നിലപാടില്‍ മാറ്റം വരുത്തി ട്വിറ്റര്‍

കേന്ദ്രസര്‍ക്കാരുമായുള്ള തുറന്ന പോരിനൊടുവില്‍ നിലപാടില്‍ മാറ്റം വരുത്തി ട്വിറ്റര്‍.ഐടി ഭേദഗതി നിയമം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയില്‍ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറെ ട്വിറ്റര്‍ നിയമിച്ചു. വിനയ് പ്രകാശാണ് പുതിയ റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍. ഐടി ഭേദഗതി നിയമ പ്രകാരമാണ് ട്വിറ്റര്‍ ഇന്ത്യന്‍ സ്വദേശിയെ റസിഡന്റ് ഗ്രീവന്‍സ് ഓഫീസറായി നിയമിച്ചത്. ഉപയോക്താക്കള്‍ക്ക് ഇദ്ദേഹവുമായി ബന്ധപ്പെടാന്‍ ഇ-മെയില്‍ ഐഡി ട്വിറ്ററിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഉപയോക്താക്കള്‍ക്ക് ഇമെയില്‍ വഴി പരാതികള്‍ നല്‍കാം.

നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഉടന്‍ പരാതിപരിഹാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.നിയമപ്രകാരം മുഖ്യ പരാതി പരിഹാര ഓഫിസര്‍, നോഡല്‍ ഓഫിസര്‍, റസിഡന്റ് ഗ്രീവന്‍സ് ഓഫിസര്‍ എന്നിവരെ സ്ഥിരമായി നിയമിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ നിയമനങ്ങള്‍ നടത്താന്‍ കൂട്ടാക്കാത്തതിനാല്‍ ട്വിറ്ററിന്റെ നിയമപരിരക്ഷ ഇന്ത്യ പിന്‍വലിച്ചിരിക്കുകയാണ്. എട്ടാഴ്ചക്കുള്ളില്‍ പൂര്‍ണരീതിയില്‍ നിയമം നടപ്പിലാക്കാമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ട്വിറ്റര്‍ ഉറപ്പ് നല്‍കിയിരുന്നു.നിയമം നടപ്പിലാക്കുന്നത് വരെ കേന്ദ്ര സര്‍ക്കാറിന് ട്വിറ്ററിനെതിരെ നടപടിയെടുക്കാമെന്നും ട്വിറ്ററിന് സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *