ഓടപൂക്കളും കൊട്ടിയൂർ വൈശാഖ മഹോത്സവും
വർഷത്തിൽ 28 ദിവസം മാത്രം തുറക്കുന്ന കണ്ണൂരിലെ അക്കരെ കൊട്ടിയൂർ എന്ന ക്ഷേത്രം . കാടിന്റെ വന്യതയിലും കാട്ടാറിന്റെ രൗദ്രതയിലും 28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ ഉത്സവം,നാടും,കാടും ഒരുമിച്ചു പങ്കെടുക്കുന്ന ഈ ഉത്സവമാമാങ്കത്തിൽ ജാതി മത ചിന്തകൾക്ക് ഒരു സ്ഥാനവുമില്ല.
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചുംവ്യത്യസ്തമായ കൊട്ടിയൂരിൽ നെയ്യാട്ടത്തിൽ തുടങ്ങി തൃക്കലശാട്ടിൽ അവസാനിക്കുന്ന ഉത്സവം, വൈശാഖ മഹോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഐതീഹ്യം
ഒരിക്കൽ ദക്ഷന്റെ യാഗഭൂമിയായിരുന്നുവത്രെ കൊട്ടിയൂർ. തന്റെ സമ്മതപ്രകാരമല്ലാതെ പരമശിവനെ വിവാഹം ചെയ്ത പുത്രിയായ സതിയേയും ശിവനെയും അപമാനിക്കുക എന്ന ഉദ്ദേശത്തിൽ അദ്ദേഹം ഒരു യാഗം നടത്തി.
ഇതിലേക്ക് ശിവനെയും സതിയെയും ഒഴികെ ഈരേഴുപതിനാലു ലോകത്തെ എല്ലാവരെയും അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. പിതാവിനോടുള്ള സ്നേഹം മൂലം സതി യാഗത്തിൽ പങ്കെടുക്കാനായി താല്പര്യം പ്രകടിപ്പിച്ചുവത്രെ. എന്നാൽ യാഗത്തിൽ പങ്കെടുക്കേണ്ട എന്നു പറഞ്ഞ് ശിവൻ സതിയെ വിലക്കിയിരുന്നു. അവിടെ ചെന്നാൽ സതിയെ അപമാനിക്കുവെന്നും പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ അപമാനിക്കപ്പെട്ടു വന്നാൽ തിരിച്ച് കൈലാസത്തിൽ പ്രവേശിക്കരുതെന്നും ശിവൻ മുന്നറിയിപ്പ് നല്കിയിരുന്നു. ശിവന്റെ വാക്കുകളെ അവഗണിച്ച് പുറപ്പെട്ട സതിദേവി യാഗത്തിന് എത്തി. എന്നാൽ പിതാവായ ദക്ഷൻ ഉള്‍പ്പെടെ ആരും സതീദേവിയെ പരിഗണിച്ചില്ലെന്നു മാത്രമല്ല, അപമാനിക്കുകയും ചെയ്തു. യാഗത്തിൽ ഹവിർഭാഗം തന്റെ ഭർത്താവായ പരമേശ്വരനു വയ്ക്കാത്തത് ദേവി ചോദ്യം ചെയ്തു. യാഗത്തിനിടെ ശിവനെ അപമാനിക്കുന്നത് സഹിക്കവയ്യാതെ സതിദേവി അപമാനഭാരംമൂലം യാഗാഗ്നിയിൽ ജീവനൊടുക്കി. ഇതറിഞ്ഞ് കൈലാസത്തിലിരുന്ന ശിവൻ കോപിഷ്ഠനായി. കോപത്തിന്റെ ആധിക്യം മൂലം തന്റെ ജഡ പറിച്ച് നിലത്തടിച്ചു. ഇതിൽ നിന്നും ഉഗ്രരൂപിയായ വീരഭദ്രൻ ജനിച്ചു.
ശിവന്റെ ജഡയിൽ നിന്നും രൂപംകൊണ്ട വീരഭദ്രൻ യാഗഭൂമിയിലെത്തി. യാഗശാലയിലുണ്ടായിരുന്നവരെ അക്രമിക്കുകയും അവിടെ മുഴുവനായി തകർക്കുകയും കൂടാതെ ശിവന്റെ ഇഷ്ടം നിറവേറ്റാനായി വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് അറത്തെടുക്കുകയും ചെയ്തു. പിന്നീട് ശിവൻ താണ്ഡവ നൃത്തമാടിയ സമയത്ത് ദക്ഷന്റെ തല ചിന്നിച്ചിതറി പോവുകയും ചെയ്തുവത്രെ. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനെ പുനർജീവിപ്പിക്കുവാൻ വിഷ്ണുവും ബ്രഹ്മാവും ഇന്ദ്രനും ഉൾപ്പെടെയുള്ള ദേവീദേവഗണങ്ങൾ ശിവന്റെ അടുത്തെത്തി. അവരുടെ അഭ്യർഥന മാനിച്ച ശിവൻ ശാന്തമായി ദക്ഷനെ പുനർജീവിപ്പിച്ചു. തല ചിന്നിച്ചിതറി പോയിരുന്നതിനാൽ ആടിന്റെ ചല ചേർത്തുവെച്ചാണ് ജീവൻ നല്കിയത്. പിന്നീട് യാഗം മുടങ്ങിയ ഭൂമിയിൽ ഒരു ശിവലിംഗം സ്വയംഭൂവായി ഉയർന്നുവന്നു. ശിവന്റെ സാന്നിധ്യമായി കണ്ട് അതിനെയാണ് ഇവിടെ ആരാധിക്കുന്നത്. ഇതുതന്നെയാണ് ഉത്സവത്തിനു പിന്നിലുള്ള ഐതിഹ്യവും.
യാഗം മുടങ്ങിയതിനെ തുടർന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരിടമായി ഇത് മാറിയത്രെ. കാലങ്ങൾ പോയപ്പോൾ ഇവിടം ഒരു കൊടുംകാടായി മാറുകയും കുറിച്യ വിഭാഗത്തിൽ പെട്ട ആളുകളുടെ വാസസ്ഥലമായി മാറുകയും ചെയ്തു. ഒരിക്കൽ അമ്പിന് മൂർച്ച കൂട്ടാനായി ഇവിടെ എത്തിയ കുറിച്യ യുവാവ് അവിടെ കണ്ട കല്ലിൽ അമ്പ് ഉരച്ചപ്പോൾ കല്ലിൽ നിന്നും രക്തം വന്നുവത്രെ. ഇത് ശിവസാന്നിധ്യമാണെന്നു മനസ്സിലാക്കിയ അവിടെയുള്ള പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടി യെന്നും പിന്നീട് വൈശാഖോത്സവം ആരംഭിച്ചതും എല്ലാത്തിനും അതിൻറേതായ ചിട്ടകൾ ഉണ്ടാക്കി ക്രമീകരിച്ചതും ശങ്കരാചാര്യർ ആണെന്നാണ് വിശ്വാസം.
വിചിത്രമായ പല ആചാരങ്ങളും പിന്തുടരുന്ന കൊട്ടിയൂരിലെ ഉത്സവ സമയത്തെ പൂജകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് ഒരിക്കലും പൂർത്തിയാകില്ലത്രെ. 28 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവം അവസാനിക്കുമ്പോഴേക്കും പൂജകൾ മുഴുവനായും തീരാൻ പാടില്ലത്രെ. അങ്ങനെ ഓരോ കൊല്ലവും ബാക്കിയായ പൂജകളിൽ നിന്നാണ് തുടർന്നുള്ള വർഷങ്ങളിലെ ഉത്സവം ആരംഭിക്കുന്നത്.
ഓടപ്പൂവ്
വൈശാഖ വേളയില്‍ കൊട്ടിയൂരിലെത്തുന്നവര്‍ക്ക് വഴിക്കിരുവശവുമായി തൂക്കിയിട്ടിരിക്കുന്ന ഓട പൂക്കള്‍ കാണാം. വെള്ള നിറത്തില്‍ മനോഹരമായി തൂക്കി ഇട്ടിരിക്കുന്ന ഇവ ആകര്‍ഷണീയതയുടെ മറ്റൊരു മുഖമാണ്. ഓടപ്പൂവിനും ദക്ഷയാഗ ചരിത്രവുമായി ബന്ധമുണ്ട്.വീരഭദ്രന്‍ ദക്ഷയാഗത്തില്‍ വീരഭദ്രന്‍റെ താടി പറിച്ചെടുത്തശേഷമാണ് തലയറുത്തത്. ദീക്ഷ കാറ്റില്‍ പറത്തി. ഈ ദീക്ഷയാണ് ഓടപൂക്കള്‍ പ്രതിനിധാനം ചെയ്യുന്നത് . ഓടപൂക്കള്‍ ഭവനത്തിന് മുന്നിൽ സ്ഥാപിക്കുന്നതിലൂടെ വാസ്തു ദോഷം, ഗുളിക ദോഷം, ശനി ദോഷം, രാഹു കേതു ദോഷങ്ങൾ എന്നിവ മാറി ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഐശ്വര്യത്തിന്‍റെ പ്രതീകമായാണ് ഓടപ്പൂവിനെ ഭക്തജനങ്ങൾ കണക്കാക്കുന്നത്. വീടുകളിലും വാഹനങ്ങളിലും ഐശ്വര്യ വർദ്ധനയ്ക്കായും ഇതു തൂക്കിയിടുന്നു.
ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ്. ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്.
ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾ കൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായി ക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾ വിളിക്കുന്നത് തന്നെ ഓടക്കാടച്ഛൻ എന്നാണ് .ഓടപ്പൂനിർമ്മാണത്തിലൂടെ ഉത്സവകാലങ്ങളിൽ ജോലി ലഭിക്കുന്നത് ആയിരത്തിലധികം പേർക്കാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് വിവിധ മാധ്യമങ്ങള്‍