” ജാലകക്കാഴ്ചകൾ”

സുരേഷ് ബാബു ചിറയിൻകീഴ് .

” അവസാനമീക്കുഞ്ഞു ജാലകപ്പഴുതിലായ്

അരുണോദയത്തിന്റെയാദ്യസമാഗമം .

ആസന്ന മൃത്യുവിൻ പദനിസ്വനമെന്റെ –

യരുകിലെ ജാലകക്കാഴ്ചയായ് തെളിയവേ.

ശിശിരം കൊഴിച്ചൊരിലകൾ തൻ മർമ്മരം

ശോകാർദ്രമേതോ രാവിന്റെ തേങ്ങലായ്

ശാരികേ നീ വീണ്ടുമണയുക ചില്ലയിൽ

ശ്യാമാംബരങ്ങളെയുണർത്തുമൊരു പാട്ടുമായ്.

മങ്ങുമീക്കാഴ്ചകൾ പകൽ വെളിച്ചത്തിലും

മറയുന്നൊരോർമ്മകൾ ഉള്ളിലായെങ്കിലും .

മരണം തളച്ചിട്ട ചുവരുകൾക്കുള്ളിൽ ഞാൻ

മരുന്നുകൾക്കടിമയായിനിയെത്ര നാളുകൾ ?

കുഞ്ഞിളം തെന്നലായെന്നെത്തഴുകുമോ

കനവുകൾ നുരയ്ക്കുമൊരു ലഹരിയായ് നീ.

കർക്കിടകം പെയ്തൊഴിഞ്ഞു പോയ് കാറുകൾ

കുളിരേറിയാമങ്ങൾ യാത്രയാക്കീടവേ.

ഓരോ നിമിഷവും ഓരോ ദിനങ്ങളും

ഒടുവിലീ ജീവിതക്കാഴ്ചയായ് മറയവേ

ഓർമ്മയിലിനി നിന്റെ രൂപവും മാത്രമായ്

ഓർത്തെടുക്കാനെന്തു ബാക്കിയീ ജീവനിൽ

നിമിഷങ്ങൾ മാത്രമീ ഞെട്ടിൽ നിന്നടരുവാൻ

നാളെയാ മണ്ണിന്റെയവകാശിയാകുവാൻ.

നിഴലുകൾ ജാലക കാഴ്ച്ചക്കുമപ്പുറം

നിശബ്ദമായിന്നു മറഞ്ഞുപോയീടവേ…..

Leave a Reply

Your email address will not be published. Required fields are marked *