ഹണി ട്രാപ്പ്

അദ്ധ്യായം 4

ശലമോന്‍ ദ്വീപിലെ ദുരൂഹത

വിനോദ് നാരായണന്‍([email protected])

കോഴിക്കോട് കല്‍പ്പറ്റ റൂട്ടിലോടുന്ന ആനവണ്ടി താമരശേരി ചുരം ബദ്ധപ്പെട്ട് കയറിയിറങ്ങി അടിവാരത്തെത്തി കിതച്ചു നിന്നു. പുലര്‍കാലമായതിനാല്‍ വയനാടന്‍ മഞ്ഞ് എമ്പാടും പുതപ്പുപോലെ പുതഞ്ഞു നിന്നു. രാഗിണിയുടെ മൊബൈല്‍ ശബ്ദിച്ചുകൊണ്ടിരുന്നു. അവള്‍ കെഎസ്ആര്‍ടിസിയുടെ സീറ്റില്‍ ചാരിക്കിടന്ന് ചെറുമയക്കത്തിലായിരുന്നു. പുലര്‍ച്ചെ അഞ്ചരക്ക് കോഴിക്കോട് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറിയതാണ്. ഇപ്പോള്‍ ഏഴുമണി കഴിഞ്ഞിരിക്കുന്നു. വണ്ടിയില്‍ തിരക്ക് നന്നെ കുറവാണ്.

രാഗിണി മടിയിലെ ബാഗില്‍ നിന്നും ചിലച്ചുകൊണ്ടിരുന്ന മൊബൈല്‍ എടുത്തു നോക്കി.

അവള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

“ഞാന്‍ ഇതാ എത്തി.. അടിവാരമായി. ഇനി കുറച്ചല്ലേ ഉള്ളൂ വൈത്തിരിക്ക്, വൈത്തിരിയിലെ ആ റിസോര്‍ട്ടിന്‍റെ പേരെന്താന്നാണ് പറഞ്ഞത്…. ഓ സോളമന്‍ ഐലന്‍റ്.. ശരി… ശരി..”

രാഗിണി ഫോണ്‍ ബാഗിലേക്കിട്ട് നെടുവീര്‍പ്പിട്ടു.

ഇതെന്ത് പൊല്ലാപ്പാണോ എന്തോ, അവളുടെ കാര്യത്തില്‍ ഇടപെട്ടതൊക്കെ കുരിശായിട്ടേ വന്നിട്ടുള്ളൂ.

ഇതിപ്പോള്‍ ഒരു ബ്ലാക്ക് മെയില്‍ പോലെയാണല്ലോ കാര്യങ്ങള്‍.

താനും സന്തുവുമായുള്ള നാല് വര്‍ഷത്തെ പ്രണയബന്ധത്തിന്‍റെ ഇടനിലക്കാരിയായിരുന്നു അവള്‍.

ഇപ്പോള്‍ സന്തുവുമായുള്ള റിലേഷന്‍ഷിപ്പ് ഉപേക്ഷിച്ച് വീട്ടുകാര്‍ കൊണ്ടുവന്നിരിക്കുന്ന വിവാഹ ആലോചനയുമായി താന്‍ മുന്നോട്ടുപോവുകയാണ്. തന്‍റേയും സന്തുവിന്‍റേയും ഫോട്ടോകള്‍ കാണിക്കുകയും മറ്റ് വിവരങ്ങള്‍ തന്‍റെ പുതിയ വരനോട് ഇവള്‍ പറയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ തനി്ക്ക് വഴങ്ങുകയല്ലാതെ വേറെ വഴിയില്ല. സന്തു തന്നെ ഉപദ്രവിക്കില്ല. അവന്‍ സ്വമേധയാ പിന്‍മാറിയതാണ്. പക്ഷേ ഇവള്‍ ഒരു ഭീഷണിയാണ്. തന്‍റെ ഒരു വിവാഹം ഇവളാണോ മുടക്കിയത് എന്ന് തനിക്ക് നല്ല സംശയമുണ്ട്.

രാഗിണിയുടെ മനസില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി.

ബസ് വൈകാതെ വൈത്തിരി പ്രഭാസ് സെന്‍റര്‍ കവലയില്‍ എത്തി.

അവിടെ ഇറങ്ങി ഓട്ടോ പിടിച്ചു വരാനാണ് നിര്‍ദേശം.

രാഗിണി അങ്ങനെ ചെയ്തു.

ഓട്ടോ ഒരു വീതി കുറഞ്ഞ പാതയിലൂടെ ഓടിത്തുടങ്ങി.

ഹോസ്റ്റല്‍ വാര്‍ഡനോട് പറഞ്ഞത് വീട്ടില്‍ പോകുവാണെന്നാണ്. വീട്ടില്‍ നിന്ന് ആരെങ്കിലും നിര്‍ഭാഗ്യവശാല്‍ ഹോസ്റ്റലില്‍ കാണാന്‍ വന്നാല്‍ കുടുങ്ങിയതു തന്നെ.

രാഗിണി പുലര്‍കാലത്തും ചെയ്യാന്‍ പോകുന്ന കാര്യത്തിലെ അപകടമോര്‍ത്ത് വിയര്‍പ്പില്‍ കുളിച്ചു.

വഴിയോരത്ത് സോളമന്‍ ഐലന്‍റ് എന്ന റിസോര്‍ട്ടിന്‍റെ ഫ്ലെക്സ് പരസ്യങ്ങള്‍ ധാരാളം കാണുന്നുണ്ട്.

ഇടതൂര്‍ന്ന മരങ്ങളും താഴ്വരയും മലകളും ചേര്‍ന്ന് ആ പ്രദേശത്തിന്‍റെ മനോഹാരിത ഒരു കാന്‍വാസ് ചിത്രം പോലെ തോന്നിപ്പിച്ചു. അവിടെ നിന്ന് പൂക്കോട് തടാകത്തിലേക്ക് അധികം ദൂരമില്ല.

പക്ഷേ അതൊന്നും ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല രാഗിണി.

“ഇനി എത്ര ദൂരമുണ്ട്…?”

അവള്‍ ഓട്ടോ ഡ്രൈവറോട് അന്വേഷിച്ചു.

“ഓ എത്തിപ്പോയി. .വെറും അഞ്ചു മിനിറ്റ്..”

ഡ്രൈവര്‍ പറഞ്ഞു.

രാഗിണി അങ്കലാപ്പോടെ ഫോണെടുത്ത് കാള്‍ ചെയ്തു.

“ഞാനിങ്ങെത്തി. റിസപ്ഷനില്‍ എന്താണ് പറയേണ്ടത്. ഏത് റൂമിലാണ്?”

“റൂമല്ല.. കോട്ടേജാണ്. ഷീബാ രാജ്ഞിയുടെ കിടപ്പറ ഏതാണെന്ന് ചോദിക്കൂ..”

“ഓ അതൊക്കെ എങ്ങനെ ചോദിക്കാനാണ്. അതിന് വല്ല നമ്പറൊന്നും ഇല്ലേ..?”

“പതിനാലാണെന്ന് തോന്നുന്നു… അതെ കോട്ടേജ് നമ്പര്‍ പതിനാല് തന്നെ.. നീ വേഗം വാ… ഞങ്ങളിവിടെ കാത്തിരുന്നു മടുത്തു..”

“ഞങ്ങളോ..വേറെയാരാ നിന്‍റെ കൂടെ…?”

“ഓ ഇനി അതേപിടിച്ചു തൂങ്ങണ്ട.. പക്ഷേ ഒരു കാര്യം റിസപ്ഷനില്‍ ചെല്ലുമ്പോള്‍ ഒരു കാരണവശാലും എന്‍റെ പേര് പറയരുത്.”

“പിന്നെ ആരുടെ പേര് പറയണം?”

“വെങ്കട് ശ്രീനിവാസന്‍. ആ പേരു മാത്രമേ പറയാവൂ. കൂടുതലെന്തെങ്കിലും ചോദിച്ചാല്‍ അങ്ങേരുടെ വൈഫാണ്. ചെക്കൗട്ടാകാന്‍ പോവുകയാണ് എന്ന് പറയണം. കാര്യങ്ങള്‍ നീ വന്നിട്ട് വിശദമായി പറയാം.”

മറുവശത്ത് ഫോണ്‍ കട്ട് ചെയ്തു.

അതിനകം ഓട്ടോ റിസോര്‍ട്ടിന്‍റെ ഗേറ്റ് കടന്നിരുന്നു.

ഓട്ടോക്കാരനെ പണം കൊടുത്ത് പറഞ്ഞയച്ചിട്ട് രാഗിണി റിസപ്ഷനിലേക്ക് നടന്നു.

റിസപ്ഷനിലിരുന്ന യുവതി രാഗിണിക്ക് കോട്ടേജ് നമ്പര്‍ പതിനാലിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.

കോവിഡ് 19 ലോക്ക്ഡൗണ്‍ പിരീഡായിട്ടും ഈ റിസോര്‍ട്ട് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നവള്‍ ആലോചിക്കാതെയിരുന്നില്ല.

തദ്ദേശീയര്‍ക്ക് പ്രവേശിക്കാം എന്ന ആനുകൂല്യമുണ്ട് എന്നു തോന്നുന്നു.

പക്ഷേ അവള്‍ എങ്ങനെ കോട്ടേജെടുത്തു. കൂടെയുള്ളതാരാണ്. എന്താണ് താന്‍ ഇനി അവള്‍ക്ക് ചെയ്യേണ്ടത്

ചോദ്യങ്ങളുടെ ഒരു കെട്ട് മനസിലിട്ട് വേവിച്ചുകൊണ്ട് രാഗിണി വേഗം കോട്ടേജിലേക്കു നടന്നു.

ഇരുവശവും മഞ്ഞമുളകളുടെ വേലി തീര്‍ത്ത കരിങ്കല്ലു പാകിയ നടവഴിയിലൂടെ വേണം ഓരോ കോട്ടേജിലേക്കും പോകാന്‍.

ഓരോ കോട്ടേജും തമ്മില്‍ നല്ല ദുരമുണ്ട്.

ചുറ്റും കാടാണ്.

രാഗിണി കോട്ടേജ് നമ്പര്‍ പതിനാലിന്‍റെ മുന്നിലെത്തി.

അതിന് മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങിക്കിടപ്പുണ്ട്.

ഷീബാ രാജ്ഞിയുടെ കിടപ്പറ

വാതിലില്‍ മുട്ടുന്നതിന് മുമ്പു തന്നെ ആരോ വന്നു വാതില്‍ തുറന്നു.

“അകത്തേക്കു വാടി..” 

അകത്തു നിന്ന അവളുടെ ശബ്ദം കേട്ടു.

രാഗിണി മെല്ലെ കോട്ടേജിനകത്തേക്ക് കടന്നുചെന്നു.

അവിടെ വെല്‍കം പോര്‍ഷനിലെ ചെയറില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു.

വാതില്‍ തുറന്നു തന്നത് ഒരു ചെറുപ്പക്കാരനായിരുന്നു.

രാഗിണി അകത്തു കടന്നയുടന്‍തന്നെ അയാള്‍ തിടുക്കത്തില്‍ വാതിലടച്ചു ലോക്കു ചെയ്തു.

രാഗിണി അവളെ ആകമാനം നോക്കി.

ആര്യാദേവി..!!!

വെളുത്ത ആകര്‍ഷകമായ ആകാരസൗഷ്ടവമുള്ള ഒരു സുന്ദരി.

ജീന്‍സും ടീഷര്‍ട്ടുമാണ് വേഷം.

“നീയെന്താ പെണ്ണേ പേടിച്ചുപോയോ .. നിന്നു വിറക്കുന്നല്ലോ മാന്‍പേടയെപ്പോലെ..”

ആര്യ പരിഹസിച്ചു ചിരിച്ചു.

“ഞാനെന്താ ചെയ്യേണ്ടത്…?”

രാഗിണി നിവൃത്തിയില്ലാതെ ചോദിച്ചു. എന്നിട്ടവള്‍ ചെറുപ്പക്കാരനെ നോക്കി.

“ഇതാണോ നീ പറഞ്ഞ വെങ്കട് ശ്രീനിവാസന്‍.. ഇയാളുടെ ഭാര്യയായിട്ടാണോ ഞാന്‍ അഭിനയിക്കേണ്ടത്. ..?”

രാഗിണി ചെറുപ്പക്കാരനെ ആകമാനം നോക്കി.

ജീന്‍സും ഷര്‍ട്ടുമണിഞ്ഞ ഒരു കുള്ളനായ മനുഷ്യന്‍. വെളുത്ത ഒരു ക്ലീന്‍ഷേവുകാരന്‍. ആര്യാദേവിയേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ചു പൊക്കം കുറവായിരിക്കും അയാള്‍ക്ക്. പക്ഷേ പൊതുവെ അയാള്‍ ക്യൂട്ടാണ്. ഒരോമനത്തം തോന്നിപ്പിക്കും.

“അഭിനയിക്കാനേ പാടുള്ളൂ.. അതും കോഴിക്കോടു വരെയുള്ള യാത്രയില്‍. അതിനപ്പുറം പോയാല്‍ കൊന്നുകളയും ഞാന്‍.”

ആര്യാദേവി കളിയായി ഭീഷണിയുടെ ശബ്ദത്തില്‍ പറഞ്ഞു.

രാഗിണിക്ക് ചിരിയൊന്നും വന്നില്ല.

അവള്‍ പറഞ്ഞു

“എന്‍റെ ജീവിതം വച്ചുള്ള കളിയാണ്. ഒരപേക്ഷയേയുള്ളൂ. എന്‍റെ ജീവിതം നീയായിട്ട് തുലക്കരുത്.”

രാഗിണി കൈകൂപ്പി.

ആര്യാദേവി ചിരിയോടെ എഴുന്നേറ്റു വന്ന് അവളുടെ ഇരുതോളുകളിലും പിടിച്ചുകൊണ്ടു പറഞ്ഞു:

“ഇല്ല മോളേ, ഇതു നീ എനിക്കു വേണ്ടി ചെയ്യണം. പിന്നെ നിന്നെ ഞാന്‍ ഒരിക്കലും ശല്യപ്പെടുത്തില്ല. കാരണം ഞാന്‍ ഇന്ത്യ വിടും.”

“നീ എവിടേക്കു പോകുന്നു…?”

“എന്‍റെ സ്വപ്നം .. ഞാന്‍ പറയാറില്ലേ. യുകെ. … യുണൈറ്റഡ് കിങ്ങ്ഡം…. അവിടെ ലണ്ടനിലെ രാജവീഥികളിലൂടെ എന്‍റെ പ്രാണനാഥന്‍റെ കരങ്ങള്‍ പിടിച്ച് ഈവനിംഗ് വാക്ക് നടത്തുന്ന ആര്യാദേവിയെ ഞാന്‍ പലപ്പോഴും സ്വപ്നം കാണാറുണ്ടെന്ന് ഞാന്‍ പറയാറില്ലേ.. ഞാന്‍ വര്‍ഷങ്ങളായി കാത്തിരുന്ന ആ സ്വപ്നം സഫലമാവുകയാണ്. “

അതുകേട്ടപ്പോള്‍ രാഗിണിക്ക് ആശ്വാസമായി. ഈ നാശം പിടിച്ചവള്‍ ഇന്ത്യ വിട്ടുപോവുകയാണെങ്കില്‍ താന്‍ രക്ഷപ്പെടുമല്ലോ എന്നോര്‍ത്തിട്ട്.

“ഞാനെന്തു ചെയ്യണമെന്ന് പറയൂ..?”

രാഗിണി ധൃതി പിടിച്ചു.

“പറയാം. അതിനു മുമ്പ് ഇവനാരാണെന്ന് നിനക്ക് അറിയണ്ടേ…?’

“പറയൂ..”

രാഗിണി താല്‍പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു. അവള്‍ക്ക് എങ്ങനെയെങ്കിലും ആ സീനില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മതി എന്നായിരുന്നു.

ആര്യ കട്ടിലില്‍ ഇരുന്നു. എന്നിട്ട് ചെറുപ്പക്കാരന്‍റെ ചുമലില്‍ തല ചായ്ചുകൊണ്ട് പറഞ്ഞു

“ഇവനാണ് എന്‍റെ പ്രിയപ്പെട്ട എബിന്‍!  എബിന്‍ എബ്രഹാം…! ഇവനെയാണ് ഞാന്‍ പ്രണയിച്ചത്. ഇവനെ മാത്രമേ ഞാന്‍ പ്രണയിച്ചിട്ടുള്ളൂ… പക്ഷേ ഇവനെന്നെ എത്രയധികം കണ്ണീര് കുടിപ്പിച്ചിട്ടുണ്ട് എന്ന് നിനക്കറിയാമോ…? ദ്രോഹി..!”

ആര്യദേവി എബിന്‍റെ ചുമലില്‍ കൈ ചുരുട്ടി ഇടിച്ചു.

അവര്‍ തുടര്‍ന്നു:

“മൈസൂരിലെ നഴ്സിങ്ങ് ഡിപ്ലോമാ പഠനകാലത്ത് എന്‍റെ ക്ലാസ്മേറ്റായിരുന്നു ഇവന്‍.  ആ പഠനകാലത്തെ കൊണ്ടുപിടിച്ച പ്രേമം. ഞങ്ങള്‍ മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലും ഗോവയിലും മുരുഡേശ്വരിലും ബാംഗ്ലൂരിലും കറങ്ങി നടന്നു. ശരീരവും മനസും പരസ്പരം പങ്കു വച്ചു. ഇവനെ ഞാന്‍ വിളിച്ചിരുന്നത് നുന്നു എന്നായിരുന്നു.” 

“പക്ഷേ വിവാഹത്തോടടുത്തപ്പോള്‍ ഇവള്‍ പിന്മാറി.”

എബിന്‍ ആദ്യമായി ശബ്ദിച്ചു.

“അതെന്തായിരുന്നു കാരണം…?”

രാഗിണി ചോദിച്ചു.

മറുപടി പറഞ്ഞത് ആര്യയായിരുന്നു.

“കാരണം ഞാന്‍ അത്രമാത്രം ഇവനെ സ്നേഹിച്ചിരുന്നു. എന്‍റെ ജാതകത്തില്‍ ഒരു ദോഷമുണ്ടെന്ന് ഒരു ജ്യോത്സ്യന്‍ എന്നോടു പറഞ്ഞു. അഷ്ടമത്തിലെ കുജന്‍. എന്‍റെ ഭര്‍ത്താവാകുന്നയാളിന് ദാരുണ മരണമാണ് വിധി. അതറിഞ്ഞ ഞാന്‍ തകര്‍ന്നുപോയി. പക്ഷേ ഞാന്‍ ഇക്കാര്യം ഇവനോട് പറഞ്ഞില്ല. പകരം എന്‍റെ കൂ്ട്ടുകാരിയായ മീരയെ ഞാനിവന് പരിചയപ്പെടുത്തി. ഞാന്‍ പതിയെ അകന്നു. എന്‍റെ അകല്‍ച്ച ഇവനെ അമ്പരപ്പിച്ചു. ഇവന്‍ സ്നേഹത്തിനായി എന്‍റെ കാലുപിടിച്ചു കരഞ്ഞു. പക്ഷേ എന്‍റെ മനസലിഞ്ഞില്ല. ഇവന്‍റെ ജീവനായിരുന്നു എനിക്കു വലുത്. ഞാന്‍ ഒ്ട്ടും അയഞ്ഞില്ല. എന്‍റെ വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ അവനില്‍ നിന്ന് ഓടിയൊളിച്ചു. ഒടുവില്‍  ഇവന്‍ മീരയെ കല്യാണം കഴിച്ചു. ഒരു വര്‍ഷത്തിനകം ഇവനും മീരയും യുകെയില്‍ സെറ്റിലായി. ഇപ്പോള്‍ ഇവന് രണ്ട് പിള്ളേരുണ്ട്.”

രാഗിണി ഇരുവരേയും മാറിമാറി നോക്കി.

അവളുടെ കണ്ണുകളില്‍ സംശയം തുളുമ്പി നിന്നു

“അപ്പോള്‍ മീര…?”

അതുകേട്ട് ആര്യ ചിരിച്ചു.

“അവളെ ഇവന്‍ ഡിവോഴ്സ് ചെയ്യും. ഇനി ഇവന്‍ എന്‍റെ സ്വന്തമാണ്. ഇവനു വേണ്ടിയാണ് ഇത്രയും നാള്‍ ഞാന്‍ കരുക്കള്‍ നീക്കിയത്.”

“അപ്പോള്‍ നിന്‍റെ ചൊവ്വാ ദോഷം,\..?”

“അതു മാറിയല്ലോ..”

“എങ്ങനെ..?”

“എന്‍റെ ഭര്‍ത്താവ് മരിച്ചു.”

ആര്യ നിസാര മട്ടില്‍ പറഞ്ഞു.

രാഗിണി ഞെട്ടിപ്പോയി.

“എങ്ങനെ. .അതിന് ആരായിരുന്നു നിന്‍റെ ഭര്‍ത്താവ്… അഖിലിനെ ആയിരുന്നല്ലോ നീ കല്യാണം കഴിച്ചത്. അയാളുമായി ഒരാഴ്ചത്തെ ബന്ധത്തിന് ശേഷം ഡിവോഴ്സാവുകയും ചെയ്തു. പിന്നെ ഒരുപാടുപേരെ ട്രൈ ചെയ്യുന്നതായി എനിക്കറിയാമായിരുന്നു.

“ഒരാളെ ഭര്‍ത്താവാക്കുക. അയാള്‍ മരിക്കുന്നതോടെ എന്‍റെ വൈധവ്യദോഷം തീരും. പിന്നെ ഞാന്‍ സ്നേഹിച്ചവനോടൊപ്പം എനിക്കു കഴിയാമല്ലോ. എ ലിവിങ്ങ് റ്റുഗെതര്‍..അതായാലും മതി.

“പക്ഷേ ലിവിങ്ങ് റ്റു ഗെതറായാലും ഇണ ഭര്‍ത്താവ് തന്നെയാണ്.”

“എന്തായാലും എന്‍റെ വിരലില്‍ മോതിരമിട്ട് എന്‍റെ കഴുത്തില്‍ താലി ചാര്‍്ത്തിയ ആ ഭര്‍ത്താവ് മരിച്ചു കഴിഞ്ഞു. അതോടെ എന്‍റെ ദോഷം തീര്‍ന്നു.”

“നിന്നോടാരാണ് ഈ പൊട്ടത്തരമൊക്കെ പറഞ്ഞത്…?”

“മണിക്കുട്ടന്‍.”

“ഏത് മണിക്കുട്ടന്‍…?”

“തൃശൂരിലുള്ള ഒരു ജ്യോത്സ്യനാണ്… അവന്‍ ഒരു പൂജാരിയും മാന്ത്രികനുമൊക്കെയാണ്. “

“അയാളെപ്പോലുള്ള ഒരു വട്ടന്‍ എന്തോ പറഞ്ഞെന്ന് വിചാരിച്ച് നീ നിന്‍റെ ജീവിതം ഹോമിക്കുകയാണ് ആര്യ.”

രാഗിണി ദേഷ്യപ്പെട്ടു.

“നീ കൂടുതലൊന്നും ഇങ്ങോട്‌ മൊഴിയണ്ട. നീ തല്‍ക്കാലം ഇത്രയൊക്കെ അറിഞ്ഞാല്‍ മതി. ഇനി നീ എനിക്കുവേണ്ടി ചെയ്യേണ്ടത് എന്താണെന്ന് പറയാം.”

 ആര്യ അങ്ങനെ പറഞ്ഞുകൊണ്ട് മുറിയുടെ മൂലയിലുണ്ടായിരുന്ന വലിയ ഒരു സ്യൂട്ട്കേസിന് നേരേ നോക്കി.

“രാഗിണി, നീ ആ സ്യൂട്ട്കേസ് നിന്‍റെ ഹോസ്റ്റല്‍ റൂമില്‍ കൊണ്ടുപോയി വക്കണം.”

“അതിനകത്ത് എന്താണ്?”

രാഗിണി ആശങ്കയോടെ ചോദിച്ചു

“അതിനകത്ത് ഇപ്പോള്‍ ഒന്നുമില്ല.”

“ഈ കാലി സ്യൂട്ട്കേസ് കൊണ്ടുപോകാനാണോ എന്നെ ഇത്രടം വിളിച്ചുവരുത്തിയത്.”

രാഗിണി ദേഷ്യപ്പെട്ടു.

“ഈ സ്യൂട്ട്കേസ് ഇവിടെ നിന്ന് പോകുമ്പോള്‍ ഇതിനുള്ളില്‍ ഞാനുണ്ടാവും.”

“എന്ത്?”

രാഗിണി അമ്പരന്നു.

“നിനക്ക് നേരേ ചൊവ്വേ പോയാലെന്താണ്?”

“അതല്ലെടി പൊട്ടീ.. ഞാന്‍ വാടകക്കെടുത്ത കോട്ടേജ് വേറെയാണ്. നാളെ നേരം വെളുക്കുമ്പോള്‍ ഞാന്‍ അവിടെ നിന്ന് അപ്രത്യക്ഷയായ വാര്‍ത്തയാകും ജനം കേള്‍ക്കുക. ഈ കോട്ടേജ് വെങ്കട് ശ്രീനിവാസ് എന്ന കള്ളപ്പേരില്‍ എബിന്‍ എടുത്ത് കോട്ടേജാണ്. നീ ഇവന്‍റെ ഭാര്യയായി അഭിനയിക്കുന്നു. നിങ്ങള്‍ ഈ വലിയ സ്യൂട്ട്കേസുമായി ഇവിടെ നിന്ന് ചെക്കൗട്ട് ആകുന്നു. ഞാന്‍ ഈസിയായി നിന്‍റെ ഹോസ്റ്റലില്‍ എത്തുന്നു. ഹോസ്റ്റലില്‍ ഇപ്പോള്‍ ഞാനൊരു മെംബറല്ലാത്ത സ്ഥിതിക്ക് അതിനുള്ളില്‍ നേരേ ചൊവ്വേ കയറുകയും ബുദ്ധിമുട്ടായിരിക്കുമല്ലോ. എബിന്‍ അവിടെ നിന്‍റെ പ്രതിശ്രുത വരനാകും. മേട്രണ്‍ നിന്‍റെ വരനെയൊന്നും കണ്ടിട്ടില്ലല്ലോ. നിങ്ങള്‍ ഇരുവരും കൂടി ഈ പെട്ടി പൊക്കിയെടുത്ത് റൂമില്‍ വച്ചാല്‍ കാര്യം ഓക്കെ.”

ആര്യയുടെ പ്ലാന്‍ കേട്ട് രാഗിണി സ്തംഭിച്ചിരുന്നു.

0000000

നിവിന്‍ സുബ്രഹ്മണ്യനുമായി ഗോവയിലെ ബീച്ച് റിസോര്‍ട്ടില്‍ സംസാരിച്ചിരിക്കവേ

റൂറല്‍ എസ്പി നീരവ് സുബ്രക്ക് വന്ന ഫോണ്‍കോള്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ നിന്നുള്ളതായിരുന്നു.

അങ്ങേത്തലക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹനീഫിന്‍റെ ശബ്ദം മുഴങ്ങി

“സര്‍, ആ ഹണിട്രാപ്പിലെ പ്രതി ആര്യാദേവി കൊല്ലപ്പെട്ടു.”

“വാട്ട്?”

നീരവ് സുബ്ര ഞെട്ടലോടെ ചോദിച്ചു

“യേസ് സര്‍.. കോഴിക്കോട്ടെ ഒരു ഹോസ്റ്റല്‍ റൂമില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.”

“അവര്‍ മിസിങ്ങായിരുന്നല്ലോ… നമ്മള്‍ ആ ഹോസ്റ്റലിലൊക്കെ അന്വേഷിച്ചതല്ലേ..?”

“അവരവിടെ നിന്ന് മാറിയിട്ട് ഒരു മാസമായിരുന്നു. ഏതോ ഫ്ളാറ്റോ മറ്റോ വാടകക്കെടുത്തായിരുന്നു ജീവിതം. റൂം മേറ്റ് ആയ ഒരു പെങ്കൊച്ച് നമ്മുടെ കസ്റ്റഡിയിലുണ്ട്. സാറൊന്നും വന്നാല്‍ നന്നായിരുന്നു.”

“ഷുവര്‍. ഞാന്‍ ഗോവയില്‍ നിവിന്‍ സുബ്രമണ്യനൊപ്പമുണ്ട്. അദ്ദേഹത്തേയും കൂട്ടി ഞാന്‍ ഉടന്‍ അവിടേക്ക് വരാം..”

മൊബൈല്‍ ടീപ്പോയുടെ മുകളിലേക്കിട്ട് നീരവ് സുബ്ര താലക്കു കൈ കൊടുത്തിരുന്നു.

“എന്തു പറ്റി സര്‍?”

നിവിന്‍ ചോദിച്ചു.

“ആ ഹണിട്രാപ്പ് കഥ ഇവിടെ അവസാനിക്കുകയാണ്. “

“കാരണം?”

നിവിന്‍ ആകാംക്ഷയോടെ ചോദിച്ചു.

“ആര്യാദേവി കൊല്ലപ്പെട്ടു…. ഉടന്‍ തയ്യാറാകൂ. നമുക്ക് ഉടന്‍ കല്‍പ്പറ്റക്ക് പോകണം.”

നീരവ് സുബ്ര ആവശ്യപ്പെട്ടു.

റിന്സണ്‍ ഏര്‍പ്പെടുത്തിയ വണ്ടിയില്‍ അവര്‍ ഉടന്‍തന്നെ പുറപ്പെട്ടു.

00000

രാഗിണി പേടിയോടെ അവര്‍ക്കു മുന്നില്‍ നിന്നു.

കല്‍പ്പറ്റ സ്റ്റേഷനിലെ ആ മുറിയില്‍ എസ് പി നീരവ് സുബ്രയും നിവിനും സര്‍ക്കിള്‍ ഹനീഫും ഉണ്ടായിരുന്നു.

രാഗിണി പറഞ്ഞു

“സാര്‍ സോളമന്‍ ഐലന്‍റ് എന്ന റിസോര്‍ട്ടില്‍ നിന്നും ഞാനും എബിനും ആ വലിയ സ്യൂട്ടകേസുമായി എബിന്‍റെ വെളുത്ത ഹോണ്ടാസിറ്റിയില്‍ കയറി. ആര്‍ക്കും ഒരു സംശയവും തോന്നിയില്ല. ഞാന്‍ എബിന്‍റെ ഭാര്യയായി അഭിനയിച്ചു. സ്യൂട്ട്കേസിനകത്ത് ആര്യാദേവി ഭദ്രമായിരുന്നു. കോഴിക്കോട്ടെ ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഉച്ചയായിരുന്നു. ഞാനും അയാളും കൂടി പെട്ടി ചുമന്ന് എന്‍റെ റൂമില്‍ വച്ചു. മേട്രണും പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. റൂമിലെ മറ്റേ കട്ടില്‍ ഒഴിവായിരുന്നു. ആര്യ അതില്‍ കയറി കിടന്ന് ഉറങ്ങി. വൈകാതെ ഞാനും ഉറങ്ങി. അതിരാവിലെ എനിക്ക് ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്ക് കയറണമായിരുന്നു. പാതിരാത്രിയായപ്പോള്‍ എന്തോ ശബ്ദം കേട്ട് ഞാന്‍ എഴുന്നേറ്റു ലൈറ്റിട്ടു. അപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു. ഞാന്‍ ആര്യയെ നോക്കിയപ്പോള്‍ അവള്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആരോ ശ്വാസം മുട്ടിച്ചുകൊന്നപോലെ. എനി്ക്കു ഭയമായി. മേട്രണെ വിളിക്കാന്‍ എനിക്കു ധൈര്യം കിട്ടിയില്ല. എന്തു ചെയ്യണമെന്ന് ആലോചിച്ച് ഞാന്‍ സ്തംഭിച്ച് നില്‍ക്കവേ ആരോ എന്നെ പിന്നില്‍ നിന്ന് വായും മൂക്കും പൊത്തിപ്പിടിച്ചു. പിന്നെ എനിക്കൊന്നും ഓര്‍മയില്ല സാര്‍..”

രാഗിണി പറഞ്ഞതുകേട്ട് ഞങ്ങളെല്ലാവരും അമ്പരന്നു.

നീരവ് സുബ്ര പറഞ്ഞു

“ഇത് ആ സിനിമ പോലെ തന്നെയുണ്ടല്ലോ നിവിന്‍ സാര്‍..”

“അതെ. .പക്ഷേ വിചിത്രമായിരിക്കുന്നു…”

നിവിന്‍ താടിയിലൂടെ ചിന്താകുലനായി വിരലോടിച്ചു.

അയാള്‍ തുടര്‍ന്നു

“രാഗിണി വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും ആര്യാദേവി എന്ന ക്യാരക്ടറിന്‍റെ ദുരൂഹതകള്‍ നീ്ക്കുന്നവയാണ്. ആ കാര്യങ്ങളെല്ലാം പ്രണയ സംഭാഷണവേളകളില്‍ അവര്‍തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. മൈസൂരിലെ ഡിപ്ലോമാ പഠനകാലത്തെ പ്രണയം. അതിന്‍റെ വിരഹദുഃഖം അവര്‍ വര്‍ഷങ്ങളോളം കൊണ്ടു നടന്നത്. അതിന്‍റെ പേരില്‍ കല്യാണം കഴിക്കാന്‍ വൈകിയത്. എന്നെ പ്രണയപൂര്‍വം അവര്‍ നുന്നു എന്നു വിളിച്ചത്. അവര്‍ ഒരു അന്ധവിശ്വാസി കൂടിയായിരുന്നു എന്ന് എനിക്കു മനസിലായിരുന്നു. പക്ഷേ സാര്‍ എന്നെ കുഴപ്പിക്കുന്ന ക്വസ്റ്റ്യന്‍ ഇതാണ്. സോളമന്‍ ഐലന്‍റില്‍ നിന്ന് എന്തിനാണവര്‍ രാഗിണിയെ കൂടെ കൂട്ടി സ്യൂട്ടകേസില്‍ കയറി പുറത്തു ചാടിയത്. അവര്‍ ബുക്ക് ചെയ്തത് മറ്റൊരു കോട്ടേജായിരുന്നില്ലേ. അതു കൂടാതെ അവര്‍ രാഗിണിയോട് പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്.”

“എന്താണത്?”

“അവരുടെ ഭര്‍ത്താവ് മരിച്ചു. വിരലില്‍ മോതിരവും കഴുത്തില്‍ താലിയും ചാര്‍ത്തിയ അവരുടെ ഭര്‍ത്താവ് മരണപ്പെട്ടു. അതോടെ അവര്‍ ചൊവ്വാദോഷത്തില്‍ നിന്നും മോചിതയായി എന്നാണ് പറഞ്ഞത്. അത് ദുരൂഹമല്ലേ. സാറിനെന്ത് തോന്നുന്നു.”

“ദുരൂഹമാണ്. അവരുടെ ആ വാക്കുകള്‍ ദുരൂഹമാണ്. “

“എന്നോട് പറഞ്ഞത് രാഗിണി പറഞ്ഞ പ്രകാരം തന്നെയാണ്. അവരുടെ എക്സ് ഹസ്ബെന്‍ഡ് മനോരോഗിയായതിന്‍റെ പേരില്‍ അയാളുമായി വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ്. “

“നില്‍ക്കൂ നിവിന്‍ സാര്‍. ഞാനൂഹിക്കുന്നത് അവര്‍ക്ക് ബലിയാടാവാന്‍ ഒരു ഭര്‍ത്താവിനെ വേണമായിരുന്നു. അതിനാണ് അവര്‍ ഇത്രയധികം പ്രണയനാടകങ്ങള്‍ ആടിയത്. ഇത്രയധികം ഹണിട്രാപ്പ്ുകള്‍ നെയ്തെടുത്തത്. ആരെയെങ്കിലും പ്രണയം നടിച്ച് വശീകരിക്കുക. ഒരു വിവാഹം നടത്തുക. അപ്പോള്‍ അവരുടെ ജാതകദോഷത്താല്‍ ആ ഭര്‍ത്താവ് കൊല്ലപ്പെടും. അതോടെ അവരുടെ ജാതകദോഷം തീരും. പിന്നെ അവര്‍ യഥാര്‍ത്ഥത്തില്‍ സ്നേഹിച്ച എബിന്‍ എന്ന യുവാവുമായുള്ള ജീവിതം നയിക്കാനുമാകും. പിന്നെ അവരുദ്ദേശിച്ച രീതിയില്‍ ഒരു ലക്ഷ്വറി യുകെ ജീവിതം സാധ്യമാവുകയും ചെയ്യും. “

അതു പറഞ്ഞ് നീരവ് സുബ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹനീഫിന് നേര്‍്ക്ക് തിരിഞ്ഞു

“ഹനീഫേ, ഈ രാഗിണി പറഞ്ഞ പ്രകാരം ഐലന്‍റ് റിസോര്‍ട്ടില്‍ തിരച്ചില്‍ നടത്തിയോ. പ്രത്യേകിച്ച് ആ സ്ത്രീ എടുത്ത കോട്ടേജില്‍.

“നമ്മൂടെ ടീം അവിടേക്കു പോയിട്ടുണ്ട് സാര്‍..

ഹനീഫ് പറഞ്ഞു

നിവിന്‍ അപ്പോഴും ആലോചനയിലായിരുന്നു

അയാള്‍ പറഞ്ഞു:

“സാര്‍ ആരായിരിക്കും ആര്യയുടെ കൊലപാതകി…?’

“എബിനായിക്കൂടെ..?”

“എബിന്‍ എന്തിന് ആര്യയെ കൊല്ലണം.”

“ഈ സ്ത്രീ ഒരു സൈക്കോ അ്ല്ലേ. മീരയുമായുള്ള എബിന്‍റെ അയാളുടെ ജീവിതം സന്തോഷകരമായിരുന്നു എന്നതിന്‍റെ തെളിവുകളാണല്ലോ അവരുടെ രണ്ട് കുട്ടികള്‍. പക്ഷേ ഈ സ്ത്രീ എബിനുമായുള്ള അവരുടെ പ്രണയത്തിന്‍റെ ഭൂതകാലം വച്ച് അയാളെ ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടിരുന്നു. ഈ സ്ത്രീയുമായി എബിന്‍ ബന്ധം തുടരുന്നുണ്ട് എന്നറിഞ്ഞാല്‍ മീര സഹിക്കില്ല. അത് ഒരു ഭാര്യയും സഹിക്കില്ലല്ലോ. അതുകൊണ്ട് ആര്യയെ ഒഴിവാക്കാന്‍ എബിന്‍ കൂടെ നിന്ന് ഒരു നാടകം കളിച്ചതാണെന്ന് എനിക്കു തോന്നുന്നു.”

നീരവ് സുബ്രയുടെ പോലീസ് ബുദ്ധി അങ്ങനെ ചിന്തിച്ചു

അദ്ദേഹം രാഗിണിക്ക് നേരേ തിരിഞ്ഞു

“നിങ്ങളെ പിന്നില്‍ നിന്ന് ബലമായി വായും മൂക്കും പൊത്തിപ്പിടിച്ചത് ആരായിരിക്കും എന്ന് വല്ല ഊഹവുമുണ്ടോ?”

“ഇല്ല സര്‍.”

രാഗിണി വിറയലോടെ പറഞ്ഞു.

“രാഗിണി, നിങ്ങളെ ഹോസ്റ്റലിലാക്കിയതിന് ശേഷം എബിന്‍ എവിടേക്കാണ് പോയത്?”

“അറിയില്ല സര്‍.”

“എവിടെയാണവന്‍റെ വീട്?”

“കോഴിക്കോട് മലാപ്പറമ്പിലാണെന്ന് തോന്നുന്നു.”

“അവന്‍റെ വിലാസം കിട്ടാന്‍ ഒരു വഴിയുമില്ലേ.?”

നൂരവ് സുബ്ര തലയില്‍ വിരോടിച്ചു

ഉടന്‍ ഹനീഫ് പറഞ്ഞു

“സാര്‍ സോളമന്‍ ഐലന്‍റിലെ സിസിടിവി നോക്കിയാല്‍ അവന്‍റെ വീഡിയോ കിട്ടും. അതില്‍ നിന്ന് ഫോട്ടോ എടുത്ത് മലാപ്പറമ്പില്‍ ഒന്നു തപ്പിയാല്‍ അവനെ പൊക്കാം.”

“അതൊന്നും നോക്കൂ. കൂടാതെ മൈസൂരില്‍ ഇവര്‍ പഠിച്ചിരുന്ന നേഴ്സിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2005 കാലത്തെ സ്റ്റുഡന്‍റസിന്‍റെ ഡീറ്റെയില്‍സ് എടുപ്പിക്കണം. അതില്‍ നിന്ന് വിലാസം കിട്ടും. അവനെയല്ല, അവന്‍റപ്പൂപ്പനെ നമുക്ക് പൊക്കാം. നിവിന്‍ സാര്‍ വാ നമുക്ക് ആ ശലോമോന്‍റെ ദ്വീപ് വരെ ഒന്നു പോകാം.. എന്തായാലും സാറിന്‍റെ കഥ അറം പറ്റുകയല്ലേ…”

നിവിന്‍ സുബ്ര പറഞ്ഞു.

ഞങ്ങള്‍ ഇറങ്ങാന്‍ നേരം രാഗിണി കൈകൂപ്പി.

“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല..”

“എന്തുചെയ്യാനാണ് കുട്ടീ.. ഇത്തരം ഡേര്‍ട്ടീ ഫെലോസിന് ഓരോന്നും ചെയ്തുകൊടുക്കുമ്പോള്‍ ആലോചിക്കണം..”

നീരവ് സുബ്ര തിരിഞ്ഞ് ഹനീഫിനോട് പറഞ്ഞു

“ഹനീഫേ ഈ കുട്ടിയെ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കണം.”   

000000

നീരവ് സുബ്രയും നിവിനും വൈത്തിരിയിലെ സോളമന്‍ ഐലന്‍റ് റിസോര്ട്ടിലെത്തി.

ഒരു പോലീസ് സംഘം അവിടെ പരിശോധനയിലുണ്ടായിരുന്നു.

നീരവ് സുബ്രയെ കണ്ട് ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ വന്ന് സല്യൂട്ട് ചെയ്തിട്ടു പറഞ്ഞു:

“സാര്‍ ആ സ്ത്രീ പതിനെട്ടാം നമ്പര്‍ കോട്ടേജാണ് ബുക്ക് ചെയ്തത്. മേഘ്ന ആന്‍ഡ് രാജീവ് എന്ന പേരിലാണ് കോട്ടേജ് ബുക്ക് ചെയ്തിരിക്കുന്നത്. പക്ഷേ ഇരുവരും ഇന്നു രാവിലെ മുതല്‍ മിസിങ്ങാണ് എന്നാണ് റിസോര്‍്ടുകാര്‍ പറയുന്നത്.”

“യേസ് അതാണല്ലോ ആര്യയും ഉദ്ദേശിച്ചത്. അപ്രത്യക്ഷമാകല്‍… പക്ഷേ രാജീവ് എന്ന വ്യക്തി എവിടെ. .അതാണെന്‍റെ ചോദ്യം. ആ സ്ത്രീ രാജീവ് എന്ന വ്യക്തിയെ കൊണ്ട് അവരുടെ വിരലില്‍ മോതിരവും കഴുത്തില്‍ താലിയും ചാര്‍ത്തിച്ചിരിക്കുന്നു. ഐ ആം ഷുവര്‍..”

നീരവ് സുബ്ര ഉറപ്പിച്ചു പറഞ്ഞു.

അതുകേട്ട് നിവിന്‍ സുബ്രഹ്മണ്യന്‍ പിറുപിറുത്തു

“അതു കഴിഞ്ഞ് അവള്‍ അയാള കൊന്നു.. അതാണ് ഞാന്‍ ഊഹിക്കുന്നത്. അഷ്ടമത്തിലെ കുജന്‍ ഭര്‍ത്താവിന്‍റെ ജീവന്‍ സ്വാഭാവികമായും ഹനിക്കുന്നതു കാത്തു നില്‍ക്കാന്‍ അവള്‍ക്കു മനസില്ലായിരുന്നു. ആ സ്ത്രീ പ്രേമത്തിന്‍റെ വല വിരിച്ചു പിടിച്ച മിക്കവാറും ആണുങ്ങളെ കൊണ്ട് അവള്‍ രഹസ്യമായി വിരലില്‍ മോതിരമിടുവിക്കുകയോ കഴുത്തില്‍ താലി ചാര്‍ത്തിക്കുകയോ ചെയ്തു. അവര്‍ ഉടന്‍ മരിച്ചുപോകും എന്നവള്‍ ചിന്തിച്ചു. പക്ഷേ അവരെയൊന്നും സഹിക്കാന്‍ അവള്‍ക്ക് മനസില്ലായിരുന്നു. അവള്‍ ഔദ്യോഗികമായി കഴിച്ച വിവാഹത്തിലും അത് തന്നെയാണ് സംഭവിച്ചത്. പിന്നെയാണ് അവള്‍ തന്ത്രപൂര്‍വമുള്ള രഹസ്യ നീക്കങ്ങള്‍ ആരംഭിച്ചത്. ഒരാളെ തേടിപ്പിടിച്ച് രഹസ്യവിവാഹം നടത്തുക. എന്നിട്ട് ആ ഭര്‍ത്താവിനെ കൊന്നു കളയുക. അങ്ങനെ ജാതകദോഷം തീര്‍ക്കുക. വാഴക്കല്യാണം പോലെ ഒന്ന്.”

“ദാറ്റീസ് റൈറ്റ്.”

നീരവ് സുബ്ര അത് ശരിവച്ചു.

അപ്പോഴേക്കും ഒരു പോലീസുകാരന്‍ ഓടിവന്നു.

“സര്‍.. ആ കോട്ടേജില്‍ നിന്ന് നൂറടി മാറി ഒരു വാട്ടര്‍ടാങ്കില്‍ ബോഡി കണ്ടെത്തി…”

“വേഗം വരൂ.”

നീരവ് സുബ്രയും നിവിനും അവിടേക്കു ചെന്നു.

മഞ്ഞമുളകള്‍ അതിരിട്ട പ്രദേശത്തിനകത്തായിരുന്നു ആ വാട്ടര്‍ ടാങ്ക് ഇരുന്നത്. അയ്യായിരം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ടാങ്ക്. ഒരു കോണ്‍ക്രീറ്റ് പില്ലര്‍ സ്ലാബിന് മുകളിലാണ് അത് ്സഥാപിച്ചിരിക്കുന്നത്.

കോട്ടേജിന്‍റെ പിന്‍ഭാഗത്താണത്.

വിജനമായ പ്രദേശം.

അവര്‍ വാട്ടര്‍ ടാങ്കിലേക്കുള്ള കോവണി കയറി ചെന്നു.

ടാങ്കില്‍ പാതിയോളം വെള്ളമുണ്ട്.

അതിനടിയില്‍ ചാരിയിരിക്കുന്ന രീതിയിലായിരുന്നു ജഡം.

ആ ശവശരീരം കണ്ട മാത്രയില്‍ നീരവ് സുബ്ര തന്‍റെ ഫോണെടുത്ത് അതിലെ വാട്സാപ്പ് പരതി ഒരു ചിത്രവുമായി ഒത്തുനോക്കി.

“ഇത് അവനാണ്. ആ പൂജാരി. തൃശൂരുകാരന്‍ മണിക്കുട്ടന്‍..”

നിവിന്‍ ആ മൃതദേഹത്തിന്‍റെ തുറന്നിരുന്ന കണ്ണുകളിലേക്ക് നോക്കി.

(തുടരും)

നോവല്‍ ആദ്യം മുതല്‍ക്കേ വായിച്ചു തുടങ്ങാത്തവര്‍ക്കായി

One thought on “ഹണി ട്രാപ്പ്

Leave a Reply

Your email address will not be published. Required fields are marked *