ജെല്ലിക്കെട്ട് കാളകളുമായി അപ്പാനി ശരത്ത്:സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

പി ആര്‍ സുമേരന്‍

ഏറെ അപകടകാരിയായ ജെല്ലിക്കെട്ട് കാളയുമായി മല്‍പ്പിടുത്തം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് യുവതാരം അപ്പാനി ശരത്ത്. തന്‍റെ പുതിയ തമിഴ് ചിത്രത്തിന്‍റെ ഭാഗമായുള്ള പഴനിയിലെ പരിശീലന ചിത്രങ്ങളാണ് നടന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി പുറത്തുവിട്ടത്. പ്രശസ്ത സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അപ്പാനി ശരത്താണ് നായകന്‍

ജെല്ലിക്കെട്ട് പ്രമേയമായുള്ള ചിത്രത്തിന്‍റെ പരിശീലനം പഴനിയില്‍ നടക്കുകയാണ്. ജെല്ലിക്കെട്ട് കാളയോടൊപ്പം കഴിയുന്ന ഒരു അപരിഷ്കൃത യുവാവായ ‘മാട’ എന്ന കഥാപാത്രമാണ് ശരത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം താരത്തിന്‍റെ അഭിനയജീവിതത്തില്‍ ഏറെ ശ്രദ്ധേയമായിരിക്കും.

തമിഴിലും മലയാളത്തിലുമായി ഒട്ടേറെ പരുക്കന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ശരത്തിന്‍റെ ‘മാട’ ആരെയും വിസ്മയിപ്പിക്കുന്ന മേക്കോവറിലുള്ളതാണ്. ചരിത്രപരവും സാമൂഹികവുമായി ഏറെ ഗൗരവമുളള പ്രമേയമാണ് ചിത്രത്തിന്‍റേത്. ജെല്ലിക്കെട്ട് കാളയുമായിട്ടുള്ള പരിശീലനം തന്‍റെ അഭിനയജീവിതത്തിലെ വലിയ വെല്ലുവിളിയാണെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ‘വന്യമൃഗങ്ങളെപ്പോലും നമുക്ക് പരിശീലിപ്പിച്ചെടുക്കാം.

പക്ഷേ ജെല്ലിക്കെട്ട് കാളകള്‍ പേടിപ്പിക്കുന്നവയാണ്. അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. ജീവന്‍ പണയംവെച്ചാണ് ഞാന്‍ കാളകളുടെ അടുത്തേക്ക് ചെല്ലുന്നത്. പരിശീലകൻഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. ഭായനാകമായ ഭാവം അതിനാലാണ് ജെല്ലിക്കെട്ട് കാളയെ എല്ലാവരും ഭയക്കുന്നത്. എനിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ ഞാന്‍ ചെയ്യും അത്രയ്ക്കും ആത്മവിശ്വാസമുണ്ട്.’ശരത്ത് പറഞ്ഞു. മലയാളത്തിലും തമിഴിലും ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത അപ്പാനി ശരത്തിന് തമിഴിലും വലിയ സ്വീകാര്യതയുണ്ട്. പേരിടാത്ത ഈ തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണം മെയ് ആദ്യവാരം തുടങ്ങുമെന്നാണ് സൂചന. പഴനിയിലെ റിച്ച് മള്‍ട്ടി മീഡിയ ഡയറക്ടര്‍ ഡോ.ജയറാമിന്‍റേതാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം.ചിത്രം നിര്‍മ്മിക്കുന്നതും ജയറാം തന്നെയാണ്.

.

Leave a Reply

Your email address will not be published. Required fields are marked *