സ്ത്രീകളോടൊപ്പം അപഥ സഞ്ചാരം നടത്തുന്ന ഹീനനായ ഒരു മനുഷ്യനെ അവര്‍ക്കെങ്ങിനെ സ്നേഹിക്കാന്‍ കഴിയുന്നു. അയാള്‍ മരണപ്പെട്ടു എന്നറിഞ്ഞാല്‍ ഇവരുടെ പ്രതികരണം എന്തായിരിക്കും. ആ മനുഷ്യനോടുള്ള ശകുന്തളയുടെ പ്രേമത്തെ വിശകലനം ചെയ്യാന്‍ നിവിന്‍ ശ്രമിച്ചുനോക്കി. ഒരു സൈക്കോളജിസ്റ്റിന്‍റെ കണ്‍കോണിലൂടെ നോക്കിയാല്‍ അവര്‍ക്ക് അയാളെ സ്നേഹിക്കാനേ കഴിയില്ല. പകരം കടുത്ത വെറുപ്പായിരിക്കും വന്നു നിറയുന്നത്. അവര്‍ക്ക് അയാളോട് വെറുപ്പുണ്ട് പക്ഷേ പ്രേമവുമുണ്ട്. ആ പ്രേമത്തിന്‍റെ അടിസ്ഥാനമാണ് നിവിനെ കുഴക്കിയത്. ആ സ്ത്രീ പറഞ്ഞതുപോലെ ഒരു മന്ത്രവാദിയുടെ വശ്യപ്രയോഗമോ അതോ സെക്ഷ്വ്ലി ഉള്ള ഒരു അടിമത്തമോ.

നിവിന്‍ അവരെ ആപാദചൂഢം നോക്കി.

അവര്‍ താലിയെടുത്ത് കണ്ണില്‍ ചേര്‍ക്കുന്നത് കണ്ടു

ആ ദൃശ്യത്തില്‍ നിന്നും നിവിന് അതിന്‍റെ ഉത്തരം കിട്ടി.

യേസ്.. അവര്‍ പ്രണയിക്കുന്നത് ആ താലിയേയാണ്, അയാളെയല്ല.

കഴുത്തില്‍ താലി ചാര്‍ത്തി എന്നതുകൊണ്ടു മാത്രം സ്നേഹിക്കാന്‍ വിധിക്കപ്പെട്ട സ്ത്രീ.

പാതിവ്രത്യത്തിന്‍റെ പാപ ഭയത്തിന് അനുരാഗത്തിന്‍റെ നിറം ചാര്‍ത്തുന്ന ശകുന്തളയെപ്പോലുള്ളവരെ ഇക്കാലത്ത് കണ്ടുകിട്ടുക അപൂര്‍വമാണ്.

ആര്യാദേവിയൊക്കെ ഇവരുടെ കാലുകഴുകി കുടിക്കേണ്ടി വരും.

“ഈ സ്ത്രീക്ക് വട്ടാണ്..”

നീരവ് സുബ്ര അടുത്തേക്ക് വന്ന  നിവിന്‍റെ കാതില്‍ പറഞ്ഞു.

“ആ മരങ്ങോടനെ കാമുകി കൊന്നു വെള്ളത്തില്‍ താഴ്തി എന്ന് എങ്ങനെ ഇവരോടു പറയും…?”

എസ്പി ധര്‍മ സങ്കടത്തിലായി.

“പക്ഷേ പറയാതിരിക്കാന്‍ പറ്റില്ലല്ലോ സാര്‍.”

  “അതു ശരിയാണ്. പക്ഷേ അവരോട് ആ വിവരം പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും ചോദിക്കാന്‍ പറ്റിയെന്ന് വരില്ല. അതിനു മുമ്പ് ചില കാര്യങ്ങള്‍ കൂടി ചോദിക്കട്ടെ.”

നീരവ് സുബ്ര അതു പറഞ്ഞിട്ട് ശകുന്തളക്ക് നേരേ തിരിഞ്ഞു:

“മിസിസ് ശകുന്തള, നിങ്ങള്‍ക്ക് ആര്യാദേവി എന്ന സ്ത്രീയെ അറിയാമോ?”

“ആര്… ഇപ്പോള്‍ അങ്ങേരോടൊപ്പമുള്ളവളോ?”

“അതെ… അവരെ കണ്ടിട്ടുണ്ടോ?”

“ഉവ്വ്.”

നീരവ് സുബ്ര ആര്യാദേവിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു

“ഇതാണോ നിങ്ങളുദ്ദേശിച്ച സ്ത്രീ?”

ഫോട്ടോ പരിശോധിച്ചിട്ട് അവര്‍ പറഞ്ഞു:

“അതേ സര്‍ … ഈ സ്ത്രീ തന്നെയാണത്. ഇവളോടൊപ്പമാണ് അങ്ങേര് പോയിരിക്കുന്നത്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മാക്സിമം ഒരാഴ്ച. അതില്‍കൂടുതലൊന്നും ഇവളെ കൊണ്ടു നടക്കില്ല അയാള്. അവളുടെ ശരീരത്തിന്‍റെ രുചിയറിഞ്ഞാല്‍ വലിച്ചെറിയും. അങ്ങനെയുള്ളവളുമാരേ അങ്ങേരുടെ പിറകേ കൂടുകയുള്ളൂ. പക്ഷേ എനിക്കറിയാവുന്ന ഒരു കാര്യം പറഞ്ഞോട്ടെ സാറേ.”

“പറയൂ..”

“ഇവളെയൊക്കെ അങ്ങേര് വീശീകരണ മന്ത്രം കൊണ്ട് വരുത്തുന്നതാണ്. ഒരു പെണ്ണ് ഇയാളുടെ കണ്ണില്‍ പെട്ടാല്‍, അവളെ ഇയാള്‍ക്ക് വേണമെന്ന് തോന്നിയാല്‍ അവളുടെ ദാമ്പത്യം ആഭിചാരം ചെയ്ത് തകര്‍ക്കുകയായിരിക്കും ഇയാള്‍ ആദ്യം ചെയ്യുന്ന പണി. ഭിന്നഭൈരവിയെ കൊണ്ട് ഭാര്യയേയും ഭര്‍ത്താവിനേയും ഭിന്നിപ്പിക്കും. പിന്നെ അവളെ സഹായിക്കാനെന്ന വ്യാജേന കൂടെ കൂടും. ഒടുവില്‍ അവളെ നശിപ്പിച്ച വലിച്ചെറിയും. അങ്ങനെ എത്രയെണ്ണത്തിനെ ഞാന്‍ കണ്ടതാ. ചിലതൊക്കെ വട്ടുപിടിച്ച് നടക്കുന്നുണ്ട്. പക്ഷേ എന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയത് ആ മനുഷ്യനാണ്. അതുകൊണ്ട് ആജീവനാന്തം അയാളെന്‍റെ സ്വന്തമാണ്.”

ശകുന്തളയുടെ മനസില്‍ ഭര്‍ത്താവിന് ദേവാസുര രൂപമാണ്.

സ്വന്തം താലിയെ പ്രണയിക്കുന്നവള്‍ക്ക് അത് ചെയ്തേ പറ്റൂ..

“പറയൂ ശകുന്തളാ, ആര്യാദേവിയെ നിങ്ങള്‍ക്ക് എങ്ങനെ അറിയാം?”

“എനിക്കാ സാധനത്തിനെ നേരിട്ട് അറിയത്തില്ല… “

ശകുന്തളയുടെ മുഖത്ത വെറുപ്പ് നിറഞ്ഞു.

“ഐ മീന്‍ .. നിങ്ങളുടെ ഏതെങ്കിലും റിലേഷന്‍.. അവര്‍ നിങ്ങളുടെ സ്വന്തം ജാതിയാണ്.. മാത്രമല്ല ഏകദേശം പതിനഞ്ച് വര്‍ഷം പഴക്കമുണ്ട് അവരുടെ ബന്ധത്തിന് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.”

നീരവ് സുബ്ര അത് പറഞ്ഞപ്പോള്‍ ശകുന്തള ഞെട്ടി.

“ങേ….അപ്പോള്‍ എന്നെ കല്യാണം കഴിക്കുമ്പോള്‍ അങ്ങേ ര്‍ക്ക്  ഇവളുമായി ബന്ധമുണ്ടായിരുന്നോ.

“യേസ്..ആ സ്ത്രീക്ക് ചൊവ്വാ ദോഷമുണ്ടെന്നും കല്യാണം കഴിച്ചാല്‍ ഭര്‍ത്താവ് മരിച്ചുപോകുമെന്നും ഇയാള്‍ പറഞ്ഞു. അക്കാരണത്താല്‍  അവര്‍ പ്രേമിച്ചയാളെ ആ സ്ത്രീ കല്യാണം കഴിച്ചില്ല.. വളരെ വൈകി ഒരു വര്‍ഷം മുമ്പ് മാത്രമാണ് ആ സ്ത്രീ വിവാഹിതയാകുന്നത്. അതും ഒരു മാസം മാത്രമേ ആ ബന്ധവും നീണ്ടു നിന്നുള്ളൂ.”

“ആ ദുഷ്ടന്‍ ആ സ്ത്രീയെ കബളിപ്പിച്ചതാണ്….പിന്നെ എന്തിനാണ് അയാളെന്നെ കല്യാണം കഴിച്ചത്. കണ്ണീരു കുടിപ്പിക്കാനോ.. എന്തേ അവളെ അയാള്‍ അന്നു കല്യാണം കഴിച്ചില്ല.”

“അതാണ് പ്രശ്നം ശകുന്തളാ… ആ സ്ത്രീ അന്നും ഇന്നും ഹൈ ലെവല്‍ ബന്ധങ്ങള്‍ നോക്കുന്നു. പിന്നെ ഇയാളെപ്പോലെ ഒരു ഏഴാംകൂലി പൂജാരിയെ അവള്‍ കല്യാണം കഴിക്കുമോ…. ഒരു പക്ഷേ തീര്‍ച്ചയായും അയാള്‍ അന്ന് അവളോട് അഭ്യ ര്‍ത്ഥിച്ചിരിക്കും, ചൊവ്വാ ദോഷമൊന്നും പ്രശ്നമല്ല, അയാളവളെ കെട്ടിക്കോളാമെന്ന്. അന്നവള്‍ അയാളെ ആട്ടിവിട്ടുകാണും. അതിന്‍റെ പ്രതികാരം അയാള്‍ കൊണ്ടു നടന്നു വര്‍ഷങ്ങളോളം.. ഒടുവില്‍ അയാള്‍ കാര്യം കണ്ടു.”

നീരവ് സുബ്ര അതു പറഞ്ഞിട്ട് നിവിനെ നോക്കി

നിവിന്‍ ചിന്താമഗ്നനായി തല താഴ്തി  ഇരിക്കുകയായിരുന്നു.

ശകുന്തള മുഖം പൊത്തി കരയുകയായിരുന്നു.

“മിസിസ് ശകുന്തള..?”

എസ് പി വിളിച്ചു.

അവര്‍ തലയുയര്‍ത്തിയില്ല.

പതിനഞ്ച് വര്‍ഷത്തോളം ബന്ധമുള്ള ഒരു സ്ത്രീയുമായി അവരുടെ ഭര്‍ത്താവ് പോയിരിക്കുന്നു എന്ന വാര്‍ത്ത ഒരു ഷോക്കിങ്ങ് ന്യൂസായിരുന്നു അവര്‍ക്ക്.

“ആര്യാദേവി കൊല്ലപ്പെട്ടു!!!”

എസ് പി പൊടുന്നനെ പറഞ്ഞു.

ശകുന്തള ഞെട്ടലോടെ തലയുയര്‍ത്തി.

“നിങ്ങളുടെ ഭര്‍ത്താവും കൊല്ലപ്പെട്ടു…വൈത്തിരിയിലെ ഒരു റിസോര്‍ട്ടിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്ന രീതിയിലായിരുന്നു ജഡം.”

നീരവ് സുബ്രയുടെ വാക്കുകള്‍ക്ക് ഒരു സ്വപ്നത്തിലെന്നപോലെയാണ് ശകുന്തള ചെവി കൊടുത്തത്.

അവരുടെ മുഖം നിര്‍വികാരതയാല്‍ പകച്ചുപോയിരുന്നു.

അവരെല്ലാം പ്രതീക്ഷിച്ചപോലെ അലറിക്കരച്ചിലോ നിലവിളിയോ ഒന്നും ഉണ്ടായില്ല.

ഭയപ്പെടുത്തുന്ന ഒരു നിശ്ബ്ദതതും നിര്‍വികാരതയുമായിരുന്നു അവരുടെമുഖത്ത്.

ആ സമയം എസ് ഐ വന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹനീഫിനെ വിളിച്ചുകൊണ്ടുപോയി.

നിമിഷങ്ങള്‍ക്കകം പരിഭ്രമത്തോടെ ഹനീഫ് മടങ്ങി വന്നു

“സാര്‍..?”

“എന്താ ഹനീഫേ?”

ഹനീഫിന്‍റെ മുഖഭാവം കണ്ടപ്പോള്‍ ഗൗരവമായത് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എസ് പിക്ക് മനസിലായി.

“ആര്യാദേവിയുടെ ജഡം മോര്‍ച്ചറി ടേബിളില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.”

“വാട്ട് നോണ്‍സെണ്‍സ് യൂ ആര്‍ ടോക്കിങ്ങ്…അവിടെ സെക്യൂരിറ്റിയില്ലേ ഹനീഫേ..?”

“ഉണ്ട് സാര്‍… പക്ഷേ..”

“എന്തു പക്ഷേ… ആ ജഡം ആരു കൊണ്ടുപോയി .. .എന്തിന് കൊണ്ടുപോയി…?”

നീരവ് സുബ്ര ക്ഷുഭിതനായി.

നിവിന്‍ സുബ്രഹ്മണ്യനും അമ്പരപ്പോടെ എഴുന്നേറ്റു.

“അവിടെ സിസിടിവി ഇല്ലേ..?’

“ഷുവര്‍.. വരൂ നിവിന്‍ നമുക്കൊന്നു നോക്കാം. വെറും ഇരുപത്തിനാലു മണിക്കൂറിനിടയിലാണ് ഇത് സംഭവിച്ചത്.. നിങ്ങളുടെ സിനിമക്ക് ഒരു സെക്കന്‍റ് പാര്‍ട്ടിന് സ്കോപ്പുണ്ട്.” 

ധൃതി പിടിച്ച് റൂമില്‍ നിന്ന് പുറത്തേക്ക നടക്കുന്നതിനിടെ സര്‍ക്കിള്‍ ഇന്‍സെപ്കടര്‍ ഹനീഫിനോട് എസ്പി നിര്‍ദേശിച്ചു

“ശകുന്തളയുടെ മൊഴി രേഖപ്പെടുത്തി പറഞ്ഞയച്ചേക്ക്… പിന്നെ ഇരുപത്തിനാലു മണിക്കൂറിനകം എനിക്കവനെ വേണം…. എബിന്‍ എബ്രഹാമിനെ…വേഗം ചെല്ല്.. എവിടെയാണെന്നു വച്ചാല്‍ തപ്പിയെടുത്ത് കൊണ്ടുവാ..”

“ഓക്കേ സാര്‍.”

ഹനീഫ് അറ്റന്‍ഷനായി.

0000000

മൈസൂരിലെ നഴ്സിങ്ങ് ട്രെയിനിങ്ങ് സെന്‍ററില്‍ നിന്ന് എബിന്‍റെ ബാച്ചിന്‍റെ അഡ്രസ് ലിസ്റ്റ് പോലീസിന് കിട്ടി.

കോഴിക്കോട് മുക്കത്തെ തറവാടു വീടിന്‍റെ വിലാസമായിരുന്നു അത്. പുലര്‍ച്ചെ തന്നെ ആ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു കാരണവരും ജോലി്ക്കാരന്‍ പയ്യനും മാത്രമേ അവിടെയുള്ളൂ. രണ്ട് പോലീസുകാര്‍ മഫ്തിയില്‍ ചെന്ന് അന്വേഷിച്ചു. അവരോട് കാരണവര്‍ പറഞ്ഞു:

“എബിന്‍ എന്‍റെ മൂത്തമോന്‍ സെബാസ്റ്റ്യന്‍റെ രണ്ടാമത്തെ മോനാണ്. മൂത്തവന്‍ ദുബായിലാണ്. എളയവളെ കെട്ടിച്ചിരിക്കുന്നത് കാഞ്ഞങ്ങാട്ടാണ്. ആ പയ്യന്‍ സെക്രട്ടേറിയറ്റില്‍ ക്ലാര്‍ക്കാ.”

“എബിന്‍ ഇപ്പോള്‍ എവിടെയാ താമസിക്കുന്നത്?”

“അവന്‍ യുകെയിലായിരുന്നല്ലോ. ഭാര്യേം മക്കളുമൊക്കെ അവിടാ.. “

“മൂത്തമകന്‍ സെബാസ്റ്റ്യന്‍റെ വീടെവിടെയാ?”

“ മലാപ്പറമ്പിലാണ്.. കപ്പേളെടെയടുത്ത് ഒരു ബജിക്കടയുണ്ട്.. അവിടൊരു പോക്കറ്റ് റോഡുണ്ട്. ടിപ്പറു കേറും. അവനും ഹോണ്ടാസിറ്റിയും കോപ്പുമൊക്കെ ഒള്ളതാ. അതു വഴി പോയാല്‍ മതി. നിങ്ങളെന്നാത്തിനാ എബിനെ കാണുന്നേ.. നിങ്ങളൊക്കെയാരാ..?”

“ ഞങ്ങളു ജൈവവളം വില്‍ക്കുന്നവരാണ്.”

“ അതിന് എബിനെന്തിനാടാവേ ജൈവവളം?”

“ അറിഞ്ഞില്ലേ, എബിന്‍ കൃഷി തുടങ്ങി.”

“ ങാഹാ .. കൊള്ളാല്ലോ.. “

അതിനിടെ പോലീസുകാരിലൊരാള്‍ അപരനോട് രഹസ്യമായി പറഞ്ഞു:

“ചാക്കോച്ചാ, നീയി കാര്‍ന്നോരെ ഒന്നു പറഞ്ഞു നിര്‍ത്തിക്കോ. അല്ലേല്‍ ഇയാള്‍ ഇപ്പോള്‍ത്തന്നെ അവനോട് ഫോണ്‍ ചെയ്ത് കൃഷി വിവരം പറയും. നമ്മുടെ പദ്ധതി പൊളിയും. ഞാന്‍ സാറിനെ ഒന്നു വിളിക്കട്ടെ.”

ആ പോലീസുകാരന്‍ തെല്ലപ്പുറത്തേക്ക് മാറി നിന്ന് ഫോണ്‍ ചെയ്തു.

മറ്റ പോലീസുകാരന്‍ കാരണവരോട് ജൈവവള വിശേഷം പറഞ്ഞ് കത്തിക്കയറി.

ഈ സമയം കൊണ്ട് രണ്ടാമത്തെ പോലീസ് സംഘം മൂത്തമകന്‍ സെബാസ്റ്റ്യന്‍റെ വീട്ടിലെത്തിയിരുന്നു.

അവര്‍ കൂടുതല്‍ പേരുണ്ടായിരുന്നു.

മൂന്നു നാലുപേര്‍ വീടിന്‍റെ പിന്നാമ്പുറത്തും സജ്ജമായി നിന്നു.

വീടിന് വെളിയില്‍ ആരുമില്ലായിരുന്നു.

സമയം രാവിലെ എട്ടരയായിട്ടുണ്ട്.

പോലീസുകാരിലൊരാള്‍ കാളിംഗ് ബെല്‍ അടിച്ചു.

അല്‍പനേരംത്തിനകം വാതില്‍ തുറക്കപ്പെട്ടു.

നൈറ്റിയിട്ട തടിച്ച ഒരു സ്ത്രീയായിരുന്നു അത്.

വീടിന് ഉമ്മറത്തെ പോലീസ് പടയെ കണ്ട് ആ സ്ത്രീ ഞെട്ടിപ്പോയി..

“ ഇച്ചായാ..!!”

ആ സ്ത്രീ ഉറക്കെ വിളിച്ചു.

ലുങ്കിയുടുത്ത ഒരു മനുഷ്യന്‍ അകത്തു നിന്നോടി വന്നു.

പോലീസുകാരെ കണ്ട് പരിഭ്രമത്തോടെ അയാള്‍ നിന്നു

“ എന്താ സാറേ?”

“ എബിനെവിടെ?”

“ ഇവിടെയുണ്ട്… യുകെയില്‍ നിന്ന് ഒരാഴ്ചത്തെ ലീവിന് വന്നതാ.”

“ എന്തിന് വന്നതാ?”

“ എന്തോ ലൈസന്‍സിന്‍റെ കാര്യത്തിനായിരുന്നു.”

“ ഭാര്യേം മക്കളേം കൂട്ടിയില്ലേ?”

“ ഇല്ല… എന്താ സാറേ കാര്യം?”

“ ങും… “

പോലീസുദ്യോഗസ്ഥന്‍ അമര്‍ത്തി മൂളി

“നിങ്ങളവന്‍റെ ആരാണ്?”

“ അച്ഛനാണ്. എന്‍റെ പെര് സെബാസ്റ്റ്യന്‍ എന്നാണ്.”

“ അവനെ വിളി.”

“ എന്താ സാറേ പ്രശ്നം?”

“ അവനെ വിളി . . .പ്രശ്നമൊക്കെ ഞങ്ങള് പറഞ്ഞോളാം…”

പോലീസുദ്യോഗസ്ഥന്‍ ശബ്ദം കടുപ്പിച്ചതോടെ സെബാസ്റ്റ്യന്‍  എബിനെ വിളിക്കാനായി മുകള്‍ നിലയിലേക്ക് പോയി.

മുകളില്‍ ഏതോ വാതിലില്‍ തട്ടുന്ന ശബ്ദവും അയാളുടെ വിളിയും താഴെ കേള്‍ക്കാമായിരുന്നു

“ മോനേ എബിന്‍ . . .വാതില് തുറക്കൂ.. എഴുന്നേല്‍ക്കൂ..”

സെബാസ്റ്റ്യന്‍ കുറേ തവണ വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

രണ്ട് പോലീസുദ്യോഗസ്ഥര്‍ സ്റ്റെയര്‍കേസിലൂടെ മുകളിലേക്ക് കയറിച്ചെന്നു.

അപ്പോഴും അയാള്‍ വാതിലില്‍ തട്ടിക്കൊണ്ടു നില്‍ക്കുകയായിരുന്നു.

“ എന്തു പറ്റി..?”

“ അവനകത്തുണ്ട് സാറെ.. വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരിക്കുവാണ്.”

അയാള്‍ പറഞ്ഞു.

ഒരു പോലീസുകാരന്‍ താക്കോല്‍ പഴുതിലൂടെ അകത്തേക്ക് നോക്കി.

ബെഡ്ഡില്‍ കിടക്കുന്ന എബിനെ കാണാം.

അയാള്‍ അപരനോട് പറഞ്ഞു:

“ ചെക്കന്‍റെ കിടപ്പത്ര പന്തിയല്ലല്ലോ സാറേ..”

“ വാതില്‍ ചവിട്ടിപ്പൊളിക്കാം.”

അതു പറഞ്ഞു തീരുന്നതിന് മുമ്പേ പോലീസുകാര്‍ ബൂട്സിട്ട കാലുകൊണ്ട് വാതില്‍ ചവിട്ടിപ്പൊളിച്ചു കഴിഞ്ഞിരുന്നു.

അവര്‍ അകത്തു കടന്നു.

കിടക്കയില്‍ എബിന്‍ കിടക്കുന്നുണ്ടായിരുന്നു.

മുഖം ശാന്തമായിരുന്നു.

കടവായിലൂടെ രക്തം ഒലിച്ചിറങ്ങിയിരുന്നു.

ടീപ്പോയില്‍ മുക്കാലും കാലിയായി രണ്ട് ബീയറു കുപ്പികളും വറുത്ത ചിക്കന്‍ കഷണങ്ങളുമുണ്ടായിരുന്നു.

മറിഞ്ഞു കിടന്ന ഒരു ചെറുകുപ്പി ടൗവല്‍ കൊണ്ട് എടുത്ത പോലീസുകാരന്‍ വായിച്ചു നോക്കി.

“ നെഫ്ലിന്‍ പി എഫ്താലമോണ്‍ .. മാരക വിഷം…”

അയാള്‍ കൂടെയുള്ള പോലീസുകാരനെ നോക്കി.

“ ബീയറില്‍ ചേര്‍ത്ത് അടിച്ചതാണ്..”

എബിന്‍റെ ഷര്‍ട്ടിന്‍റെ പോ്ക്കറ്റില്‍ ഒരു കടലാസുകഷണം കണ്ടു.

അത് വലിച്ചെടുത്ത് പോലീസ് ഓഫീസര്‍ വായിച്ചുനോക്കി.

“ എന്‍റെ പ്രിയപ്പെട്ട മീര, നീ എനിക്കു മാപ്പു തരുമോ എന്നെനിക്കറിയില്ല. ജീസസ് എന്നോട് പൊറുക്കുമോ എന്നും എനിക്കറിയില്ല.  എന്നാലും നിന്‍റെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ നിന്നോട് മാപ്പു ചോദിക്കുന്നു, നിന്നെ ഞാന്‍ വഞ്ചിച്ചതിന്. എനിക്കുള്ള  ശിക്ഷ ലഭിച്ചു. ഇനി ഞാന്‍ നിത്യതയിലേക്ക് പോകട്ടെ. വഞ്ചനകളില്ലാത്ത അനശ്വരതയുടെ ലോകത്ത് എനിക്കു സമാധാനം ലഭിക്കുമെന്ന് ഞാന്‍ മോഹിക്കുന്നു. എന്‍റെ പിള്ളേരെ നീ പൊന്നുപോലെ നോക്കണം..

(തുടരും)

നോവല്‍ ആദ്യം മുതല്‍ക്കേ വായിച്ചു തുടങ്ങാത്തവര്‍ക്കായി

Leave a Reply

Your email address will not be published. Required fields are marked *