ഭാഗ്യം ‘വാസന്തി’യുടെ തേരിലേറി സ്വാസികയിലേക്ക് എത്തിയപ്പോള്‍
മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ പുരസ്കാരം സ്വന്തമാക്കിയ സ്വാസിക വിജയുമായ് കൂട്ടുകാരി നടത്തിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗം.
ബിഗ്സ്ക്രീനിലൂടെയാണ് ഞാൻ ഫീൽഡിൽ എത്തിയത്. 2014 ലാണ് സീരിയലുകൾ ചെയ്തുതുടങ്ങുന്നത്. ദത്തുപുത്രിയാണ് ആദ്യ സീരിയലെങ്കിലും സീതയാണ് പ്രേക്ഷകരുടെ മനസ്സില് ചിരപ്രതിഷ്ഠ നേടിത്തന്ന കഥാപാത്രം. ഇപ്പോഴും ഞാന്‍ പുറത്ത് പോകുമ്പോൾ അവർ ആ ഇഷ്ടം പ്രകടിപ്പിക്കാറുണ്ട്.
അവാർഡ് തിളക്കം
വാസന്തിക്ക് അവാർഡ് കിട്ടിയതിൽ തീർച്ചയായും വളരെയധികം സന്തോഷമുണ്ട്. ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ഒരു കാര്യം സാധിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രമാത്രമായിരിക്കും. പത്ത് വർഷമായി ഞാൻ സിനിമാ ഇന്ഡസ്ട്രിയുടെ ഭാഗമാണെങ്കിലും എടുത്തുപറയത്തക്ക ഒരു പൊസിഷനിൽ ഇതുവരെ എത്തിയിട്ടില്ല. അങ്ങനെയുള്ള സമയത്ത് ലഭിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വലിയ ഒരു നേട്ടമായാണ് ഞാന്‍ കരുതുന്നത്.
അവാർഡ് വരുത്തിയ മാറ്റം
ഞാൻ പണ്ട് എങ്ങനെയായിരുന്നോ അങ്ങനെത്തന്നെയാണ് ഇപ്പോഴും. ഒരു വ്യക്തി എന്ന നിലയിൽ അവാർഡ് നേട്ടം എന്നിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. സീരിയലും ഷോസും ഇപ്പോഴും ചെയ്യാറുണ്ട്. കട്ടപ്പനയിലെ ഋത്വിക് റോഷന് ചെയ്ത സമയത്താണ് വാസന്തിയില്‍ അഭിനയിക്കാനുള്ള അവസരം വന്നത്. സിജുവിത്സനാണ് വാസന്തിയില്‍ അഭിനയിക്കാൻ താല്‍പര്യം ഉണ്ടോ എന്ന് എന്നോട് ചോദിക്കുന്നത്. അദ്ദേഹം തന്നെയാണ് ആ ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. മനസ്സുകൊണ്ട് അഭിനയിച്ച ചിത്രമാണ് വാസന്തി.
കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി
തേപ്പുകാരിയുടെ ലേബലില്‍ ആണ് യൂത്തിന്‍റെ ഇടയിൽ ഇപ്പോഴും ഞാന്‍ അറിയപ്പെടുന്നത്. ചില ക്യാരക്റ്റര്‍ ആളുകളുടെ മനസ്സിൽ നന്നായി പതിയും. വർഷങ്ങൾ എത്ര കഴിഞ്ഞാലും അതിൽ ഒരു മാറ്റവുമുണ്ടാകില്ല. അത് ആ സിനിമയുടെ വിജയമായാണ് ഞാൻ കാണുന്നത്.
ഇട്ടിമാണിയും ലാലേട്ടനും
ലാലേട്ടനോടൊപ്പമുള്ള വർക്ക് തുടക്കക്കാരിയെന്ന നിലയിൽ ശരിക്കും നല്ലൊരു ലേണിംഗ് എക്സ്പീരിയൻസ് ആയിരുന്നു. തുടക്കക്കാർക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാന്‍ പറ്റും. ഇട്ടിമാണിയില്‍ ഒത്തിരി പുതിയ കുട്ടികളു ണ്ടായിരുന്നു. ഓരോ കാര്യങ്ങളും വ്യക്തതയോടുകൂടി അദ്ദേഹം പറഞ്ഞും തരും. ലാലേട്ടനെ കുറിച്ച് പുറമെ കേൾക്കുന്ന കാര്യങ്ങള്‍ എന്നതിലപ്പുറം റിയൽ ലൈഫില്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വം അടുത്തറിയാനും പറ്റി.
തുടക്കം തമിഴിൽ
എന്‍റെ കരിയർ സ്റ്റാര്‍ട്ട് ചെയ്തത് തമിഴ് സനിമയിലൂടെയായിരുന്നു. ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയായിരുന്നു വൈഗയും സൂരിപാളയം. തുടക്കമായതുകൊണ്ട് എനിക്ക് സിനിമയെക്കുറിച്ചോ അതിന്‍റെ വിവിധവശങ്ങളെക്കുറിച്ചോ അറിവൊന്നും തന്നെ ഇല്ലായിരുന്നു.
ഉർവശി
ലാലേട്ടന്‍റെ ഒരു ഫീമെയിൽ വെർഷനാണ് ഉർവശിച്ചേച്ചി. ലാലേട്ടൻ എങ്ങനെയാണ് നമ്മളിൾ വിസ്മയം സൃഷ്ടിക്കുന്നത് അതുപോലെ തന്നെയാണ് ഉർവശിച്ചേച്ചിയും. കേശു ഈ വീടിന്‍റെ നാഥൻ ഒരുതരത്തിൽ ഉർവശിച്ചേച്ചിയുടെ തിരിച്ചുവരവാണ്. കുറച്ചുനാളുകളായി അമ്മ റോളുകൾ മാത്രമാണ് ചേച്ചി കൈകാര്യം ചെയ്തിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി നായികാകഥാപാത്രമാണ് ഈ സിനിമയിൽ ഉർവശിച്ചേച്ചി അവതരിപ്പിക്കുന്നത്. കേശുവിൽ ദിലീപിന്‍റെ നായികയാണ് ചേച്ചി. ഈ സിനിമയിലൂടെ ഗംഭീര തിരിച്ചുവരവായിരിക്കും ചേച്ചി നടത്തുക. അഭിനയത്തിന്‍റെ എന്‍ സൈക്ലോപീഡിയ ആണ് അവർ. സ്വന്തം ഡയലോഗ് പറഞ്ഞ് ക്യാരവാനില്‍ വിശ്രമിക്കുന്ന സീനിയര്‍ താരങ്ങളില്‍ വ്യത്യസ്തമായി നമ്മുടെ എല്ലാ കാര്യങ്ങള്‍ക്കും പിന്തുണയുമായി ചേച്ചി കൂടെ ഉണ്ടാകും. അത് ഞങ്ങളെ പോലുലുള്ള ബിഗിനേഴ്സിന് ഞങ്ങളുടെ തെറ്റ് തിരുത്താനും കരിയര്‍ മെച്ചപ്പെടുത്താനും വളരെ ഉപകരിച്ചിട്ടുണ്ട്. ദീലീപേട്ടന്‍റെ ക്യാരക്റ്ററിന്‍റെ അനിയത്തിമാരിൽ ഒരാളാണ് എന്‍റെ കഥാപാത്രം. ഞങ്ങളുടെ കുടുംബത്തിലുണ്ടായ രസകരമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഒരു ഫാമിലി എന്‍റര്‍ടെ യിനന്‍മെന്‍റാണ് കേശു ഈ വീടിന്‍റെ നാഥൻ.
വരാനിരിക്കുന്ന ചിത്രങ്ങൾ
മോഹൻലാൽ – ബി.ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. കുടുക്ക് 2021 എന്ന ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞു. യംഗ്സ്റ്റേഴ്സിന്റെ കഥപറയുന്ന ചിത്രത്തിന്റെ സംവിധായകൻ ബിലഹരിയാണ്.
പത്മകുമാറിന്‍റെ ഒരു ചിത്രത്തിന് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിനു മുന്പേ അനൗൺസ് ചെയ്തതാണെങ്കിലും ഔട്ട്ഡോർ ആയതുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടു പോകുന്നത്.
സിനിമയിലെ വിവേചനം
ലൊക്കേഷനിൽ അങ്ങനെ ഒരു വിവേചനം തോന്നിയിട്ടില്ല. പക്ഷേ ക്യാരക്റ്റേഴ്സിനെ വിളിക്കുമ്പോഴാണ് അത്തരം വിവേചനം ഉണ്ടാകുന്നത്. ഡെയ് ലി പ്രേക്ഷകർ നമ്മുടെ മുഖം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാണ് ചില സിനിമകളില്‍ നിന്ന് തഴയപ്പെട്ടത്. പക്ഷേ സീരിയലിൽ നിന്ന് ബിഗ്സ്ക്രീനിലേക്ക് വന്ന താരങ്ങൾ ഒത്തിരിയുണ്ട്. ഷാരൂഖ് ഖാൻ, സുശാന്ത് സിംഗ് രാജ്പുത്, അനൂപ് മേനോൻ, ലെന, ആശ ശരത് തുടങ്ങി സീരിയലില് നിന്ന് സിനിമയില് വന്ന് സക്സസായ ഒത്തിരി താരങ്ങള് നമുക്കിടയിലുണ്ട്. എന്നിട്ടും ഇത്തരത്തിലുള്ള വിവേചനം തുടരുന്നുണ്ട് എന്നത് അതിശയകരമാണ്.
സീരിയലുകൾ ചെയ്തിരുന്ന സമയത്ത് തന്നെയാണ് എനിക്ക് കട്ടപ്പനയിലെ ഋത്വിക് റോഷനിലും ഇട്ടിമാണിയിലും പൊറിഞ്ചു മറിയത്തിലുമൊക്കെ അഭിനയിക്കാൻ അവസരം വന്നത്. അന്ന് അത്തരത്തിലുള്ള സംഭാഷണം ഉണ്ടായിരിക്കുകയില്ല, അല്ലെങ്കിൽ ഒരു അദൃശ്യശക്തി അത്തരം ഒരു ചർച്ച തടഞ്ഞിരിക്കണം എന്നാണ് ഞാന് വിശ്വസിക്കുന്നത്.
പൂജവിജയ് സ്വാസികയിലേക്ക്
എന്‍റെ പേര് പൂജവിജയ് എന്നാണ്. തമിഴ് സിനിമ ചെയ്യുന്ന സമയത്ത് അവരിട്ട പേരാണ് സ്വാസിക. വീട്ടിൽ ഞാനിപ്പോഴും പൂജതന്നെയാണ്.അച്ഛന് വിജയകുമാർ ബഹ്റിനില്‍ ആണ്. അമ്മ ഗിരിജയാണ് ഷൂട്ടിംഗിന് എന്റെ കൂടെ വരുന്നത്. സഹോദരൻ ആകാശ് ബാംഗ്ലൂരില് ജോലിചെയ്യുന്നു.