കാടും മേടും കടന്ന് ആനവണ്ടിയില്‍ മലക്കപ്പാറ യാത്ര
ഭാവന
കെഎസ്ആർടിസിയുടെ മലക്കപ്പാറ സർവീസ് ഇന്ന് കേരളമൊട്ടാകെ ജനശ്രദ്ധ നേടിയിരിക്കുകയാണ്. അവധിദിവസങ്ങളിൽ സഞ്ചാരികൾക്കായി ചാലക്കുടിയിൽ നിന്നും ആരംഭിച്ച പ്രത്യേക സർവീസുകൾ ജനശ്രദ്ധ ആകർഷിച്ചതിനെ തുടർന്ന് മറ്റു ഡിപ്പോകളിലും ആരംഭിക്കുകയായിരുന്നു. ഇതൊരു വൺഡേ ടൂർ പാക്കേജ് ആണ്. ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള ആദ്യയാത്രയിൽ ഭാഗമാകുവാൻ കഴിഞ്ഞ സന്തോഷത്തിലാണ് ചെങ്ങന്നൂർ സ്വദേശിനിയായ സന്ധ്യ സനലും കുടുംബവും. ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു ഈ യാത്രയെന്ന് സന്ധ്യ സനൽ പങ്കുവെക്കുന്നു.
ആനവണ്ടിയിൽ മലക്കപ്പാറയിലേക്ക്
കെ.എസ്.ആർ. ടി സിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മലക്കപ്പാറയിലേക്കുള്ള യാത്രയെപ്പറ്റി അറിയുന്നത്. കൊറോണയുടെ എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടുള്ള യാത്രയായിരുന്നു മലക്കപ്പാറ ട്രിപ്പ്. കുടുംബത്തോടൊപ്പം കുറച്ചു നാളുകൾക്ക് ശേഷം പുറത്തു പോകുവാൻ കഴിയുന്ന സന്തോഷത്തിലുമാണ് ഹരിപ്പാട് ഡിപ്പോയിൽ നിന്നുള്ള ആദ്യ യാത്രയുടെ ഭാഗമാകുവാൻ തീരുമാനിച്ചത്. ഭർത്താവായ സനൽ കെ. എം ഷേനോയ്, അമ്മ മിനി മോഹൻ, മക്കളായ അഭിമന്യു, അനധിത എന്നിവർക്കൊപ്പമായിരുന്നു യാത്ര.പുലർച്ചെ 4.45നാണ് ഹരിപ്പാട് സ്റ്റാൻഡിൽ നിന്നും മലക്കപ്പാറയിലേക്കുള്ള യാത്ര ആരംഭിച്ചത്.
കണ്ടും കേട്ടും മനസ്സുനിറഞ്ഞ്
കണ്ണിനും കാതിനും ഒരേസമയം കുളിർമയേകുന്ന കാഴ്ചകളാണ് മലക്കപ്പാറ യാത്രയിലുടനീളം ഒളിഞ്ഞു കിടക്കുന്നത്.
ആതിരപ്പള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽകുത്ത് ഡാം, റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻ സ്റ്റോക്ക്, നെല്ലിക്കുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും യാത്രക്കാരുടെ കാഴ്ചയെ ത്രസിപ്പിക്കുന്നു. അരിപ്പയിൽ നിന്നും 4 മണിക്കൂർ കാട്ടിലൂടെയുള്ള ട്രെക്കിങ് സൗകര്യമാണ് ഈ പാക്കേജിന്റെ ആകർഷണം. ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു ഗൈഡും യാത്രാ സംഘത്തോടൊപ്പം ചേർന്ന് കാര്യങ്ങൾ മനസ്സിലാക്കി നൽകും. ഏകദേശം 60 കീ. മി ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണുവാൻ കഴിഞ്ഞു.
നാടന്‍ ഭക്ഷണം
യാത്രയുടെ ഇടവേളകളിൽ രുചികരമായതും കുറഞ്ഞ ചെലവിലും ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമുണ്ട്. രാവിലത്തെ പ്രഭാതഭക്ഷണം ചാലക്കുടിയിൽ എത്തിയതിനു ശേഷം അവിടത്തെ ഒരു ഹോട്ടലിൽ നിന്ന് കഴിച്ചപ്പോൾ അഞ്ച് പേർക്ക് ഏകദേശം 195 രൂപ മാത്രമാണ് ആയതെന്ന് സന്ധ്യ പറയുന്നു.ഒപ്പം പ്രാഥമിക ആവശ്യങ്ങൾക്കുള്ള ടോയ്ലറ്റ് സൗകര്യവും യാത്രകളിലെ ഇടവേളകൾ ലഭിക്കുന്നു. മലക്കപ്പാറയിൽ എത്തിയതിനുശേഷം അവിടത്തെ നാടൻ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ഒരു കുടുംബം പോലെ
മലക്കപ്പാറ യാത്രയ്ക്ക് മുൻപ് വരെ കെ.എസ്. ആർ.ടി.സി ബസ് യാത്ര വളരെ അലോസരമായി തോന്നിയിരുന്ന വ്യക്തിയായിരുന്നു താൻ. അതിനെയൊക്കെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു. ആന വണ്ടിയിലെ യാത്രയും. ജീവനക്കാരുടെ പെരുമാറ്റവും. അത്രയും സഹകരണ മനോഭാവത്തോടും സോഷ്യലായുമാണ് അവർ പെരുമാറിയത്. ഡ്രൈവർ, കണ്ടക്ടർ, പാട്ടുപാടി എല്ലാവരെയും വിനോദ യാത്രയുടെ ത്രില്ലിൽ എത്തിച്ച മുൻ ചാലക്കുടി – മലക്കപ്പാറ റൂട്ടിലെ സാരഥിയായിരുന്ന ശ്രീ സജയൻ എന്നിവരെല്ലാം ഒരു കുടുംബം പോലെയാണ് യാത്രയിലുടനീളം ഉണ്ടായിരുന്നത്. ഒപ്പം കൃത്യമായ ഗൈഡൻസ് നൽകാനും മറന്നില്ല.യാത്രയിൽ ഉണ്ടായിരുന്ന അപകടകരമായ വളവുകൾ പോലും അത്രയും ശ്രദ്ധിച്ചും, പരിചയസമ്പത്തും ഉള്ളതുകൊണ്ട് തന്നെ ആർക്കും ധൈര്യമായി ഈ യാത്രയിൽ പങ്കാളിയാവാം.
കാടറിഞ്ഞ് കാടിനെ അറിഞ്ഞ്
കാട്ടിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ ആനവണ്ടി യാത്രയാണിത്. യാത്രയിലുടനീളം കാടിന്റെ മനോഹാരിത സമ്മാനിക്കുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വാഴച്ചാൽ മുതലാണ് വനഭംഗി നുകരുവാൻ കഴിയുന്നത്. ഇടതൂർന്ന മരങ്ങളും കിളികളുടെ നാദവും ഒക്കെ മനസ്സിനെ ശാന്തമാക്കുന്നു. യാത്രയിലുടനീളം ആനക്കൂട്ടത്തെ കാണുവാൻ സാധിച്ചു. പറമ്പിക്കുളം വനമേഖലയിൽ നിന്ന് പുയ്യംകൂട്ടി വനമേഖലയിലേക്ക് ഉള്ള ആനകളുടെ സ്ഥിരം സഞ്ചാരപാതയാണ് വാഴച്ചാൽ പ്രദേശം.
സുന്ദരിയായി മലക്കപ്പാറ
അവസാനം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ സുന്ദരിയായി മഞ്ഞുപുതച്ചു നിൽക്കുന്ന മലക്കപ്പാറ കാണാം. ടാറ്റാ ടീയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം, വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷൻറേയും മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെയും കീഴിലുള്ള കേരള വനം വകുപ്പിന്റെ വനപ്രദേശം എന്നിവയുൾപ്പെട്ടതാണ് ഈ പ്രദേശം. വൈകുന്നേരത്തോടെ എല്ലാ പ്രകൃതി ഭംഗിയും നുകർന്ന് കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെയാത്ര.
നിങ്ങൾക്കും യാത്രയിൽ ഭാഗമാകാം
മലക്കപ്പാറ യാത്രയിൽ പങ്കാളിയാവാൻ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെത്തി സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ കെ. എസ്. ആർ. ടി.സിയുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പുമയോ ബന്ധപ്പെടാവുന്നതാണ്.
ആദ്യഘട്ടമെന്ന നിലക്ക്മലപ്പുറം – 600, പാലാ – 522, ഹരിപ്പാട് – 600, ആലപ്പുഴ – 600, കുളത്തൂപ്പുഴ – 1200 എന്ന നിരക്കിലാണ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഭക്ഷണം ഒഴികെ മറ്റ് എല്ലാ ചെലവുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.18 – 40 ഇടയിൽ പ്രായപരിധി ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർക്കും യാത്രയിൽ പങ്കാളിയാകാം ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് മുൻഗണന. ആദ്യഘട്ടത്തിൽ ഹോളിഡേയ്സ് മാത്രമാണ് യാത്രകൾ സംഘടിപ്പിച്ചിരുന്നത് എന്നാൽ യാത്രക്കാരുടെ തിരക്കും താൽപര്യവും വർദ്ധിച്ചു വന്ന സാഹചര്യത്തിൽ വർക്കിംഗ് ഡേയ്സ് കൂടി ടൂർ പ്ലാൻ ചെയ്യാൻ പദ്ധതിയിടുന്നുണ്ട്.