കനിവ്
ജ്യോതിശ്രീനിവാസൻ
കനിവ് തേടിയലയുന്നകണ്ണുകളിൽ കനവുകളുടെ ഉപ്പുപാടങ്ങൾ വറ്റി വരണ്ടുകിടക്കുന്നു
യാചനാപാത്രത്തിന്റെ അഴുക്കുപറ്റിയ കൊടും വിശപ്പിലേക്ക് നാണയത്തു ട്ടെറിയുന്ന മാന്യതകൾ
ഇരവിലുടലിൻ മടിക്കുത്തഴിച്ചുമാറ്റി
വിലക്കിന്റെ മുള്ളുവേലികൾ തകർക്കാൻ ഒട്ടും വയറിനുനേരെ ഗാന്ധിത്തലയുള്ളനോട്ടുകൾ നീട്ടുമ്പോൾ
കൊതിതീരെയുണ്ണാനാഗ്രഹിച്ചവരുടെ
കണ്ണിൽത്തെളിയുന്ന നക്ഷത്രവെളിച്ചം മുത്തി പകലിലേയ്ക്കനാഥരെ പെറ്റു കൂട്ടുന്നു
മുഷിപ്പും ദുർഗ്ഗന്ധവും രാത്രിലഹരികളിൽ മുല്ലപ്പൂമണങ്ങളലിലെന്നപോലാറാടി തിമിർക്കുന്നു
ഭ്രാന്തിയുടെ ഗർഭത്തിനുത്തരംതിരയുന്നവർ ലഹരിയിൽ തെളിഞ്ഞ സ്വന്തം നിഴൽരൂപം കണ്ട് ഞെട്ടിത്തരിക്കുന്നു
കല്ലെറിയുന്നവരുടെ കൂട്ടത്തിലേറ്റവും മുമ്പനായി നിൽക്കുന്നവർതന്നെ
കാമം മുറ്റിയ മിഴികളാൽ പിന്നെയുമിരുളിൽ സുഖം തപ്പിതിരയുമ്പോൾ
തെരുവിലനാഥബാല്യങ്ങൾ അനുസ്യൂതമായിങ്ങനെ പിറവികളെടുക്കുന്നു!