കുട്ടിപ്പട്ടാളത്തിന്‍റെ ഫുഡ് എന്തെല്ലാം?.. കണ്‍ഫ്യൂഷന്‍ ഇനി വേണ്ടേ.. വേണ്ട..
സമീകൃത ആഹാരം, ജംഗ്ഫുഡ്, ഹെല്‍ത്ത് ഫുഡ്… കുട്ടികളുടെ ഭക്ഷണത്തെക്കുറിച്ചാണു സംസാരമെങ്കില്‍, എല്ലാവര്‍ക്കും പറയാനുള്ളത് ഈ ക്ളീഷേകള്‍ മാത്രം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ചിപ്സ്, ബേക്കറി ഐറ്റംസ് ഇവയൊന്നും കൊടുക്കാനും പാടില്ല. പകരം എന്തുകൊടുക്കണമെന്നും ആരും പറയുന്നുമില്ല.
ധാരാളം വലിച്ചുവാരി കഴിക്കുന്നതല്ല ശരിയായ ഭക്ഷണശീലം. വളരെക്കുറച്ചു കഴിക്കുന്നതും ശരിയല്ല. ശരിയായ അളവില്‍ ശരിയായ ഭക്ഷണം കൃത്യസമയത്തു കഴിക്കാനുള്ള ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കണം.വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു വേണം നിറയെ എനര്‍ജി, നിറയെ പ്രോട്ടീന്‍. സ്കൂളില്‍ പോകുന്ന കുട്ടികളുടെ ഭക്ഷണം എങ്ങനെ ക്രമീകരിക്കണം..
ശരിയായ ഭക്ഷണം
സ്കൂളില്‍ പോയിത്തുടങ്ങുന്ന പ്രായത്തില്‍ കുഞ്ഞിന് ഏറ്റവും വേണ്ടത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണമാണ്. ദിവസേനയുള്ള ഭക്ഷണത്തില്‍ എല്ലാ ഭക്ഷ്യഗണത്തിലുംപെട്ട ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്തുക. ഒരു ദിവസത്തെ മെനു ഇങ്ങനെയാക്കാം.
പ്രാതല്‍ നിര്‍ബന്ധം
. ഇഡ്ഡലി, ദോശ, ചപ്പാത്തി, അപ്പം, വെജിറ്റബിള്‍ ഉപ്പുമാവ്… ഇവയില്‍ ഏതെങ്കിലുമൊന്ന്.
. ഒപ്പം വിളമ്പാന്‍ സാമ്പാര്‍, കടലക്കറി, പയറുകറി, വൈവിധ്യമാര്‍ന്ന ചട്നി എന്നിവ.
ആഴ്ചയില്‍ ഒരിക്കല്‍ പൂരി, ഓട്സ് കാച്ചിയത്, കോണ്‍ഫ്ളേക്സ് പാലിനൊപ്പം എന്നിവയും ആകാം. ചപ്പാത്തി തയാറാക്കുമ്പോള്‍, കൂടുതല്‍ പോഷകപ്രദമാക്കാന്‍ ഗോതമ്പുപൊടിയുടെ ഒപ്പം അല്‍പം സോയാപ്പൊടി ചേര്‍ക്കുക.
. ഒരു കപ്പു പാല്‍ (ഏകദേശം 150 മില്ലി) അല്ലെങ്കില്‍ പാല്‍ ചേര്‍ത്ത ചായ.
പ്രാതല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. തലച്ചോര്‍ ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ പ്രാതല്‍ കഴിച്ചേ മതിയാകൂ. സ്കൂളിലേക്കു പോകുവാനുള്ള തിരക്കില്‍ പാല്‍ മാത്രം കുടിച്ച് ഓടാന്‍ അനുവദിക്കരുത്. വെറും വയറ്റില്‍ പാല്‍ മാത്രം കുടിച്ചാല്‍ അത് അസിഡിറ്റിക്കു കാരണമാകും. ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാകുവാനും ഇതിടയാക്കും.
അവനു കഴിക്കാന്‍ നേരം കിട്ടാറില്ല. എന്നു പറഞ്ഞു മാതാപിതാക്കള്‍ ദുശ്ശീലം അനുവദിച്ചു കൊടുക്കരുത്. ദിവസേന അര മണിക്കൂര്‍ നേരത്തെ എഴുന്നേറ്റാല്‍ ആവശ്യത്തിനു സമയം കിട്ടും. തീരെ സമയമില്ലെങ്കില്‍ പ്രാതല്‍ പൊതിഞ്ഞു കൊടുക്കുക. കുട്ടി അതു കഴിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുക.
പത്തുമണി സ്നാക്ക്: ബേക്കറി വേണ്ട
. ഒരു പിടി കശുവണ്ടി, ഈന്തപ്പഴം, കാരറ്റ്, വെള്ളരിക്ക എന്നിവ വിരലിന്റെ വലിപ്പത്തില്‍ അരിഞ്ഞത്, കപ്പലണ്ടി മിഠായി, എള്ളുണ്ട, കാരറ്റ് ഹല്‍വ, ചീസ് സാന്‍ഡ്വിച്ച്, പഴങ്ങള്‍, അവല്‍ വിളയിച്ചത്. ഇവയില്‍ ഏതെങ്കിലും ഒന്നു നല്‍കാം.
ഈ വിഭവങ്ങള്‍ എല്ലാം തന്നെ നേരത്തെ തയാറാക്കി വയ്ക്കാവുന്നവയാണ്. ഇതു തയാറാക്കി സൂക്ഷിച്ചാല്‍, സ്നാക്ക് ബോക്സില്‍ നിന്നു ബേക്കറി വിഭവങ്ങള്‍ ഒഴിവാക്കാം. പ്രിസര്‍വേറ്റീവ്സ് ചേര്‍ന്ന ബേക്കറി വിഭവങ്ങള്‍ സ്ഥിരമായി കഴിക്കുമ്പോള്‍ കുട്ടിയുടെ വിശപ്പു നഷ്ടപ്പെടുന്നു.
ഉച്ചയൂണു സമൃദ്ധിയോടെ
. ചോറ്, പുലാവ്, ചപ്പാത്തി, വെജിറ്റബിള്‍ ബിരിയാണി.
. വെജിറ്റബിള്‍ റെയ്ത്ത, തൈര്
. മുട്ട, പരിപ്പ്, പയര്‍, മീന്‍, പനീര്‍, ഇറച്ചി വിഭവങ്ങള്‍.
. പച്ചക്കറികള്‍.
ചമ്മന്തി
പച്ചമാങ്ങ, നെല്ലിക്ക, മല്ലിയില, പുതിനയില എന്നിവ കൊണ്ടുള്ള പുതുമയാര്‍ന്ന ചമ്മന്തികള്‍ തയാറാക്കുക. മുളകു കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
ഉച്ചഭക്ഷണത്തില്‍ നിര്‍ബന്ധമായും പച്ചക്കറി ഉള്‍പ്പെടുത്തണം. പരിപ്പോ പയറോ ചേര്‍ന്ന ഒരു കറിയും നിര്‍ബന്ധമാ ണ്. കുട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ നിറഞ്ഞതാണു പയര്‍ പരിപ്പു വര്‍ഗങ്ങള്‍.ഏതെങ്കിലും ഒരു പാലുല്‍പന്നവും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അല്പം തൈരോ മോരോ, പനീറോ ആകാം.ചില കുട്ടികള്‍ക്കു രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയൂണിനു കൊണ്ടുപോകാനായിരിക്കും താല്‍പര്യം. അതിനു തടസം നില്‍ക്കേണ്ട. അത്തരം അവസരങ്ങളില്‍ രാവിലത്തെ പ്രാതലിനു ചെറിയ പരിഷ്ക്കരണം നടത്തി കൊടുത്തു വിടാം. രാവിലത്തെ ചപ്പാത്തിയുടെ ഉള്ളില്‍ അല്‍പം പച്ചക്കറിയും മുട്ട ചിക്കിപ്പൊരിച്ചതും വച്ചു ചുരുട്ടിയെടുക്കാം. ഇഡ്ഡലി മാവില്‍ കുറച്ചു കാരറ്റും ബീന്‍സും പൊടിയായി അരിഞ്ഞതു ചേര്‍ത്തിളക്കി ഇഡ്ഡലി പുഴുങ്ങിയെടുക്കാം. ഇടിയപ്പ ത്തിനുള്ളില്‍ ഇറച്ചി മിന്‍സ് ചെയ്തതു സ്റ്റഫ് ചെയ്യാം. ഇത്തരം പുതുമകള്‍ കുട്ടി പൂര്‍ണമനസോടെ സ്വീകരിക്കും.
നാലു മണി വിഭവങ്ങള്‍ വീട്ടിലുണ്ടാക്കുക
. പീറ്റ്സ ഊത്തപ്പം, ഏത്തപ്പഴം പുഴുങ്ങിയത്, പഴംപൊരി, വട, കൊഴുക്കട്ട, പഞ്ഞപ്പുല്‍ അട, കട്ലറ്റ്, അവല്‍ നനച്ചതും പഴവും, കപ്പബോള്‍. ഇവയില്‍ ഏതെങ്കിലും ഒന്ന്.
. പാല്‍, ചായ, പഴച്ചാറ്, മില്‍ക്ഷെയ്ക്, കസ്റ്റേര്‍ഡ് പുഡ്ഡിങ്.
ജോലിക്കു പോകുന്ന അച്ഛനമ്മമാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണിത്. വൈകുന്നേരം വന്നിട്ടു നീ തന്നെ എന്തെങ്കിലും വാങ്ങി കഴിച്ചോളൂ. എന്നു പറഞ്ഞു പണം കൊടുക്കുന്ന പതിവു നിര്‍ത്തുക. ബേക്കറിയില്‍ ചെല്ലുന്ന കുട്ടി നിറവും മധുരവുമുള്ള ലഡ്ഡു, ജിലേബി അല്ലെങ്കില്‍ പായ്ക്ക്ഡ് ചിപ്സ്, പഫ്സ് തുടങ്ങിയവ വാങ്ങിക്കഴിക്കും. ഒരു പഫ്സില്‍ മാത്രം അഞ്ചുസ്പൂണ്‍ വരെ എണ്ണയുണ്ട്. യഥാര്‍ഥത്തില്‍ കുട്ടിക്ക് ഒരു ദിവസം ആകെ വേണ്ട എണ്ണ അഞ്ചു സ്പൂണ്‍ ആണ്.വീട്ടില്‍ തന്നെതയാറാക്കുന്ന വിഭവങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. രാവില ത്തെ ദോശമാവും കോരിയൊഴിച്ചു പരത്തി, അതിനു മീതെ അല്‍പം പച്ചക്കറികള്‍ അരിഞ്ഞതും ചീസും വിതറിയ ശേഷം മറിച്ചിട്ടെടുത്താല്‍ പീറ്റ്സ് ഊത്തപ്പമായി.സ്കൂള്‍ കാന്റീനുകളാണു കുട്ടികളില്‍ ചീത്ത ഭക്ഷണശീലം വളര്‍ ത്തുന്ന മറ്റൊരു ഘടകം. വീട്ടില്‍ അച്ഛനും അമ്മയും വാങ്ങിക്കൊടുക്കാത്ത, വറപൊരി സാധനങ്ങള്‍ കാന്റീനില്‍ കിട്ടുമ്പോള്‍ കുട്ടിക്കു കാര്യങ്ങള്‍ വളരെയെളുപ്പമായി.കാന്റീനിലും ആരോഗ്യകരമായ സ്നാക്ക്സ് വിതരണം ചെയ്യാ ന്‍ പേരന്റ്സ് ടീച്ചര്‍ അസോസിയേഷന്‍ വഴി മാതാപിതാക്കള്‍ മുന്‍കൈ എടുക്കണം.
അത്താഴം എട്ടു മണിക്കു മണിക്കു മുമ്പ്
ചോറ്, ചപ്പാത്തി, ദോശ, . സാലഡ്, . പച്ചക്കറി
രാത്രിയില്‍ പറോട്ടയും മാംസാഹാരങ്ങളും കുറയ്ക്കുക. ഇവ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കും. രാത്രി എട്ടു മണിക്കുള്ളില്‍ കുട്ടികള്‍ അത്താഴം കഴിക്കണം.അത്താഴം കഴിഞ്ഞ് ഒന്നര മണിക്കൂറിനു ശേഷം മാത്രം കിടക്കാന്‍ അനുവദിക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട് വികാസ് പീഡിയ