ഹണി ട്രാപ്പ്
അധ്യായം ഏഴ്
ക്ലൈമാക്സ്
വിനോദ് നാരായണന്‍(boonsenter@gmail.com)
പോലീസ് ക്ലബില്‍ വച്ച് എസ് പി നീരവ് സുബ്രയും സംഘവും പാപ്പാളി ബിജുക്കുട്ടനെ ചോദ്യം ചെയ്തു.
പരിഭ്രാന്തിയിലായിരുന്നു ബിജുക്കുട്ടന്‍
“സാറെ അവ ന്മാര് ഞങ്ങടെ വണ്ടിക്ക് വട്ടം വക്കുന്നത് അത്താണിയില്‍ വച്ചാണ്. അവ ന്മാരുടെ നേതാവ് യമഹാ ഷാജി എന്നു പറയുന്ന ഒരുത്തനാണ് സാറേ. അവര് നാലഞ്ചു പേരുണ്ടായിരുന്നു. നിവിന്‍ സാറിനെ അവ ന്മാര് തോക്കിന്‍റെ പാത്തിക്ക് ഇടിച്ച് ബോധം കെടുത്തി. തമ്മനത്തെ ഒരു ഫ്ളാറ്റിലേക്ക് പോകണമെന്നാണ് അവ ന്മാര് പറഞ്ഞത്. ഞാന്‍ അതനുസരിച്ച് പാലാരിവട്ടത്തു നിന്ന് സൗത്ത് ജനതാറോഡിലേക്ക് വണ്ടി കയറ്റി. അതോടെ അവ ന്മാരുടെ സ്വഭാവം മാറി. എന്നെ അടിച്ചു റോഡിലേക്കു തള്ളിയിട്ടിട്ട് അവ ന്മാര്‍ വണ്ടിയുമായി പോയി. ഞാനോടി സംവാധായകന്‍ മിഖായേല്‍ സാറിന്‍റെ വീട്ടില്‍ കയറി. മിഖായേല്‍ സാറാണ് പോലീസിനെ അറിയിച്ചതും പത്രക്കാരെ വിളിച്ചതും.”
“ അപ്പോള്‍ ഒരു പെണ്ണു കൂടി വണ്ടിയിലുണ്ട് എന്ന് നീ ചാനലുകാരോട് പറഞ്ഞതോ?”
“ ഓ ഉണ്ടായിരുന്നു സാറേ, വഴിക്കു വച്ച് ഒരു പെണ്ണ് കൈകാണിച്ചു കയറി.”
“ ആരായിരുന്നു അത്?”
“ ഒരു വെള്ള ഔഡി കാറിലായിരുന്നു അവര് വന്നത്. കാറ് ബ്രേക്ക് ഡൗണായത്രേ.”
“ അവരുടെ പേര് പറഞ്ഞില്ലേ?”
“ സില്‍വിയ … ഓ വേറെന്തോ കൂടിയുണ്ട്… ങാ.. ഹസാരിക . അതുതന്നെ സില്‍വിയ ഹസാരിക.”
“ മലയാളിയാണോ?”
“ ഓ അക്കാര്യം പറഞ്ഞാല്‍ അടിപൊളിയാണ്. ആ സ്ത്രീ ആദ്യം ചറുപറാ ഇംഗ്ലീഷ് പറഞ്ഞു. യമഹാ ഷാജി ആ സ്ത്രീയുടെ താടിക്ക് പിടിച്ചപ്പോള്‍ മുട്ടന്‍ തെറി പച്ചമലയാളത്തില്‍ പറഞ്ഞു. എന്തോ ഉഡായിപ്പ് പാര്‍ട്ടിയാണ്.”
ആ സമയം ഒരു സബ് ഇന്‍സ്പെക്ടര്‍ മൊബൈല്‍ ഫോണുമായി വന്നു
“ സാര്‍, നിര്‍മാതാവ് സാന്ദ്രാ നെറ്റിക്കാടനാണ്. വണ്ടി അവരുടേതാണ്. അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്…”
നീരവ് സുബ്ര മൊബൈല്‍ വാങ്ങി കാതോട് ചേര്‍ത്തു.
“ സാര്‍ ഞാന്‍ സാന്ദ്രയാണ്. എന്‍റെ ഫിലിമില്‍ വര്‍ക്കു ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് പിക്ക് ചെയ്യുകയായിരുന്നു നിവിന്‍ സുബ്രഹ്മണ്യത്തെ. എന്‍റെ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിഞ്ഞു. അയാളുമായി സംസാരിക്കാന്‍ പറ്റുമോ…?”
“ ഡ്രൈവര്‍ ബിജുക്കുട്ടനെ മൊഴിയെടുക്കാന്‍ വേണ്ടി കസ്റ്റഡിയിലെടുത്തതാണ്. അറസ്റ്റൊന്നുമല്ല. അയാളെ ഉടന്‍ വിടും. ഓക്കേ..”
“ താങ്ക്യൂ സര്‍.”
നീരവ് സുബ്ര മൊബൈല്‍ തിരികെ ഏല്‍പിച്ചുകൊണ്ട് പോലീസുകാരനോട് ചോദിച്ചു.
“ ഇവരെ തനിക്കെങ്ങനെ അറിയാം?”
“ അഡ്വക്കേറ്റ് ചാഴൂര്‍ വഴി വിളിച്ചതാണ്.”
“ അതൊന്നും വേണ്ട. ഇവിടെ നടക്കുന്നതൊന്നും ഇരുചെവിയറിയരുത്. കേട്ടല്ലോ.”
നീരവ് സുബ്ര താക്കീത് ചെയ്തു.
അദ്ദേഹം സി ഐ അജയനെ നോക്കി.
അജയന്‍, ബിജുക്കുട്ടനെ ചുഴിഞ്ഞു നോക്കി നില്‍ക്കുകയായിരുന്നു.
0000000
ഇരുണ്ട ഒരു മുറിയായിരുന്നു അത്.
ബോധം വീണപ്പോള്‍ നിവിന്‍ സുബ്രഹ്മണ്യന്‍ ചുറ്റും നോക്കി.
ഒരു മരക്കസേരയില്‍ കയറുകൊണ്ട് ബന്ധിതനാണ് അവന്‍.
തലക്ക് ഒരു പെരുപ്പുണ്ട്.
മുറിയുടെ മൂലയില്‍ ഒരു ഇരുണ്ട നിഴല്‍ കണ്ടു.
“ ആരാണത്?”
നിവിന്‍ ശബ്ദമടക്കി ചോദിച്ചു.
“ നിവിന്‍.. “
സില്‍വിയയുടെ ശബ്ദമായിരുന്നു അത്.
“ നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ നിവിന്‍…?”
“ ഇല്ല…. നിങ്ങള്‍ ഓക്കേയല്ലേ..?”
“ ഓക്കേയോ…. എന്നെ കെട്ടിയിട്ടിരിക്കുകയാണ്…. അവ ന്മാര്‍ പുറത്തേക്കു പോയിട്ട് ഒരു പത്തു മിനിറ്റായിട്ടുണ്ട്..”
സില്‍വിയ പറഞ്ഞു.
നിവിന്‍ സൂക്ഷിച്ചുനോക്കി.
മുറിയുടെ മൂലയില്‍ ചേര്‍ത്തിട്ടിരിക്കുന്ന ഒരു കസേരയില്‍ കൈകള്‍ കസേരയോട് ബന്ധിച്ചിട്ടിരിക്കുകയാണ് അവളേയും.
“ ഒരു സംശയം ചോദിച്ചോട്ടെ….നിങ്ങള്‍ക്ക് അവ ന്മാരെ അറിയാമോ?”
“ മണ്ടത്തരം പറയാതെ മാഷേ.. അവ ന്മാരെ എന്നെയല്ല, നിങ്ങളെയാണ് കിഡ്നാപ്പ് ചെയ്തിരിക്കുന്നത്.”
“ അതെനിക്ക് മനസിലായി.. നിങ്ങള്‍ അവരുമായി ഒത്തു കളിക്കുകയാണോ എന്നാണ് ഞാന്‍ ചോദിച്ചത്.”
നിവിന്‍റെ ചോദ്യത്തിന് മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു അവളുടെ മറുപടി.
“ നിങ്ങളെന്താ ചിരിക്കുന്നത്?”
നിവിന്‍ അരിശത്തോടെ ചോദിച്ചു.
അവള്‍ ഏതാനും നിമിഷം നിശബ്ദയായി ഇരുന്നു
എന്നിട്ടു പറഞ്ഞു
“ ഇവ ന്മാരെ ഞാന്‍ അറിയത്തില്ല.”
“ പക്ഷേ നിങ്ങള്‍ ഒരു പെരുങ്കള്ളിയാണെന്ന് ഞാന്‍ പറയും. നിങ്ങള്‍ മലയാളം അറിയാത്ത ഒരു വ്യക്തിയായി അഭിനയിച്ചു. പക്ഷേ നിങ്ങള്‍ക്ക് മലയാളം നന്നായി അറിയാം. പച്ചത്തെറി പറയാനും അറിയാം.”
നിവിന്‍ നീരസത്തോടെ പറഞ്ഞു.
സില്‍വിയ തല താഴ്ത്തിയിരുന്നു.
നിവിന്‍ തുടര്‍ന്നു
“ ഇവ ന്മാര്‍ക്ക് വേണ്ടത് പണമാണ്. അതുകൊടുത്ത് ഞാന്‍ തലയൂരും. പക്ഷേ നിന്നെ ഞാന്‍ വെറുതെ വിടുമെന്ന് കരുതുന്നുണ്ടോ. ഇനി ഇവ ന്മാര്‍ നിന്‍റെ ആളുകളല്ലെങ്കില്‍ ഇവര്‍ നിന്നെ വെറുതെ വിടുമോ?”
സില്‍വിയ ആലോചനയിലാണ്ടു.
പിന്നെ അവള്‍ പറഞ്ഞു,
“ ഞാനൊരു സത്യം പറയട്ടെ. ..?”
“ പറയ്”
അവള്‍ കസേര നിരക്കി അവനടുത്തേക്ക് കൊണ്ടു വന്നു.
“ എന്‍റെ യഥാര്‍ത്ഥ പേര് മെറിന്‍ സിന്‍ഡ്രല്ല എന്നാണ്. സത്യത്തില്‍ നിങ്ങളെ കെണിയില്‍പെടുത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍.”
“ ഞങ്ങളെന്നുവച്ചാല്‍?”
“ ഞാന്‍… പിന്നെ ഡ്രൈവര്‍ പാപ്പാളി ബിജുക്കുട്ടന്‍.. പിന്നെ സാന്ദ്രാ നെറ്റിക്കാടന്‍ എന്നു പറഞ്ഞ് നിങ്ങളെ ഫോണില്‍ വിളിച്ച മാലതീ മേനോന്‍.”
“ എല്ലാം ഫ്രോഡുകളായിരുന്നല്ലേ.. ?”
“ യേസ്.. നിങ്ങളുടെ യാത്രപോലും ഞങ്ങള്‍ തീരുമാനിച്ചത് വളരെ പ്ലാന്‍ ചെയ്തായിരുന്നു. മറ്റൊരു കാറില്‍ ആണ് നിങ്ങള്‍ വരുന്നതെങ്കില്‍ ഞങ്ങളുടെ പ്ലാന്‍ പൊളിഞ്ഞേനെ എന്നു കരുതിയാണ് ഡ്രൈവര്‍ ബിജുക്കുട്ടനെ കാറുമായി നിങ്ങളുടെ ഹോട്ടലിലേക്ക് പറഞ്ഞു വിട്ടത്.”
“ ആര്‍ക്കുവേണ്ടിയായിരുന്നു നിങ്ങള്‍ അത് പ്ലാന്‍ ചെയ്തത്?”
“ ദൈത്യനു വേണ്ടി.”
“ ദൈത്യനോ ആരാണയാള്‍…?”
“ ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഗുണ്ടാ നേതാവാണ്.”
“ അയാള്‍ക്ക് ആരോ ക്വട്ടേഷന്‍ കൊടുത്തതായിരിക്കും.”
“ ഉറപ്പാണല്ലോ… അയാളുടെ പേര് നിങ്ങള്‍ കാറില്‍ വച്ചു പറഞ്ഞല്ലോ.”
“ ആരുടെ പേര്.. ഓ സ്റ്റെഫിന്‍റേയോ..?”
“ യേസ്… നിര്‍മാതാവും സംവിധായകനുമായ സ്റ്റെഫിന്‍റേ ക്വട്ടേഷനായിരുന്നു അത്.”
“ അപ്പോള്‍ ഇവ ന്മാര്‍ ആരാണ്…?”
“ ആര്‍ക്കറിയാം..”
“ നിങ്ങള്‍ വലിയ പുള്ളിയല്ലേ മാഷേ….. അതോണ്ടല്ലേ…. ഇത്രേം കിഡ്നാപ്പേഴ്സ് പിന്നാലെ കൂടിയത്.”
“ ങും… “
നിവിന്‍ ഒന്നമര്‍ത്തി മൂളി..
അവന്‍ ചോദിച്ചു
“ എങ്ങനെ രക്ഷപ്പെടും സില്‍വിയ…. സോറി ….മെറിന്‍..?”
മെറിന്‍ ചിരിച്ചു.
“ ഓ നിങ്ങളു കാശു കൊടുത്ത് രക്ഷപ്പെടും. എന്നെ ഇവ ന്മാര്‍ പിച്ചിച്ചീന്തും..”
“ ഞാനൊരു സൂത്രം പറയാം.”
“ പറയ്.”
“ നീ ദൈത്യനെ വിളിക്ക്. അവന്‍റെ സംഘവുമായി ഇങ്ങോട്ട് വരാന്‍ പറയ്..”
നിവിന്‍ ഒരു ആശയം മുന്നോട്ടു വച്ചു.
മെറിന്‍ ചിന്താധീനയായി.
“ അതിന് ഫോണ്‍ വേണ്ടേ…. എന്‍റേയും നിങ്ങളുടേയും ഫോണെല്ലാം ആ കാലമാടډാര് എടുത്തോണ്ടു പോയി..എന്‍റെ ഫോണില്‍ എത്ര വിഐപികളുടെ സീനൊള്ളതാണെന്നറിയാമോ. കോടികളുടെ വിലയാ ഒരോ ക്ലിപ്പിനും. എല്ലാം നാശങ്ങള്‍ തുലച്ചു.”
“ എന്‍റെ ജീന്‍സിന്‍റെ ഉള്‍പ്പോക്കറ്റില്‍ ഒരു ചെറിയ ഫോണുണ്ട് മെറിന്‍. അതൊന്നെടുത്ത് വിളിച്ചാല്‍ മതി. ദൈത്യന്‍റെ നമ്പര്‍ നിനക്കറിയാമോ..”
“ അതൊക്കെയറിയാം. പക്ഷേ കൈയുടെ കെട്ടഴിക്കാതെ എങ്ങനെ വിളിക്കും.”
“ വഴിയുണ്ട്… നീ കസേര നിരക്കി എന്‍റെ കസേരയുടെ പിന്നില്‍ കൊണ്ടുവാ… “
“ എന്നിട്ട്?”
“ കൈ വിരലുകള്‍ ഫ്രീയല്ലേ… കെട്ടഴിക്കാന്‍ പാടില്ലേ..?”
“ ഓ .. തിരക്കഥാകൃത്തിന്‍റെ ബുദ്ധി..!”
“ സമയമില്ല… വേഗം പറഞ്ഞത് കേള്‍ക്ക്..”
“ ശരി.”
മെറിന്‍ കസേര നിരക്കി നിവിന്‍റെ കസേരയുടെ പിന്നില്‍ കൊണ്ടുവന്നു.
സ്വതന്ത്രമായ കൈവിരലുകള്‍ കൊണ്ട് പിന്നിലേക്ക് കെട്ടിയിരുന്ന കൈകള്‍ ഇരുവരും പരസ്പരം അഴിച്ചു.
കൈ സ്വതന്ത്രമായപ്പോള്‍ നിവിന്‍ ജീന്‍സിന്‍റെ ഉ ള്‍പ്പോക്കറ്റില്‍ നിന്നും ചെറിയ ഒരു ഫോണെടുത്ത് മെറിന് നീട്ടി.
അവളുടെ കൈയും ഇതിനകം സ്വതന്ത്രമായിരുന്നു.
അവള്‍ ഫോണ്‍ വാങ്ങിയിട്ട് ചോദിച്ചു
“ ഞാനെന്താ അങ്ങേരോട് പറയേണ്ടത്.. വേറേ ഗുണ്ടകള്‍ നമ്മളെ പിടികൂടി… രക്ഷിക്കാന്‍ പറയണോ..?”
“ അങ്ങനെ പറയൂ.. അല്ലാതെ വേറേ വഴിയില്ലല്ലോ..”
“ കോപ്പാണ്.. അങ്ങനെ എന്‍റെ പട്ടി പറയും.”
മെറിന്‍റെ ഭാവം മാറി.
അവള്‍ ഫ്രോക്ക് ഉയര്‍ത്തി തുടയില്‍ ഘടിപ്പിച്ചിരുന്ന ബാന്‍ഡില്‍ നിന്ന് ഒരു ചെറിയ പിസ്റ്റള്‍ എടുത്തു.
“ മെറിന്‍ ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്താതെ പോകാറില്ല. എന്നെ ഏതോ പീറ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയേ എന്നെ വന്നു രക്ഷിക്കോ എന്നു പറഞ്ഞാല്‍ ഒരുത്തനും വരില്ല. അതുകൊണ്ട് എന്‍റെ ദൗത്യം ഞാന്‍ പൂര്‍ത്തീകരിക്കട്ടെ.”
മെറിന്‍ പിസ്റ്റള്‍ നിവിന് നേരേ ചൂണ്ടി.
എന്നിട്ട് ഫോണില്‍ ദൈത്യന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു.
“ ദൈത്യന്‍… നിങ്ങള്‍ പറഞ്ഞത് അതേപടി നടപ്പാക്കാന്‍ പറ്റിയില്ലെങ്കിലും തിരക്കഥാകൃത്ത് നിവിന്‍ സുബ്രഹ്മണ്യന്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്.”
അപ്പുറത്ത് ദൈത്യന്‍റെ ശബ്ദത്തിന് ഘനം കുറവായിരുന്നു.
“ നീ പറ്റിക്കാന്‍ പറയുവാണോ. .അതോ ആരെങ്കിലും നിന്നെക്കൊണ്ട് പറയിക്കുന്നതാണോ?”
“ എന്തേ?”
“ ടിവി ന്യൂസില്‍ ഞാന്‍ എല്ലാം കാണുന്നുണ്ട്. കുറേ ഗുണ്ടകള്‍ ചേര്‍ന്ന് നിവിനേയും നിന്നേയും തട്ടിക്കൊണ്ടുപോയി എന്ന് ഏതോ പാപ്പാളി എല്ലാ ചാനലിലും ഇരുന്ന് വിളമ്പുന്നുണ്ടല്ലോ..”
ദൈത്യന്‍ പറഞ്ഞതുകേട്ട് മെറിന്‍ ഒന്നു വിളറിയെങ്കിലും അവള്‍ ഉലഞ്ഞില്ല.
“ സംഭവം സത്യമാണ്. പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ എന്‍റെ നിയന്ത്രണത്തിലാണ്. എന്‍റെ തോക്കിന്‍ മുനയിലാണ് നിവിന്‍. നിങ്ങളുടെ വാട്സാപ്പില്‍ എന്‍റെ സെല്‍ഫി നോക്കൂ. ഈ ഫോണ്‍ നിവിന്‍റെ കൈയില്‍ നിന്നും ഞാന്‍ തട്ടിയെടുത്തതാണ്. വിശ്വാസം വന്നിട്ട് തിരി്ച്ചു വിളിക്കൂ. “
അവള്‍ ആ ഫോണില്‍ നിന്ന് ആ രംഗത്തിന്‍റെ ഒരു സെല്‍ഫി എടുത്ത് വാട്ട്സാപ്പ് ചെയ്തു.
മെറിന്‍റെ ഭാവമാറ്റം കണ്ട് നിവിന്‍ അമ്പരന്നു നിന്നു.
“ അടിപൊളി .. ഇതാണ് പറയുന്നത് പെണ്ണിനെ പച്ചവെള്ളത്തില്‍ പോലും വിശ്വസിക്കരുതെന്ന്.”
“ താന്‍ പച്ചവെള്ളത്തിലും ചൂടുവെള്ളത്തിലും വിശ്വസിക്കണ്ട..”
മെറിന്‍ പരുക്കന്‍ സ്വരത്തില്‍ മറുപടി പറഞ്ഞു.
എന്നി്ട്ടു ചോദിച്ചു:
“ ഈ സ്ഥലമേതാണെന്ന് തനിക്കറിയാമോ?”
“ ആ എനിക്കറിയില്ല.”
നിവിന്‍ കൈ മലര്‍ത്തി.
“ താന്‍ തിരക്കഥാകൃത്തൊന്നുമാകേണ്ടയാളല്ല… വെറും പൊട്ടനാണ്.”
മെറിന്‍ പുച്ഛത്തോടെ പറഞ്ഞിട്ട് കൈയിലെ ഫോണിലെ ലൊക്കേഷന്‍ ഓണാക്കി.
ലൊക്കേഷന്‍ മാപ്പില്‍ അവര്‍ ഇരിക്കുന്ന ബില്‍ഡിങ്ങ് അടയാളം കാണിച്ചു.
മെറിന്‍ അത് സൂം ചെയ്തു നോക്കി.
അപ്പോഴേക്കും ദൈത്യന്‍റെ വിളി വന്നു.
“ പറയ് മെറിന്‍ ഞങ്ങള്‍ എവിടെ വരണം..?”
“ തമ്മനം കൊച്ചുപുരയ്ക്കല്‍ റോഡിലെ വലതു വശത്തെ മൂന്നാമത്തെ വീട്..”
മെറിന്‍ ലൊക്കേഷന്‍ മാപ്പ് നോക്കി വഴി പറഞ്ഞുകൊടുത്തു.
എന്നിട്ട് ഫോണ്‍ കോള്‍ കട്ട് ചെയ്ത് നിവിനെ വിജയഭാവത്തില്‍ നോക്കി ചോദിച്ചു:
“ എങ്ങനെയുണ്ട് കാര്യങ്ങള്‍?”
“ അടിപൊളി!”
മറുപടി പറഞ്ഞത് നിവിനല്ലായിരുന്നു.
ആ ശബ്ദം വന്നത് മുറിയുടെ മറ്റൊരു ഇരുണ്ട മൂലയില്‍ നിന്നായിരുന്നു.
മെറിന്‍ അമ്പരപ്പോടെ അവിടേക്കു നോക്കി
യമഹാ ഷാജി ചിരിയോടെ മുറിയുടെ മധ്യത്തിലേക്കു വന്നു.
മെറിന്‍ അവനു നേരേ തോക്കുചൂണ്ടി.
ഞൊടിയിടയില്‍ ഷാജിയുടെ കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ശബ്ദിച്ചു.
സൈലന്‍സര്‍ ഘടിപ്പിച്ചിരുന്ന ആ പിസ്റ്റലില്‍ നിന്നും ശബ്ദമില്ലാതെ പാഞ്ഞ വെടിയുണ്ട മെറിന്‍റെ കൈയിലിരുന്ന പിസ്ററല്‍ തട്ടിത്തെറിപ്പിച്ചു.
അതേ നിമിഷം തന്നെ ഷാജിയുടെ കരുത്തന്‍ കരങ്ങള്‍ മെറിനെ കീഴ്പ്പെടുത്തുകയും ചെയ്തു.
മുറിയില്‍ ലൈറ്റ് തെളിഞ്ഞു.
വാതിലുകള്‍ തുറക്കപ്പെട്ടു.
ഗുണ്ടകള്‍ മുറിയിലാകെ പ്രത്യക്ഷപ്പെട്ടു.
നിവിന്‍ ഒരു ചിരിയോടെ കസേരയില്‍ നിന്ന് എഴുന്നേറ്റു
മെറിന്‍ അമ്പരപ്പോടെ അവനെ നോക്കി.
നിവിന്‍ അവളോടു പറഞ്ഞു:
“ ഇത് എന്‍റെ തിരക്കഥയാണെടി.. നിന്‍റെ തിരക്കഥ വെറും ക്ലീഷേ… ഇനി നിന്‍റെ ആ ദൈത്യനും ക്വട്ടേഷന്‍ കൊടുത്ത സ്റ്റെഫിനും കൂടി ഞങ്ങളുടെ വായിലേക്കു വന്നു കയറും. സിനിമാക്കാരോട് കളിക്കുമ്പോള്‍ നോക്കീം കണ്ടും കളിക്കണം. തിരക്കഥകള്‍ കുറേ എഴുതിയിട്ടുള്ളവരാണ് ഞങ്ങള്… “
അതു പറഞ്ഞ് നിവിന്‍ പുറത്തേക്കു നോക്കി വിളിച്ചു.
“ റിന്‍സാ . . കേറി വാടാ..”
റിന്‍സണ്‍ മുറിയിലേക്ക് കയറി വന്നു.
നിവിന്‍ റിന്‍സണെ ചേര്‍ത്തു പിടിച്ചു പറഞ്ഞു
“ ഇത് ഫിലിം പ്രൊഡ്യൂസര്‍ റിന്‍സണ്‍.”
പിന്നെ യമഹാ ഷാജിയെ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു
“ ഇത് സ്റ്റണ്ട് മാസ്റ്റര്‍ അബൂബക്കര്‍. തോക്ക് വെറും എയര്‍ ഗണ്ണാണ് കേട്ടോ.. അല്ലേല്‍ നിന്‍റെ കൈപ്പത്തി തീര്‍ന്നേനെ..”
നിവിന്‍ മെറിന്‍റെ കൈയില്‍ നിന്ന് ചെറിയ ഫോണ്‍ പിടിച്ചു വാങ്ങി അബൂബക്കറിനു കൊടുത്തിട്ട് ചോദിച്ചു
“ എന്‍റെ ഫോണെവിടെ ബക്കറേ.. ഞാന്‍ നീരവ് സാറിനെ ഒന്നു വിളിച്ചോട്ടെ.. ഇത് അങ്ങേരും കൂടി അറിഞ്ഞോണ്ടുള്ള കളിയല്ലേ. പാപ്പനം കോട് സാബുവിന്‍റെ ആ വിളിയും സാന്ദ്രാ നെറ്റിക്കാടന്‍ എന്നപേരില്‍ മാലതീ മേനോന്‍ എന്ന ബ്ലൂഫിലിം പാര്‍ട്ടിയുടെ അരങ്ങേറ്റവും എല്ലാം കൂടിയായപ്പോള്‍ ഞാനൊരു തിരക്കഥയങ്ങെഴുതി. അതിന്‍റെ ക്ലൈമാക്സാണ് ഇത്.”
അബൂബക്കര്‍ നിവിന്‍റെ ഫോണ്‍ കൊടുത്തു.
നിവിന്‍റെ ഫോണില്‍ നിന്ന് നീരവ് സുബ്രക്ക് കോള്‍ പോയി.
0000000
കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു എസ് പി നീരവ് സുബ്രയും സംഘവും.
നീരവ് സുബ്രയുടെ ഫോണ്‍ ശബ്ദിച്ചു.
അദ്ദേഹം ഫോണോടുത്തു നോക്കിയിട്ട് സിഐ അജയനോട് പറഞ്ഞു.
“ സിഐ ഹനീഫാണ്..”
നീരവ് ഫോണ്‍ കോള്‍ അറ്റെന്‍ഡ് ചെയ്തു
“എന്താ ഹനീഫേ?”
“ സാര്‍… ആത്മഹത്യ ചെയ്ത എബിന്‍റെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ഒരു മുരുകന്‍ പെരുമാളിന്‍റേതായിരുന്നല്ലോ. അയാളെ ഞങ്ങള്‍ ചോദ്യം ചെയ്തു. അയാളുടെ അമ്മ സുകേശിനി അമ്മാളായിരുന്നു ആ ഫോണ്‍ ഉപയോഗിച്ചിരുന്നത്. അവര്‍ താലൂക്ക് ആശുപത്രിയിലെ സ്വീ്പ്പറായിരുന്നു. അന്നു ഉച്ചക്ക് മോര്‍ച്ചറിയില്‍ നിന്നും ഇറങ്ങി വന്ന ആര്യാദേവി സുകേശിനി അമ്മാളിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് എബിനെ വിളിക്കുന്നത്. ആ ഫോണ്‍ റെക്കോഡ് നമുക്ക് കിട്ടി. ആര്യാദേവിയെ മൈസൂരിലെ നഴ്സിങ്ങ് കോളജില്‍ വച്ചു ചതിച്ചതിന് അവള്‍ എബിനോട് പ്രതികാരം ചെയ്യുകയായിരുന്നത്രേ. പൂജാരിയെ കൊന്നതും ചുമന്നുകൊണ്ടുപോയി വാട്ടര്‍ ടാങ്കില്‍ താഴ്ത്തിയതും എബിനാണ്. ആര്യാദേവി പറഞ്ഞിട്ടാണ് അവനത് ചെയ്തത്. ആ രംഗം ആര്യാദേവി ഫോണില്‍ ഷൂ്ട്ട് ചെയ്തിരുന്നു.”
“ ഓഹോ.. അപ്പോള്‍ എബിനെ അവള്‍ വീണ്ടും പ്രണയം നടിച്ച് യുകെയില്‍ നിന്ന വിളിച്ചുവരുത്തിയത് ഇതിനായിരുന്നു അല്ലേ. അപ്പോള്‍ പൂജാരിയെ കൊന്നത് എന്തിനായിരുന്നു.”
“ പൂജാരിയില്‍ ഇവള്‍ക്ക് സംശയമുണ്ടായിരുന്നു. അന്നു രാത്രി ഇവളും എബിനും കൂടി പൂജാരിയെ ടോര്‍ച്ചര്‍ ചെയ്തപ്പോള്‍ പൂജാരി സത്യം പറഞ്ഞു. ഇവള്‍ക്ക് ചൊവ്വാദോഷമൊന്നുമില്ലായിരുന്നത്രേ. ഇവളുടെ സ്വജാതിക്കാരനും അകന്ന സ്വന്തക്കാരനും കൂടിയായിരുന്നു പൂജാരി. ഇവളെ കല്യാണം കഴിക്കാന്‍ വേണ്ടി ഇയാള്‍ ഉണ്ടാക്കിക്കൊടുത്ത കള്ളജാതകവും ചൊവ്വാദോഷവുമായിരുന്നു അത്. പൂജാരിയുമായുള്ള ആര്യാദേവിയുടെ കിടപ്പറ രംഗങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ആദ്യം അവളുടെ പ്ലാന്‍. ഇത് പക്ഷേ എബിന് അറിയില്ലായിരുന്നു. ശല്യക്കാരനായ പൂജാരിയെ വിളിച്ചുവരുത്തി കൊല്ലുക എന്നതു മാത്രമായിരുന്നു എബിന് ആര്യാദേവി കൊടുത്ത നിര്‍ദേശം. താന്‍ കൊലപാതകി ആയി ജയിലിലാകും എന്നതും വഞ്ചിക്കപ്പെട്ടതും എബിനെ തളര്‍ത്തിക്കളഞ്ഞു. അങ്ങനെയാണ് അയാള്‍ ആത്മഹത്യ ചെയ്യുന്നത്.”
“ ഇനിയൊറ്റ ചോദ്യമേ അവശേഷിക്കുന്നുള്ളൂ.. ആര്യാദേവി എങ്ങനെ മരിച്ചു. പിന്നെങ്ങനെ ഇരുപത്തിനാലു മണിക്കൂറിനുശേഷം ഉയിര്‍ത്തെഴുന്നേറ്റു.”
“ അതിനുള്ള ഉത്തരവും ഉണ്ട് സാര്‍.”
“ അതെന്താണ്?”
“ സുകേശിനി അമ്മാളിന്‍റെ ഫോണില്‍ നിന്ന് അതുകഴിഞ്ഞ ഒരു കോള്‍ കൂടി പോയിട്ടുണ്ട്. അത് ഒരു തിരുവല്ലാക്കാരന്‍ പ്രിയകുമാറിന്‍റേ ഫോണിലേക്കാണ്.”
“ പുതിയ കഥാപാത്രം!”
“ യേസ് സാര്‍.. ആര്യാദേവിയുടെ പുതിയ കാമുകന്‍.. അയാള്‍ വണ്ടിയുമായി താലൂക്ക ആശുപത്രിയുടെ പരിസരത്തുണ്ടായിരുന്നു. അതില്‍ കയറി അവള്‍ സ്ഥലം വിട്ടു. ന്യൂസെനിന്‍ഡോ കെപ്താല്‍മിയ എന്ന ഒരു ഡ്രഗ് ആണ് ആ സ്ത്രീ ഉപയോഗിച്ചത് എന്നു തോന്നുന്നു. പള്‍സ്പോലും പോകുമത്രേ. ലഹരിയില്‍ ആണ്ടു കിടക്കും. ചിലപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞൊക്കെ ആയിരിക്കും എഴുന്നേല്‍ക്കുന്നത്. അവള്‍ മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രിയകുമാറും ആര്യയും ചേര്‍ന്ന് നടത്തിയ നാടകമാണ് അത്.”
“ യൈസ്.. ആ പ്രിയകുമാറിന്‍റെ ഫോണ്‍ ട്രേസ് ചെയ്തോ…?”
“ ആ ഫോണ്‍ ഇപ്പോള്‍ ചോറ്റാനിക്കര അമ്പലപ്പരിസരത്തുണ്ട്..”
“ ക്വിക്ക് ഫോളോ ദം..”
നീരവ് ആ കാള്‍ കട്ടു ചെയ്തിട്ട് നിവിനെ വിളിച്ചു
“ നിവിന്‍ എന്തായി കാര്യങ്ങള്‍…? ഞങ്ങള്‍ പാലാരിവട്ടത്തെത്തി.”
“ സാര്‍ വന്നോളൂ…. ദൈത്യനും സ്റ്റെഫിനും സംഘവും താഴെ എത്തിയിട്ടുണ്ട്.”
“ അവര്‍ എത്ര പേരുണ്ട്…?”
നീരവ് സുബ്ര ആകാംക്ഷയോടെ ചോദിച്ചു
നിവിന്‍ ജാലകത്തിലൂടെ താഴേക്ക് നോക്കി.
രണ്ട് വണ്ടികള്‍ ഗേറ്റിന് സമീപം റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.
ഒരുത്തന്‍ കാറിന് പുറത്തിറങ്ങി മൊബൈല്‍ ചെയ്യുന്നതു കണ്ടു.
ആ സമയം മെറിന്‍ ആദ്യം കോള്‍ ചെയ്ത ചെറിയ ഫോണ്‍ റിങ്ങ് ചെയ്തു.
“ അവനാണ്..”
നിവിന്‍ ഫോണെടുത്ത് മെറിന് നേരേ നീട്ടി
“ അവനോട് മുകള്‍ നിലയിലേക്ക് കയറി വരാന്‍ പറ.”
മെറിന്‍ അത് നിരസിച്ചു.
അബൂബക്കറിന്‍റെ കൈ അവളുടെ കരണത്ത് ആഞ്ഞു പതിച്ചു.
മെറിന്‍ ഭയപ്പാടോടെ ഫോണെടുത്ത് പറഞ്ഞു
“ മുകള്‍ നിലയിലുണ്ട്. കയറി വാ.. “
മെറിന്‍റെ ശബ്ദത്തിലെ പന്തികേട് മണത്തറിഞ്ഞ ദൈത്യനും സംഘവും ഓടി കാറുകളില്‍ കയറി
പക്ഷേ മുന്നോട്ട് പോകാനായില്ല.
നീരവ് സുബ്രയുടേയും സംഘത്തിന്‍റേയും പോലീസ് വണ്ടികള്‍ ആ ചെറുവഴിയില്‍ അവരെ തടഞ്ഞു.
ദൈത്യന്‍ തോക്കെടുത്തു.
നീരവ് സുബ്രയുടെ തോക്ക് ഉടന്‍ ശബ്ദിച്ചു.
ദൈത്യന്‍റെ കൈപ്പത്തി തകര്‍ത്തുകൊണ്ട് തോക്ക് താഴെ വീണു.
അയാള്‍ നിലവിളിയോടെ കാര്‍ തുറന്നു പുറത്തിറങ്ങിയോടാന്‍ തുടങ്ങി.
നീരവിന്‍റെ തോക്ക് പിന്നേയും ശബ്ദിച്ചു.
വെടിയുണ്ട ദൈത്യന്‍റെ കണങ്കാല്‍ തകര്‍ത്തു.
ദൈത്യന്‍ അലര്‍ച്ചയോടെ റോഡില്‍ വീണു.
നീരവ് സുബ്രയും സംഘവും കാറിനടുത്തേക്കു ജാഗ്രതയോടെ തോക്കു ചൂണ്ടിപ്പിടിച്ചു ചെന്നു.
ഒരു കാറിനുളളില്‍ മുയല്‍ക്കുഞ്ഞിനെപ്പോലെ പേടിച്ചരണ്ടിരിക്കുകയായിരു്ന്നു സ്റ്റെഫിന്‍.
അയാള്‍ ഒരു എതിര്‍പ്പും കൂടാതെ കീഴടങ്ങി.
കാറിലുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.
അപ്പോഴേക്കും നിവിനും റിന്‍സണും അബൂബക്കറുമടങ്ങുന്ന സംഘം മെറിനേയും കൊണ്ട് താഴെ എത്തിയിരുന്നു.
നീരവ് സുബ്ര പുഞ്ചിരിയോടെ നിവിന് ഷേയ്ക്കഹാന്‍ഡ് ചെയ്തു.
“ നിങ്ങളുടെ തിരക്കഥക്ക് നന്ദി സര്‍..”
“ ഡ്രൈവര്‍ പാപ്പാളി ബിജുക്കുട്ടനോ?”
“ അയാളെ കൊണ്ടുപോകാനായി സാന്ദ്രാ നെറ്റിക്കാടന്‍ എന്ന മാലതീ മേനോന്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ കോഴിക്കോട് സിറ്റി പോലീസിന്‍റെ കസ്റ്റഡിയില്‍ ആയിട്ടുണ്ടാവും. ങാ പിന്നെ ആര്യാദേവിയുടെ പുതിയ വിശേഷം അറിയണ്ടേ നിവിന്‍ സാര്‍…?”
“ എന്താണത് ?”
“ ആര്യാദേവിയും പുതിയ കാമുകന്‍ പ്രിയകുമാര്‍ തിരുവല്ലയും കൂടി ചോറ്റാനിക്കര അമ്പലത്തില്‍ ഭജനമിരിക്കുന്നു എന്നാണ് ലേറ്റസ്റ്റ് ന്യൂസ്..”
“ അടിപൊളി … അപ്പോള്‍ അവരുടെ ഭജന തകര്‍ക്കട്ടെ..”
നിവിന്‍ ചിരിച്ചു.
“ അവരെ ഞങ്ങള്‍ പൊക്കിക്കോളാം സാറേ… എന്താ സാറിന്‍റെ അടുത്ത പരിപാടി..”
നീരവ് സുബ്ര ചോദിച്ചു.
“ ചെന്നൈയിലേക്ക് പോകുന്നു. കോവിഡൊക്കെ ഒതുങ്ങിയില്ലേ. ഇനിയും കോവിഡാണെന്നും പറഞ്ഞ് അകത്തിരുന്നാല്‍ കാര്യങ്ങളൊന്നും നടക്കില്ല. ഈ ലോക് ഡൗണ്‍ കാലത്ത് ഒടിടി റിലീസുകള്‍ക്ക് ഞങ്ങള്‍ തുടക്കമിട്ടു. ഇപ്പോള്‍ മോഹന്‍ലാലിന്‍റെ പുതിയ ചിത്രം ദൃശ്യം രണ്ടാം ഭാഗം പോലും ഒടിടിയില്‍ റിലീസ് ചെയ്യുന്നു. ഇനി എന്‍റെ പുതിയ പടത്തിന്‍റെ വര്‍ക്ക് തുടങ്ങുന്നു.”
നിവിന്‍ പറഞ്ഞു.
“ ഗുഡ്ലക്ക് നിവിന്‍.”
നീരവ് സുബ്ര അഭിനന്ദിച്ചു.
00000
“ ചോറ്റാനിക്കരമ്മ പ്രസാദിച്ചു.”
“ എന്തേയ്?”
“ എന്‍റെ ജീവിതത്തിലേക്ക് നിങ്ങളെപ്പോലെ ഒരാള്‍ കടന്നുവന്നല്ലോ…!”
“ ഞാനും ഭാഗ്യവാനാണ് ആര്യാ..”
“ നിങ്ങള്‍ ഫേസ്ബുക്കില്‍ കാണുന്നതിനേക്കാള്‍ സുന്ദരനാണ് പ്രിയേട്ടാ.”
ആര്യാദേവി പ്രേമാര്‍ദ്രമായ മുഖത്തോടെ അയാളെ നോക്കി.
പ്രിയകുമാര്‍ തിരുവല്ല കാറോടിക്കുകയായിരുന്നു.
അയാളുടെ മുഖം നാണത്താല്‍ ചുവന്നു.
ആര്യാദേവി അയാളുടെ അരികില്‍ ഇരുന്നുകൊണ്ട് കൈകളെ ചുറ്റിപ്പിടിച്ചു.
“ ശരിക്കും സ്വപ്നം പോലെ തോന്നുന്നു. ദിവസത്തില്‍ മൂന്നു നേരം ഫേസ്ബുക്ക് മെസഞ്ചറിലും വാട്സാപ്പിലും വന്ന് ചോറുണ്ടോ ചായകുടിച്ചോ എന്നു ചോദിക്കുന്ന ആള്‍ ഇപ്പോള്‍ എന്‍റെ അരികെ… എന്ത് വിസ്മയമാണ്.!!“
“ അതെ പക്ഷേ എത്ര വര്‍ഷമായി…!!”
“ ഞാന്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ പ്രിയേട്ടന്‍ എന്‍റെ ഫ്രണ്ടാണ്. സ്വന്തമായി ജാതി സംഘടനകളുള്ള നമ്മുടെ ജാതി നേതാക്കډാരൊക്കെ എന്‍റെ ഫേസ്ബുക്ക് ഫ്രണ്ട്സാണ്. എല്ലാവനും വന്ന് ഏത് നോരോം ചോറുണ്ടോ ചായ കുടിച്ചോ എന്ന് ചോദിച്ചോണ്ടിരിക്കും. ഒരു പ്രൊഫൈല്‍ പിക് എങ്ങാനുമിട്ടാല്‍ മറ്റേ വര്‍ത്തമാനവും പറയും. നമ്മുടെ ഈ വിവരമറിയുമ്പോള്‍ അവരൊക്കെ ആത്മഹത്യ ചെയ്യുമല്ലോ പ്രിയേട്ടാ…?”
“ എനിക്കുമുണ്ട് സ്വന്തമായി ഒരു ജാതി സംഘടന. അതിന്‍റെ പ്രസിഡന്‍റാണ് ഞാന്‍. അതോര്‍മ വേണം.”
“ ഇനി ഞാനായിരിക്കുമല്ലോ അതിന്‍റെ വനിതാ വിഭാഗം പ്രസിഡന്‍റ്…!”
അതിന് മറുപടിയായി പ്രിയകുമാര്‍ ഒന്നും പറഞ്ഞില്ല.
“ നമ്മളിപ്പോള്‍ എങ്ങോട്ടാ പോകുന്നത്. തിരുവല്ലയിലെ പ്രിയേട്ടന്‍റെ വീട്ടിലേക്കാണോ?”
ആര്യാദേവിയുടെ ചോദ്യം കേട്ട് പ്രിയകുമാര്‍ ഒന്നു ഞെട്ടി.
“ വീട്ടിലേക്കോ …? ഹേയ്.. അവിടെ ഭാര്യയും പിള്ളേരുമുണ്ട്. നിന്നേം കൊണ്ട് അങ്ങു ചെന്നാല്‍ എന്നെ കൊന്നു കറിയാക്കും. അല്ലെങ്കില്‍ത്തന്നെ അവള്‍ക്കെന്നെ സംശയമുണ്ട്. അതിന് ഇടക്കിടെ അവളേയും കൊണ്ട് ഒരു ടൂറൊക്കെ പോയി ഒരുമിച്ചുള്ള സെല്‍ഫിയൊക്കെ ഫേസ്ബുക്കിലിടും. കുറേ ലൈക്കൊക്കെ കിട്ടും. ലൈക്ക് ചെയ്യാത്തവരെ ജാതിഭ്രഷ്ടരാക്കുമെന്ന് ഭീഷണിപ്പെടുത്തും.”
പ്രിയകുമാര്‍ വലിയ കോമഡി പറഞ്ഞ മട്ടില്‍ ചിരിച്ചു.
“ എന്നെ കല്യാണം കഴിക്കില്ലേ?”
ആര്യാദേവി നീരസത്തോടെ ചോദിച്ചു.
“ പിന്നെന്താ… അതിനല്ലേ നമ്മള്‍ ഒരുമിക്കുന്നത്…!”
“ പിന്നെന്തിനാ ഭാര്യയുടെ കാര്യം പറയുന്നത്. അവരെ ഡിവേഴ്സ് ചെയ്തുകൂടെ?”
“ ചെയ്യുമല്ലോ.. തീര്‍ച്ചയായിട്ടും ചെയ്യും… പക്ഷേ ഇപ്പോള്‍ നമ്മള്‍ നേരേ എന്‍റെ വീട്ടിലേക്ക് ചെന്നാല്‍ അത് പ്രശ്നമാകും. ഒന്നാമത് ഞാനൊരു സമുദായ പ്രമാണിയാണല്ലോ.”
“ പിന്നെങ്ങോട്ടാ പോകുന്നത്?”
“ തിരുവല്ല ഹന്ന ആര്‍ക്കേഡിലേക്ക്. അവിടത്തെ മാനേജര് എന്‍റെ പരിചയക്കാരനാണ്. ഞാനിടക്കിടെ അവിടെ റൂമെടുത്ത് കൂടാറുണ്ട്.”
അതുകേട്ട് ആര്യാദേവി അ ര്‍ത്ഥം വച്ച് പ്രിയകുമാറിനെ നോക്കി.
“ചുമ്മാ .. വെള്ളമടിക്കാന്‍.. ആരാ രണ്ടെണ്ണം വിടാത്തത്. ചിലപ്പോള്‍ അവനുണ്ടാകും.. നമ്മുടെ ജാതിസംഘടനയുടെ ആസ്ഥാന മഹാകവി ചുണ്ടെലി കുഞ്ഞുകുട്ടന്‍. അവന്‍ വിസ്മയിപ്പിക്കുന്ന കവിതകള്‍ പാടും.”
“ ഓ അയാളോ.. അയാളും അയളുടെ അനിയ ന്മാരുമെല്ലാം എനിക്ക് കല്യാണമാലോചിച്ചതാ. ഞാനോടിച്ചു വിട്ടു. ഇപ്പോ മെസ്ഞ്ചറേ വന്ന് പുന്നാരിക്കും.”
“ ഇനി അതൊന്നും വേണ്ടാട്ടോ.. ഇനി ഒരേയൊരു പ്രിയേട്ടന്‍ മാത്രം മതിയേ..”
“ ആലോചിക്കട്ടെ.. ജാതിസംഘടനാനേതാക്കളെ എനിക്ക് പിണക്കാന്‍ പറ്റില്ല. ഓരോരുത്തര്‍ക്കും സ്വന്തമായി ഓരോ ജാതി സംഘടന ഉള്ളവരാണ്. ചിലര് എനിക്ക് പാട്ടുപാടിത്തരും. ചിലര് പാതിരാത്രിയില്‍ വന്ന് കവിത ചൊല്ലിത്തരും. എന്തെല്ലാം കോമാളികളെ കാണണം.”
ആര്യാദേവി പറഞ്ഞു.
പ്രിയകുമാര്‍ ഇതിനിടയില്‍ റിയര്‍വ്യൂമിററിലൂടെ നോക്കുന്നുണ്ടായിരുന്നു.
അയാള്‍ ആശങ്കയോടെ പറഞ്ഞു:
“ കുറേ നേരമായി ഒരു പോലീസ് ജീപ്പ് നമ്മുടെ പിന്നാലെയുണ്ട്. ഒരെണ്ണം നമ്മളെ ഓവര്‍ടേക്ക് ചെയ്തു മുന്നില്‍ കയറിയിട്ടുണ്ട്.”
ആര്യാദേവി ഞെട്ടലോടെ മുന്നിലേക്കും പിന്നിലേക്കും നോക്കി.
അവള്‍ക്ക് കാര്യം മനസിലായി.
അവള്‍ പരിഭ്രമം വെളിയില്‍ കാണിക്കാതെ പ്രിയകുമാറിനോട് പറഞ്ഞു
“ ഹന്ന ആര്‍ക്കേഡില്‍ ചെന്നിട്ട് എന്താ പരിപാടി…?”
“ നിനക്ക് തങ്ങാന്‍ ഒരിടം വേണ്ടേ… നീ ഇപ്പോള്‍ മരിച്ച പെണ്ണല്ലേ.. രണ്ട് ദിവസം അവിടെ തങ്ങുന്നു. പിന്നെ പുതിയ ഒരു പേരില്‍ നിന്നെ ഞാന്‍ കെട്ടുന്നു. എന്‍റെ ഭാര്യയെ ഞാന്‍ ഡിവോഴ്സ് ചെയ്യുന്നു. അങ്ങനെ നമ്മള്‍ സുഖമായി ജീവിക്കുന്നു. എപ്പടി..?”
“ ഐഡിയയൊക്കെ കൊള്ളാം. പക്ഷേ എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ തോന്നണ്ടേ.. നിങ്ങള്‍ ആണുങ്ങളൊക്കെ കള്ള ന്മാരാണ്…. മരിക്കേണ്ടവരാണ്..”
ആര്യാദേവിയുടെ അവസാനത്തെ വാക്കുകള്‍ ക്രൂരവും പൈശാചികവുമായിരുന്നു.
പ്രിയകുമാര്‍ പരിഭ്രാന്തിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
ആ മുഖം ഒരു യക്ഷിയുടേത് പോലെ പൈശാചികമായിരുന്നു.
അടുത്ത നിമിഷം ആര്യാദേവി കാറിന്‍റെ സ്റ്റിയറിങ്ങില്‍ പിടിച്ച് ഒന്നു വെട്ടിച്ചു.
ആ കാര്‍ എതിരെ വന്ന ഒരു ടാങ്കറിന്‍റെ മുന്നിലേക്ക് അതിവേഗം പാഞ്ഞു കയറി.
പിന്നാലെ വന്ന പോലീസ് ജീപ്പുകളും അല്‍പം മുന്നിലായി പൊയ്ക്കൊണ്ടിരുന്ന പോലീസ് വണ്ടിയും സഡന്‍ ബ്രേക്കിട്ടു.
പോലീസ് ഉദ്യോഗസ്ഥര്‍ വേഗം ചാടി പുറത്തിറങ്ങി.
ടാങ്കറില്‍ ഇടിച്ചു കയറി തവിടുപൊടിയായ കാര്‍ നോക്കി അവര്‍ അമ്പരന്നു നിന്നു.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാരോ നീരവ് സുബ്രക്ക് ഫോണ്‍ ചെയ്തു.
ആളുകള്‍ ഓടിക്കൂടി.
ജാതി സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റും വനിതാ സുഹൃത്തും കാറപടകത്തില്‍ കൊല്ലപ്പെട്ടു എന്നു വാര്‍ത്തയുമായി പിറ്റേന്നത്തെ ചരമക്കോളത്തില്‍ ഒരു കോളം വാര്‍ത്തയുമായി പത്രങ്ങള്‍ അച്ചടിമഷി പുരണ്ടെത്തി.
ചെന്നൈയിലേക്കുള്ള യാത്രാമധ്യേ നിവിന് എസ് പി നീരവ് സുബ്രയുടെ കോള്‍ എത്തിയിരുന്നു.
അദ്ദേഹം പറഞ്ഞത് ഇത്രമാത്രം!
“ ആ അധ്യായം ശരിക്കും അവസാനിച്ചു.”
(അവസാനിച്ചു)
ആദ്യഭാഗം വായിക്കാത്തവര്‍ക്കായി