അതിശയിപ്പിക്കുന്ന ഫീച്ചറുമായി ഷഓമി 12

ആൻഡ്രോയിഡ് സ്‌മാർട് ഫോണുകൾക്ക് കരുത്ത് പകരുമെന്ന് വിദഗ്ദര്‍ വിലയിരുത്തുന്ന ക്വാൽകം സ്നാപ്ഡ്രാഗൺ 898 പ്രോസസറുമായി ആദ്യം പുറത്തിറങ്ങുന്നത് ഷഓമി 12 സീരീസ് ഹാൻഡ്സെറ്റുകൾ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്.
ക്വാൽകോമിന്റെ പുതിയ ചിപ്പായ സ്‌നാപ്ഡ്രാഗൺ 898 ഉള്ള ആദ്യത്തെ ഫോൺ ഷഓമി 12 ആയിരിക്കുമെന്ന് ജനപ്രിയ ചൈനീസ് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്‌റ്റേഷൻ ആണ് വെളിപ്പെടുത്തിയത്. റിപ്പോർട്ട് ശരിയാണെങ്കിൽ സ്‌നാപ്ഡ്രാഗൺ 898 പ്രോസസറുള്ള ആദ്യത്തെ ഫോൺ ഷഓമി 12 ആയിരിക്കുമെന്നാണ്. സ്‌നാപ്ഡ്രാഗൺ 888 ചിപ്പുള്ള ആദ്യത്തെ ഹാൻഡ്സെറ്റും ഷഓമി 11 ആയിരുന്നു.

സ്‌നാപ്ഡ്രാഗൺ 898ന്റെ സിംഗിൾ, മൾട്ടി-കോർ ഗീക്ക്ബെഞ്ച് പരിശോധനകളുടെ സ്‌കോറുകളും പുറത്തുവന്നിട്ടുണ്ട്. 1200 സിംഗിൾ-കോർ സ്‌കോറും 3900 മൾട്ടി-കോർ സ്‌കോറുമാണ് ആദ്യ പരിശോധനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ എസ്ഡി888 നേക്കാൾ 15 ശതമാനം വേഗമുള്ളതാണ് ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് പ്രോസസർ. എന്നാൽ, പുതിയ പ്രോസസറിന്റെ പ്രകടന നേട്ടങ്ങൾ ഇതിലും ഉയർന്നതായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഷഓമി 12 ൽ എല്‍ടിപിഒ പാനൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ഡിസ്പ്ലേക്ക് 120 Hz പീക്ക് റിഫ്രഷ് റേറ്റാണ് പ്രതീക്ഷിക്കുന്നത്. ഡിസ്‌പ്ലേ 2കെ റെസലൂഷൻ ആണെന്നും പറയപ്പെടുന്നു. കൂടാതെ, ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായി ഷഓമി 12 വരുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളും വന്നിട്ടുണ്ട്.
ഗ്രാഫിക്സിനായി പ്രോസസറിനൊപ്പം അഡ്രിനോ 730 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. പുറത്തുവന്ന സ്‌ക്രീൻഷോട്ടുകളിൽ ഇത് പരാമർശിച്ചിട്ടില്ലെങ്കിലും 10Gbps ഡൗൺലിങ്ക് വേഗം വാഗ്ദാനം ചെയ്യുന്ന സ്‌നാപ്ഡ്രാഗൺ എക്സ്65 5ജി മോഡം ചിപ്‌സെറ്റിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഷഓമി 12 ന്റെ മോഡൽ നമ്പർ 2201122ജി യും ഷഓമി 12 പ്രോ മോഡലിന്റെ നമ്പർ 2201123ജിയുമാണ്. റിപ്പോർട്ടുകൾ പ്രകാരം ഷഓമി 12 അടുത്ത മാസം അവസാനം അവതരിപ്പിച്ചേക്കുമെന്നാണ്. അതേസമയം, ഷഓമി 12 പ്രോ, ഷഓമി 12 അൾട്രാ അടുത്ത മാസം ആദ്യത്തിലും പുറത്തിറങ്ങിയേക്കും എന്നും അഭ്യൂഹങ്ങളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *