“നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; അഭിമാനനേട്ടമായി പി കെ സുനില്‍കുമാര്‍

പി.ആര്‍.സുമേരന്‍.

സമീപകാലത്ത് മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള പ്രണയ ഗാനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ‘നീലവാനം താലമേന്തി’ എന്ന ഈ പാട്ട്. റീലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ആസ്വാദകരാണ് ഈ ഗാനം ആസ്വദിച്ചുകൊണ്ടിരിക്കുന്നത്. ഈ പാട്ടിന്‍റെ വിജയം ഞങ്ങളുടെ ടീമിന്‍റെ വിജയമാണ്. എന്‍റെ സംഗീത ജീവിതത്തിലുണ്ടായ ഈ അപൂര്‍വ്വ നേട്ടത്തിന് ഈശ്വരനോടും ഗുരുക്കന്മാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് സുനികുമാര്‍ കൂട്ടുകാരിയോട് പറഞ്ഞു. മലയാള ചലച്ചിത്ര പിന്നണിഗാനരംഗത്ത് വിലമതിക്കാനാകാത്ത സംഭാവനയാണ് പി കെ സുനില്‍കുമാര്‍ നല്‍കിയിട്ടുള്ളത്.


മുപ്പത്തഞ്ച് വര്‍ഷത്തിലേറെയായി അദ്ദേഹം പിന്നണി ഗാനരംഗത്ത് തുടരുന്നു. വിദേശത്തും സ്വദേശത്തുമായി മൂവായിരത്തിലേറെ സ്റ്റേജ് ഷോകള്‍, മലയാളം-തമിഴ് ഇരുപത്താറ് സിനിമകള്‍, ഇരുന്നൂറ്റമ്പത് ആല്‍ബങ്ങള്‍, തുടങ്ങി വലിയ സംഭാവനകളാണ് സുനില്‍കുമാര്‍ മലയാള സംഗീതത്തിന് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ മികവിനെ മാനിച്ച് മുപ്പത്തഞ്ചിലേറെ പുരസ്ക്കാരങ്ങളും സുനിലിനെത്തേടി എത്തിയിട്ടുണ്ട്.


പി സുശീല, എസ് ജാനകി, പി മാധുരി, വാണി ജയറാം, ഉദയഭാനു, പി വസന്ത , കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, എസ് പി ബാലസുബ്രഹ്മണ്യം തുടങ്ങിയ അനുഗ്രഹീത ഗായകര്‍ക്കൊപ്പം സുനില്‍ പാടിയിട്ടുണ്ട്. സംഗീത പ്രതിഭകളായ ജി ദേവരാജന്‍, എം എസ് ബാബുരാജ്, വി ദക്ഷിണാമൂര്‍ത്തി, എം.കെ അര്‍ജ്ജുനനന്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളും സുനില്‍ പാടിയിട്ടുണ്ട്.


സംഗീതജ്ഞരായ കടുത്തുരുത്തി രാധാകൃഷ്ണന്‍ , പാലാ സി കെ രാമചന്ദ്രന്‍ എന്നിവരാണ് സുനിലിന്‍റെ ഗുരുക്കന്മാര്‍. പിന്നണി ഗാനരംഗത്ത് ഏറ്റവും പുതിയ തലമുറയ്ക്കൊപ്പം ഇപ്പോഴും സുനില്‍ പാടുകയാണ്. പെര്‍ഫ്യൂമിലെ ഗാനം ഹിറ്റായതോടെ സോഷ്യല്‍ മീഡിയയിലും സംഗീത രംഗത്തും സുനില്‍ കൂടുതല്‍ ശ്രദ്ധേയനാകുകയാണ്. കോഴിക്കോട് സ്വദേശിയാണ് സുനില്‍കുമാര്‍.


മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ദീര്‍ഘ കാലത്തെ അനുഭവ പാരമ്പര്യമുള്ള സുനില്‍കുമാറിന് ഈ ഗാനം വലിയ സ്വീകാര്യതയാണ് സംഗീതരംഗത്ത് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്‍, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രമുഖ സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്ത ‘പെര്‍ഫ്യൂം’ എന്ന സിനിമയിലേതാണ് ഈ ഗാനം. പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ യാണ് ഗാനത്തിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അഡ്വ. ശ്രീരഞ്ജിനിയുടേതാണ് ഗാനരചന.

Leave a Reply

Your email address will not be published. Required fields are marked *