പപ്പായ കഴിക്കൂ ആരോഗ്യമായിരിക്കൂ.
ഡോ. അനുപ്രീയ ലതീഷ്
തോരന്‍,മെഴുക്ക്പുരട്ടി,ഒഴിച്ചുകറി എന്നിങ്ങനെ വിവിധ കറികളായി മലയാളികളുടെ ഊണുമേശയില്‍ പപ്പായ ഇടംപിടിച്ചിരുന്നു. ഇന്ന് പപ്പായ നമ്മുടെ വീട്ടുവളപ്പില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. കേവലം ഫലമെന്നതിലുപരി ചെടിയുടെ വിവിധ ഭാഗങ്ങളും അമൂല്യമായി കരുതേണ്ട വയാണ് .ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ,മലബന്ധ സംബന്ധമായ പ്രശ്നങ്ങൾക്കും ,തീപ്പൊള്ളലേറ്റതിന്റെ വ്രണങ്ങൾ ശമിക്കുന്നതിനും പപ്പായ അത്യുതമമാണ്.
മണവും മധുരവും വെണ്ണപോലെ സ്ഥിരതയും ഒത്തിണങ്ങിയ പപ്പായയെ മാലാഖമാരുടെ ഫലം എന്ന് ക്രിസ്റ്റഫര്‍ കൊളംബസ് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. അധികം സംരക്ഷണം നല്‍കിയില്ലെങ്കിലും അധികമായി ഫലം നല്‍കുന്ന ഒരു വിളയാണ് പപ്പായ.പ്രത്യേക സീസണായല്ലാതെ വര്‍ഷം മുഴുവന്‍ പപ്പായ ഫലം നല്‍കും.
വിറ്റാമിന്‍ സിയാണ് പപ്പായയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്. ഒപ്പം വിറ്റാമിന്‍ എ, ഇ, കെ, ബി എന്നിവയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, കോപ്പര്‍, എന്നീ ധാതുക്കളും ധാരാളം മിനറല്‍സും ഈ ഫലത്തിൽ അടങ്ങിയിട്ടുണ്ട്. നല്ല മണവും സ്വാദും നല്‍കുന്നതിനോടൊപ്പം പഴുത്ത് പാകമായ പപ്പായ ചര്‍മ സൗന്ദര്യത്തിനും ഉപയോഗിക്കുന്നു.പോഷക സമൃദ്ധമായ പപ്പായ രക്തചംക്രമണ വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും വന്‍കുടലിലെ കാന്‍സറിനെ തടയുകയും ചെയ്യുന്നു. പപ്പായയിലടങ്ങിയിരിക്കുന്ന അസെറ്റോജെനിന്‍ എന്ന ഘടകമാണ് ഡെങ്കിപ്പനി, ക്യാന്‍സര്‍ ,മലേറിയ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നു.
ആര്‍ട്ടീരിയോസ്‌ക്‌ളീറോസിസ്, പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ എന്നിവയെ നിയന്ത്രിക്കാന്‍ പപ്പായ എന്ന ഫലത്തിന് കഴിയും.കപ്പളങ്ങ, കര്‍മൂസ, ഓമക്കാ എന്നീ പലപേരുകളിലും അറിയപ്പെടുന്ന പപ്പായ പോഷക മൂല്യങ്ങളുടെയും സ്വാദിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലല്ല. ഇതിലടങ്ങിയിട്ടുള്ള ജീവകം റിബോഫ്‌ളാവിന്‍, അസ്‌കോര്‍ബിക്ക് ആസിഡ് എന്നിവയുടെ കാര്യത്തില്‍ മാമ്പഴത്തിനെയും വാഴപ്പഴത്തിനെയും പിന്തള്ളും. ജീവകങ്ങള്‍, ധാധുലവണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് പപ്പായ.പഴുത്ത പപ്പായയുടെ ഉപയോഗം കരളിന്‍റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഈ ഫലത്തിനുണ്ട് . ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും വളരെനല്ലതാണ്. കൃമിശല്യം , വയറു വേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.