എഴുപതിലധികം വിഭവങ്ങളുമായി ആറന്മുള വള്ളസദ്യ

മധ്യതിരുവിതാംകൂറിന്റെ സ്വന്തം രുചിപ്പെരുമയുടെ കൊതിക്കൂട്ടുമായി ആറന്മുളക്കാരുടെ യശസ്സ് വാനോളമുയർത്തിയ ഒരു ചടങ്ങുണ്ട് ഈ മലയാളക്കരയിൽ. അതാണ് ആറന്മുള വളള സദ്യ.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രധാനപ്പെട്ടവഴിപാടാണ് വള്ളസദ്യ. വഴിപാടിന് വഴിപാട് വള്ളസദ്യകൾ ,അഷ്ടമിരോഹിണി വള്ളസദ്യ ,തിരുവോണപ്പുലരിയിലെ തോണിവരവ്, ഉതൃട്ടാതി ജലമേള അങ്ങനെ ഇനിയുള്ള രണ്ടര മാസക്കാലം തിരുവാറന്മുളയിലെങ്ങും ഉയർന്നുകേൾക്കുക വഞ്ചിപ്പാട്ടിന്റെ ശീലുകളാണ്.


അന്നദാനത്തിന്റെ മഹത്വം തന്നെയാണ് വളളസദ്യകൾക്കുളളതെങ്കിലും സദ്യയുമായി ബന്ധപ്പെട്ട വിവിധ സമർപ്പണ ചടങ്ങുകളിൽ ഭക്തർ നേരിട്ട് പങ്കാളികളാകുന്നു.ഏതു വിഭവം എപ്പോൾ ചോദിച്ചാലും വിളമ്പുന്ന സദ്യയാണ് വളള സദ്യ എന്ന് പറയപ്പെടുന്നു. വളളക്കാർ വിഭവങ്ങൾ ചോദിക്കുന്നതും പാടിതന്നെയാണ്.വളളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുളള വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്.

‘ചേനപ്പാടി കേളച്ചാരുടെ കോളപ്പയ്യുടെ പാളത്തൈരെ, പാനം ചെയ്യാൻ കിണ്ടിപ്പാൽ കൊണ്ടുവന്നാലും. അപ്പം അട അവൽപ്പൊതി കൊണ്ടുവന്നാലും. പൂവൻ പഴം കുലയോടിഹ കൊണ്ടുവന്ന് ചേതം വരാതെ തൊലി നിങ്ങൾ കളഞ്ഞു തന്നാൽ…’

ഇങ്ങനെ വിഭവങ്ങൾ വള്ളപ്പാട്ടീണത്തിൽ ചൊല്ലിയാണ് ആവശ്യപ്പെടുക. ഇത്തരത്തിൽ ആവശ്യപ്പെട്ടാൽ ഇല്ല എന്ന് പറയുന്നത് ഭഗവത് വിരോധത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ആ വിശ്വാസം തെറ്റിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് വാസ്തവം.

സന്താനലബ്ദിക്കായും രോഗശമനത്തിനായും മറ്റും ഈ വഴിപാട് പലരും നടത്തുന്നുണ്ട്.വളളസദ്യ മഹോത്സവത്തിലെ പ്രധാന സദ്യ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി നാളിലാണ്. വിപുലമായ ചടങ്ങുകളാണ് അന്നേ ദിവസം ആറന്മുള ക്ഷേത്രത്തിൽ നടക്കുന്നത്. അതിരാവിലെയുള്ള നിർമാല്യ ദർശനത്തിനുശേഷം പാർത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ചു കുളിപ്പിക്കുകയാണ് ആദ്യ ചടങ്ങ്.

ആറന്മുള ക്ഷേത്രത്തിലും, മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലർച്ചെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യും. ഉത്രട്ടാതി വള്ളം കളിയിൽ പങ്കെടുക്കുന്ന പമ്പയുടെ കിഴക്കും പടിഞ്ഞാറും കരയിലുള്ള എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെ മധുക്കടവിലേത്തും. കടവിൽ എത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികൾ ദക്ഷിണ നൽകി അഷ്ടമംഗല്യത്തോടുകൂടി സ്വീകരിക്കും. തുടർന്ന് തുഴകളുമായി അവർ ക്ഷേത്രത്തിന് വലംവച്ച് കിഴക്കെ നടയിലെത്തുകയും ചെയ്യും. കൊടിമരച്ചുവട്ടിൽ നിറപറകളും നിലവിളക്കുകളും ഒരുക്കി പതിനൊന്ന് മണിക്കുള്ള ഉച്ചപ്പൂജക്ക് ശേഷം തമ്പുരാന്റെ തിരുമുമ്പിൽ തൂശനിലയിൽ സദ്യ വിളമ്പി സമർപ്പിക്കുന്നതോടെ കേൾവികേട്ട ആറന്മുള അഷ്ടമിരോഹിണി വളളസദ്യയ്ക്ക് തുടക്കമാകും.

ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളൻ, ഓലൻ, ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, വറുത്ത എരിശ്ശേരി, രസം, ഉറത്തൈര്, മോര്, പ്രഥമൻ (4 കൂട്ടം), ഉപ്പേരി (4കൂട്ടം), പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കൽക്കണ്ടം, ശർക്കര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരൻ, തേൻ, തകരത്തോരൻ, നെല്ലിക്ക അച്ചാർ, ഇഞ്ചിത്തൈര്, മടന്തയിലത്തോരൻ, പഴുത്തമാങ്ങാക്കറി, പഴം നുറുക്കിയത്. ചുക്കുവെള്ളം, എന്നു തുടങ്ങി അറുപതോളം വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുന്നത്. വള്ളസദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളും പ്രധാനമാണ്. വളളസദ്യയിൽ കറികളെ മൂന്നായി തിരിച്ചിരിക്കുന്നു. തൊട്ടുകൂട്ടുന്ന കറികൾ (തൊടുകറികൾ), കൂട്ടുകറികൾ, ചാറുകറികൾ എന്നിവയാണവ.

കായനുറുക്ക്, ശർക്കരവരട്ടി, ചേന നുറുക്ക്, കൊണ്ടാട്ടം എന്നിവയാണ് സദ്യയിൽ ആദ്യം വിളമ്പുന്നത്. നാക്കിലയുടെ ഇടത്ത് ഭാഗത്താണ് ഇവയുടെ സ്ഥാനം. തൊട്ടു പിന്നാലെ ഇഞ്ചിപ്പുളി ഉൾപ്പെടെയുള്ള അച്ചാറുകൾ വിളമ്പും. ഇവയുടെ സ്ഥാനം എപ്പോഴും ഇലയുടെ ഇടത്തേ മൂലയിലാണ്. ഇവ തൊട്ട്കൂട്ടൽ ഇനമായിട്ടാണ് സദ്യയിൽ കണക്കുകൂട്ടുന്നത്. ഇലയുടെ മദ്ധ്യഭാഗത്തുനിന്നും വലത്തുഭാഗത്തേക്ക് കൂട്ടുകറികളായ അവിയൽ, തോരൻ, കാളൻ, തുടങ്ങിയവ വിളമ്പും. പഴം ഇടത്തുവശത്ത് ഇലയുടെ താഴെയായി വെക്കുന്നു. വള്ളസദ്യയുടെ മറ്റൊരു പ്രധാന ഇടമാണ് പർപ്പടകം. അതും വലിയ പപ്പടവും ചെറിയ പപ്പടവും ഉണ്ടായാലെ സദ്യ കേമമാവുകയുള്ളു എന്നാണ് വെയ്പ്പ്.

കൂട്ടു കറികൾ എല്ലാം വിളമ്പിയതിനു ശേഷം ആളുകൾ ഇരിക്കും. ശേഷം ചോറു വിളമ്പുന്നു. ചാറുകറികളായ നെയ് ചേർത്ത തുവരപ്പരിപ്പ്, പുളിശ്ശേരി, സാമ്പാർ തുടങ്ങിയവ ചോറിലാണ് ഒഴിക്കുന്നത്. വിളമ്പുന്ന ചോറ് ഇലയിൽ നേർ പകുതിയാക്കണമെന്നാണ് രീതി. വലത്തെ പകുതിയിൽ പരിപ്പ് ഒഴിച്ച് പപ്പിടവുമായി ചേർത്ത് കഴിക്കും. അതിനുശേഷം അടുത്ത പകുതിയിൽ സാമ്പാറ് വിളമ്പി അതു കഴിക്കും. സാമ്പാറിനു ശേഷം പായസം എത്തും. നാലു കൂട്ടം പായസം കഴിച്ചു കഴിയുമ്പോൾ പിന്നാലെ വീണ്ടും ചോറു വിളമ്പും. ചോറിൽ ആദ്യം പുളിശ്ശേരിയും പിന്നാലെ രസവും മൊരുമെത്തും. ചോറൂണ് കഴിയുമ്പോൾ പഴവും കഴിച്ച് സദ്യ മതിയാക്കാം. സദ്യ കഴിഞ്ഞ് ഇല മടക്കുന്നതിനും അതിന്റേതായ രീതിയുണ്ട്. ഊണ് കഴിഞ്ഞാൽ ഇല മുകളിൽ നിന്ന് താഴോട്ടാണു മടക്കുക. ഇലയുടെ തുറന്ന ഭാഗം കഴിക്കുന്ന ആളിനെ അഭിമുഖീകരിക്കും. ഇതാണ് വള്ളസദ്യയുടെ വിളമ്പുരീതിയും കഴിപ്പ് രീതിയും.ഇത്തവണത്തെ വള്ളസദ്യയ്ക്ക് ഓഗസ്റ്റ് 4 ന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *