ആരാധകരുടെ കണ്ണുകളെ ഈറനണിയിച്ച് അപ്പുവിന്‍റെ അവസാനവരവ്; ‘ജയിംസി’ന് റെക്കോര്‍ഡ് കളക്ഷന്‍

കാലയവനികയിലേക്ക് മാഞ്ഞ പുനീത് രാജ്കുമാര്‍(അപ്പു) അവസാനമായി അഭിനയിച്ച ചിത്രം’ ജയിംസ്’ റിലീസ് ചെയ്ത ദിവസമാണ് ഇന്ന്. അപ്പുവിനെ ബിഗ്സ്ക്രീനില്‍ കണ്ടനിമിഷം അദ്ദേഹത്തിന്‍റെ ആരാധകരെ കണ്ണുകളെ ഈറനണിയിച്ചു.

അതേ സമയം, കന്നഡ ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ടുമായാണ് ചിത്രം എത്തിയിരിക്കുന്നത് കൊണ്ടുതന്നെ തിയേറ്റര്‍ കളക്ഷന്‍ റെക്കോര്‍ഡ് ഇട്ടേക്കുമെന്നാണ് സൂചന. ചിത്രത്തിന്‍റെ ഏറ്റവും വലിയ ഓപണിംഗ് ആയ കെജിഎഫ് ചാപ്റ്റര്‍ 1നെയും ജെയിംസ് മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
കര്‍ണ്ണാടകയില്‍ സാധാരണ വന്‍ താര ചിത്രങ്ങളൊക്കെ 300- 320 തിയറ്ററുകളിലാണ് റിലീസിനെത്തുന്നതെങ്കില്‍ ജെയിംസ് 380 തിയറ്ററുകളിലെ 450 സ്ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.

കര്‍ണ്ണാടകത്തില്‍ മാത്രം ആദ്യ ദിനം 2100 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. പുലര്‍ച്ചെ മാത്രം 200 പ്രദര്‍ശനങ്ങള്‍. അതായത് കര്‍ണാടകത്തില്‍ ആദ്യ ദിനം ചിത്രത്തിന്‍റെ 10 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിന് ലഭിക്കാനിടയുള്ള പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും സാന്‍ഡല്‍വുഡിന് സംശയങ്ങളില്ല. കാരണം ബംഗളൂരു നഗരത്തില്‍ മാത്രം 4 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് ഇന്നലെ രാത്രി വരെ നടന്നിരിക്കുന്നത്. ഇന്നത്തെ ബംഗളൂരു കളക്ഷന്‍ 5 കോടിയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മറ്റൊരു പ്രധാന സെന്‍ററായ മൈസൂരുവിലും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. 110 ഷോകളിലെ 30,000 ടിക്കറ്റുകളാണ് വിറ്റുപോയത്. കര്‍ണ്ണാടകത്തിലെ ആകെ അഡ്വാന്‍സ് ബുക്കിംഗ് 7.50- 8 കോടി രൂപയുടേതാണെന്നാണ് കരുതപ്പെടുന്നത്.

ചേതന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, അനു പ്രഭാകര്‍ മുഖര്‍ജി, ശ്രീകാന്ത് മേക, ശരത്ത് കുമാര്‍, ഹരീഷ് പേരടി, തിലക് ശേഖര്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

പുനീത് രാജ്‍കുമാറിനെ അദ്ദേഹത്തിന്‍റെ എല്ലാ പ്രതാപത്തോടെയും ആഘോഷിക്കുന്ന ചിത്രമാണ് ജെയിംസ് എന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്‍തു. ഒരാള്‍ക്ക് ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല. ഗ്രാവിറ്റിയെ നിഷ്പ്രഭമാക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, അദ്ദേഹത്തിന്‍റെ ഐതിഹാസികമായ നൃത്തച്ചുവടുകള്‍, ആരാധകര്‍ക്കും മറ്റ് വലിയ പ്രേക്ഷകവൃന്ദത്തിനുമുള്ള മാസ് ഡയലോഗുകള്‍. ആരാധകര്‍ അദ്ദേഹത്തിന്‍റെ ഓരോ രംഗങ്ങളും ആഘോഷിക്കുകയാണ്. അദ്ദേഹത്തെ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നത് വൈകാരികമായ ഒരു അനുഭവമാണ്. കര്‍ണ്ണാടക മാത്രമല്ല, മുഴുവന്‍ ഇന്ത്യയും ഈ സിനിമ കാണണം, എന്നാണ് രമേശ് ബാലയുടെ ട്വീറ്റ്.സൂര്യനേക്കാള്‍ തിളക്കമുള്ള അപ്പു സാര്‍. അപ്പു സാറിനെ പവര്‍ സ്റ്റാര്‍ എന്ന് വിളിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് ആ സംഘട്ടന രംഗങ്ങള്‍ പറയും. വെല്‍ മേഡ് കമേര്‍സ്യല്‍ മൂവി, യുട്യൂബര്‍ അരുണ്‍ ട്വീറ്റ് ചെയ്‍തു.

Leave a Reply

Your email address will not be published. Required fields are marked *