തുമ്പപൂവില്ലാത്ത ഓണക്കാലം!!!!..

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്.

ഓണത്തിന്റെ വരവ് അറിയിക്കുന്ന വഴി, തെളിഞ്ഞതും വിശാലവുമാണ്. തീര്‍ത്തും പ്രകാശ പൂര്‍ണം. പ്രകൃതിയാണ് ആദ്യം ഉണരുന്നത്. മാഞ്ഞുപോയ കാര്‍മേഘമാലകള്‍… ചൂട് കൊണ്ട് നമ്മളെ അസ്വസ്ഥരാക്കാത്ത പൊന്‍വെയില്‍… എങ്ങോ ഒരിടത്തു നിന്നും പാറി വരുന്ന തുമ്പികള്‍… കുപ്പയിലും മാണിക്യമുണ്ടാകാം എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍, എവിടെയും വിരിയുന്ന പൂക്കള്‍… ഇതൊരു തയ്യാറെടുപ്പാണ്. ഇതാ വരുന്നു ഓണം എന്ന തയ്യാറെടുപ്പ്.

തങ്കച്ചാറില്‍ മുങ്ങിയ മുക്കുറ്റി, പട്ടുടുത്ത ചിറ്റാടപ്പൂ, കിരീടം വച്ച ആമ്പല്‍, അഴകൊത്ത നെല്ലിപ്പൂ, ഒപ്പം തുമ്പയും. ഓണത്തിന്റെ പൂവാണ് തുമ്പപ്പൂവ്. അത്തപ്പൂക്കളമിടുമ്പോള്‍ ആദ്യ വരിയിടുന്നത് തുമ്പകൊണ്ടാണ്. നാട്ടിലെമ്പാടും തുമ്പയുണ്ടായിരുന്നു. ഓണക്കാലത്ത് മാത്രം പ്രത്യേക്ഷപ്പെടുന്ന മറ്റൊരുതരം തുമ്പയും ഉണ്ട്. കാശിതുമ്പ എന്നാണ് അതിന്റെ പേര്. തിരുവോണനാളില്‍ വീടിനകം തൂക്കുവാന്‍ ഈര്‍ക്കില്‍ ചൂല് ഉപയോഗിക്കാറില്ല. പകരം കാശിതുമ്പ ചുവടോടെ പറിച്ചെടുത്ത് ചൂല് പോലെ കെട്ടാക്കി അതുകൊണ്ടാണ് പുരയ്ക്കകം തൂക്കുന്നത്. ഓണക്കാലത്ത് കടുവ കളിക്കുമ്പോള്‍ കാശിതുമ്പ പിഴുത് അടുക്കോടെ എടുത്ത് ദേഹത്ത് കെട്ടിവയ്ക്കുമായിരുന്നു.

ഈ തുടക്കത്തില്‍ നിന്ന് ഓണത്തിന്റെ വരവേല്‍പ്പിനു മുമ്പുള്ള കൊയ്ത്തിന്റെയും അതിനും മുമ്പുള്ള പാടത്തിന്റെയും ഭാവസുരഭിലമായ മാറ്റങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. അതല്ല ഇന്നു നമ്മുടെ ചിന്തയുടെ കാതല്‍, എന്നതുകൊണ്ടാണത്. ഇന്ന് നാം തുമ്പയെത്തേടി ഇറങ്ങുകയാണ്. മുറ്റത്ത്, വഴി വക്കില്‍, ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളില്‍, വയല്‍ വരമ്പുകളില്‍, തൊടികളില്‍… പൂവേ പൊലി എന്ന് പാടി കുട്ടികള്‍ പൂവിറുക്കുന്നത് കാണാനില്ല.പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇന്നത് ജമന്തിക്കും ചെണ്ടുമല്ലിക്കുമൊക്കെ വഴിമാറിക്കഴിഞ്ഞു.

തിരുവോണത്തിന് മണിക്കൂറുകള്‍ മാത്ര ബാക്കടി നില്‍ക്കേ വഴിയോര പൂ കച്ചവടം സജീവമായി. ഈ വര്‍ഷവും മലയാളികള്‍ക്ക് പൂക്കളമൊരുക്കാന്‍ തമിഴ്‌നാട് തന്നെ ആശ്രയം. തമിഴ്‌നാട്ടിലെ കമ്പംമേട്ടില്‍ നിന്നാണ് പൂക്കള്‍ ഇക്കുറിയും കേരളത്തിലെത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൂക്കള്‍ക്ക് നേരിയ തോതില്‍ വില ഉയര്‍ന്നിട്ടുണ്ട്.

   അരളി, വാടാമുല്ല, റോസ്, ജമന്തി, ബന്ധി, താമര, തുടങ്ങിയ പുഷ്പങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റാണ്. ഒരു കിലോ അരളിപ്പൂവിന് 400 മുതല്‍ 600 വരെയാണ് വില. അത് റോസ്, ചുമപ്പ്, വെള്ള എന്നീ നിറങ്ങള്‍ക്ക് വിലയിലും വ്യത്യാസമുണ്ടാകും. ചെണ്ടുമല്ലി ഓറഞ്ചിനും, മഞ്ഞയ്ക്കും കിലോയ്ക്ക് 120 മുതല്‍ 150 വരെയാണ് വില. വാടാമുല്ല 300 , റോസ് ഇടത്തരം 400, വലുതിന് 600 , മുല്ലപ്പു മീറ്ററിന് 40, ഒരു കെട്ട് ഇലയ്ക്ക് 200  മുതല്‍ 300 രൂപ വരെ എത്തി നില്‍ക്കുന്നു. താമരമൊട്ട് ഒന്നിന് 20 മുതല്‍ 30 വരെയാണ് വില.

   വില ഉയര്‍ന്നിട്ടും കച്ചവടക്കാര്‍ക്ക് മെച്ചമൊന്നും ഇല്ലെന്ന് 30 വര്‍ഷമായി ടൗണ്‍ഹാളിന് സമീപം പൂ വില്‍ക്കുന്ന തമിഴ്‌നാട് സ്വദേശിനി മീനാക്ഷിയമ്മ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *