ലോക ഹെപ്പറ്റെറ്റിസ് ദിനം;
പ്രതിരോധം ശീലമാക്കാം

ഇന്ന് ( ജൂലൈ 28 ) ലോക ഹെപ്പറ്റൈറ്റിസ് ദിനം. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ് ഇനി കാത്തിരിക്കാനാവില്ല, രോഗ നിർണയവും ചികിത്സയും വൈകിക്കരുത് എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

കോവിഡ് മഹാമാരിയുടെ കാലത്തും ലോകത്ത് 30 സെക്കന്റിൽ ഒരാൾ ഹെപ്പറ്റൈറ്റിസ് അനുബന്ധ രോഗങ്ങളാൽ മരിക്കുന്നതായാണ് കണക്ക്. ഗർഭകാലത്ത് ഹെപ്പറ്റൈറ്റിസ് ബി പരിശോധന നടത്തുക, നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകുക, പരിശോധനയിലൂടെ നേരത്തെ തന്നെ ഹെപ്പറ്റൈറ്റിസ് രോഗം കണ്ടെത്തുക, പ്രതിരോധത്തിന്റെയും ചികിത്സയുടെയും സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക എന്നീ കാര്യങ്ങൾക്കാണ് ഈ വർഷം പ്രാധാന്യം നൽകുന്നത്.
ഹെപ്പറ്റൈറ്റിസ് പരിശോധനയും ചികിത്സയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് ദേശീയ വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയിലൂടെ ആലപ്പുഴ ജനറൽ ആശുപത്രിയിലും വണ്ടാനം ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് അഞ്ചു തരം

സാധാരണയായി മഞ്ഞപ്പിത്തം എന്നറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് വഴി പകരുന്ന കരൾ രോഗമാണ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ, എന്നിങ്ങനെ അഞ്ചു തരമുണ്ട്. പനി, ക്ഷീണം, വിശപ്പില്ലായ്മ, മഞ്ഞനിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണിലും മഞ്ഞ നിറം, ഇരുണ്ട മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഹെപ്പറ്റെറ്റിസ് എ യും ഇ യും മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി യും സി യും രോഗബാധിതരുടെ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതരിലാണ് ഡി യും കണ്ടു വരുന്നത്.
ലക്ഷണങ്ങളുണ്ടായാൽ പരിശോധനയിലൂടെ ഏതു തരം മഞ്ഞപ്പിത്തമാണെന്ന് തിരിച്ചറിയണം. ശരിയായ ചികിത്സ തേടണം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ മഞ്ഞപ്പിത്തത്തിനു സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്.

പ്രതിരോധ പാഠങ്ങൾ ശീലിക്കണം

രോഗം പിടിപെടാതിരിക്കാൻ പ്രതിരോധ പാഠങ്ങൾ ശീലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനുപയോഗിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ സോപ്പുപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. നന്നായി പാകം ചെയ്ത ആഹാര വസ്തുക്കൾ ഉപയോഗിക്കുക.
ശീതള പാനീയങ്ങൾ, സംഭാരം, ഐസ്‌ക്രീം എന്നിവയ്ക്ക് തിളപ്പിച്ചാറിയ വെള്ളമുപയോഗിക്കുക. കിണറുകളിലും കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷൻ നടത്തുക. ടോയ്ലറ്റിൽ പോയ ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക. ടൂത്ത് ബ്രഷ്, ഷേവിങ്ങ് റേസർ, നഖം വെട്ടി തുടങ്ങിയ സ്വകാര്യ വസ്തുക്കൾ പങ്കിടരുത്. കാതു കുത്തുക, മൂക്കു കുത്തുക, ടാറ്റു ചെയ്യുക എന്നിവയ്ക്കുപയോഗിക്കുന്ന സൂചിയിലൂടെ രോഗബാധയുണ്ടാകാനിടയുണ്ട്.

സുരക്ഷിതമായ കേന്ദ്രങ്ങളിൽ മാത്രം ഇവ ചെയ്യുക. മഞ്ഞപ്പിത്തത്തിന് സമയത്ത് ശരിയായ ചികിത്സ തേടിയില്ലെങ്കിൽ ദീർഘകാലം നിലനിൽക്കുന്നതും മരണ കാരണമായേക്കാവുന്നതുമായ ഗുരുതര കരൾ രോഗത്തിൽ കലാശിക്കും. സുരക്ഷിതമായ ലൈംഗിക ജീവിതം ഉറപ്പാക്കുക

Leave a Reply

Your email address will not be published. Required fields are marked *