ഉയിർത്തെഴുന്നേൽപ്പ്
രമ്യ ശിവകുമാർ
കരം ചേർത്തുപിടിച്ചേറെ വഴി നടന്നവ-
നൊരു നാളിൽ വിട പറയാതെ മറയവെ
വ്രണിതഹൃദയം വിരഹതീക്കാറ്റിൽ
വെന്തു നീറിയ മൗനസന്ധ്യകൾ കോഴിയവെ
സ്നേഹമുഖംമൂടികൾ കണ്ടു പകച്ചു പോയ
പെണ്ണിന്റെ ഗദ്ഗദം ചുവരുകൾ ഒപ്പിയെടുക്കുന്നു
സദാചാരകുരുക്കുകൾ മുറുകുന്നതറിയാതെ
തപം ചെയ്തു നേടിയ സ്നേഹത്തിന്റെ അടയാളങ്ങളിൽ പേമാരികൾ പെയ്തുതോരുന്നുണ്ട്
സ്നേഹമുറിവേറ്റ പെണ്ണ് ഉയിർത്തെഴുന്നേൽപ്പിനായ്
നടുവൊന്നു നിവർക്കവേ
വ്യഭിചാരമെന്നൊരു മുറുമുറുപ്പ്
അശരീരിയാവുന്നു
അവളുടെ ചേലത്തുമ്പിൽ തൂങ്ങി
കൗതുകക്കൺ മിഴിക്കുന്നു രണ്ടു കുരുന്നുകൾ
അവളുടെ പൊട്ടിച്ചിരിയിൽ
വ്യാമോഹത്തിന്റെ മുളപൊട്ടിത്തുടങ്ങിയെന്ന്
കാതോരമൊരു രഹസ്യം പരക്കുന്നു
ഹൃത്തടത്തിലൊരു കദനം
ചുമക്കുന്നവളുടെ
ഭോഗസുഖങ്ങളെ
കിനാവുകളിൽ കണ്ടു
മഹാകാവ്യങ്ങൾ രചിക്കുന്നു ചിലർ
ഒരു നിറമുള്ള സാരിയിൽ
പാതിവ്രത്യത്തിന്റെ നൂലിഴ കീറി
കുലമഹിമ തിരയുകയാണത്രെ കുലസ്ത്രീകൾ
ഉയിരിന്റെ അവസാനത്തെ ഊർജത്തെ കൂട്ടുപിടിച്ചവൾ ആയാൻ തുടങ്ങവേ അരുതുകളുടെ വാളാൽ
ചിറകുകൾ അരിയുന്നു
വിശപ്പിന്റെ ദൈന്യത്താൽ
തളർന്ന കുഞ്ഞുങ്ങളെ പിറവിദോഷത്തിന്റെ
മുൾകിരീടം ചാർത്തുവാനെത്ര തിരക്ക്
സ്നേഹനിറഭേദങ്ങളെ
വേർതിരിച്ചറിയാനാവാതെ
ഒരു പെണ്ണ് നിസംഗത കുഴച്ചു ചോറുണ്ണുന്നു
രണ്ടടി മുന്നോട്ടു വയ്ക്കവേ
സദാചാരകുരുക്കുകൾ മുറുകി
നിലതെറ്റി വീഴുന്നു
ഭ്രഷ്ട് കൽപ്പിക്കുന്ന കാലവും
കണ്ണടക്കുന്നു