പെൺകുട്ടികളെ നിങ്ങൾ നിലപാടുള്ളവരാകുക
ലിൻസി കെ തങ്കപ്പൻ അസിസ്റ്റന്റ് ലക്ചർറർ എം ജി
പെൺകുട്ടികൾക്ക് സ്വന്തമായി ജോലി ഉണ്ടാകുക എന്നതാണ് പ്രധാന പരിഹാര മാർഗമായി കേരളം കുറേ ദിവസങ്ങളായി നിർദ്ദേശിക്കുന്ന കാര്യം. ശമ്പളം വരുന്ന എ. റ്റി. എം കാർഡ് ഭർത്താവിന്റെ കൈയിലുള്ളവർ ആ നിർദ്ദേശത്തെ എങ്ങനെ കാണുന്നു എന്നതു കൂടി ആലോചിക്കുക . ആചാര സംരക്ഷണത്തിനും സ്ത്രീധന സംരക്ഷണത്തിനും കൂടി പൊതു തത്വം ഉപയോഗിക്കുന്നവരാണ് ഈ ഉപദേശകർ എന്നതാണ് അതിന്റെ ദാരുണ നില. പെണ്മക്കൾക്ക് വിദ്യാഭ്യാസം കൊടുക്കുക, എന്നിട്ട് വിദ്യാഭ്യാസത്തിനും അതിൽ നിന്നും നേടിയ ജീവിത ബോധത്തിനും എതിരായി വ്യവസ്ഥിതിയോട് ഒട്ടിജീവിക്കാൻ പരോക്ഷമായി നിർബന്ധിക്കുക.
ലോകോത്തര വിപ്ലവം മനസിലാക്കിയാലും അമ്പലവും പള്ളിയും ആചാരവും കൈവെടിയാതെ അന്ധവിശ്വാസങ്ങളെ ആനാചാരങ്ങളെ എങ്ങനെ മെരുക്കി പരുവപ്പെടുത്തി ഉപയോഗിച്ച് സാമൂഹിക സമ്മതിനേടാം എന്ന് വിചാരിക്കുന്ന അതേ മനോനിലയിൽ നിന്ന് കൊണ്ട് സമൂഹത്തെ പരിവർത്തനപ്പെടുത്താൻ ഇറങ്ങരുത്. നിങ്ങളെ പോലെ അമ്മിക്കല്ലിന് കാറ്റടിച്ചാൽ എന്ന മനോഭാവമാണ് സമൂഹത്തിനും.പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ വിദ്യാഭ്യാസം സർവത്രികവും സൗജന്യവും പൊതു ട്രെൻഡും ഒക്കെ ആയതു കൊണ്ട് എല്ലാവരും അതുനേടും. അതൊരു സവിശേഷകാര്യമല്ല. എന്നാൽ വിദ്യാഭ്യാസത്തിന്റെ ഗുണം കാണിക്കുക എന്നതിന് സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുകയും സഹജീവിയുടെ പ്രശ്നങ്ങളെ മനസിലാക്കുകയും വേണം. വീട്ടിൽ നിന്ന് സമൂഹത്തിലേക്ക് നീളുന്ന രാഷ്ട്രീയ വഴികളുണ്ട്. ആ വഴികൾ ധിക്കാരങ്ങൾ, അനുസരണക്കേടുകൾ തുടങ്ങി ചില നല്ല കേടുകൾ നിങ്ങളെ പഠിപ്പിക്കും. ആ വഴിയിൽ നിങ്ങളറിയാതെ നിങ്ങൾ നിലപാടുള്ളവരായി പരിവർത്തനപ്പെട്ടിട്ടുണ്ടാകും.
മതമില്ലാതെ, താലി ഇല്ലാതെ ജാതി ഇല്ലാതെ സ്ത്രീധനം കൊടുക്കാതെ ജീവിക്കും എന്ന് പ്രഖ്യാപിക്കാനും അതിനു പറ്റുന്നവര് വന്നാൽ മതി അല്ലാത്തവർക്ക് പോകാം എന്ന് പറയാനുമുള്ള ശേഷി അത് നിങ്ങൾക്ക് തരും. നിലപാടുള്ളവരാകുക എന്നത് തന്നെയാണ് പ്രധാനം.അത്രയും പറ്റുന്നവർക്ക് അതിന്റെ ബാക്കി നോക്കാനും പറ്റും.