‘വധുവും വരനും ഞാൻ തന്നെ’ വൈറാലയൊരു വിവാഹം
വിവാഹം വ്യത്യസ്തമായിരിക്കണം എന്നത് ഏതൊരുവ്യക്തിയുടെയും ആഗ്രഹമാണ്. പെട്രീഷ്യ ക്രിസ്റ്റിന എന്നു പേരായ യുവതിയാണ് സമൂഹമാധ്യമത്തിൽ ഇപ്പോള്‍ വൈറലാകുന്നത്. ആഢംബരത്തോടെ തന്നെയായിരുന്നു പെട്രീഷ്യയുടെ വിവാഹം.
ഓസ്ട്രേലിയയിലെ സിഡ്നിയിൽ സ്കൂൾ ടീച്ചറാണ് പെട്രീഷ്യ. സ്വന്തം വിവാഹ നിശ്ചയം ആദ്യം നടത്തുകയും പിന്നീട് വിവാഹം നടത്തുകയും ചെയ്തു. ആഴ്ചകളോളം എടുത്താണ് ചടങ്ങുകൾ പ്ലാൻ ചെയ്തത്.വിലകൂടിയ വിവാഹ മോതിരവും ബൊക്കയും പൂക്കളും എല്ലാം വാങ്ങി. 7000 രൂപയുടെ വിവാഹ വസ്ത്രവും വാങ്ങി. അതിഥികളെയും ക്ഷണിച്ചു. ഒൻപതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി.
വിരലിൽ സ്വയം കല്യാണമോതിരമിട്ടു. അതിനു ശേഷം പട്രീഷ്യ പ്രസംഗവും നടത്തി. ഒരാൾക്ക് അവനവനോടുള്ള ബന്ധവും സ്നേഹവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തിൽ വേണ്ടതെന്ന സന്ദേശം എല്ലാ സ്ത്രീകൾക്കും നൽകാനാണ് ഈ വിവാഹമെന്നും പട്രീഷ്യ പറഞ്ഞു. മറ്റൊരാളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കും മുൻപ് അത് അവനവനോടു തന്നെയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.
ചടങ്ങുകൾക്കു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും പട്രീഷ്യ അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.