അലങ്കാരത്തിലും ആദായത്തിനും ഡ്രാഗൺ ഫ്രൂട്ട്
അലങ്കാരത്തിനും ആദായത്തിനും മികച്ചതാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. വിപണിയിൽ 300 രൂപ വരെ കിലോയ്ക്ക് ലഭ്യമാകുന്ന ഈ ഫലത്തിന്റെ സാധ്യത ഇതിനോടകംതന്നെ കർഷകർ പരീക്ഷിച്ച് ലാഭം കൊയ്തതാണ്.ഒരിക്കല്‍ നട്ടുകഴിഞ്ഞാല്‍ പരിപാലനം വളരെ കുറച്ച് മാത്രം വേണ്ട ചെടിയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലവും ജൈവവളവും വളരെ കുറച്ച് മാത്രം മതി എന്നതും കൃഷി ചിലവ് വളരെ കുറയ്ക്കുന്നു. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. പിത്തായെന്നും ഈ ഫലം പ്രാദേശികമായി അറിയപ്പെടുന്നു.
ചുവപ്പുനിറവും വെളുത്ത ഉൾക്കാമ്പുള്ള റെഡ് ഫ്രൂട്ട്, ചുവന്ന ഉൾക്കാമ്പ് കാണപ്പെടുന്ന കോസ്റ്റാറിക്ക ഫ്രൂട്ട്, വെളുത്ത ഉൾക്കാമ്പ് കാണപ്പെടുന്ന ഫ്രൂട്ട് എന്നിങ്ങനെ മൂന്ന് ഇനങ്ങളായി കാണപ്പെടുന്നു.
കൃഷി രീതി
നല്ല ജൈവാംശം ഉള്ളതും മണൽ കലർന്നതുമായ മണ്ണാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷിക്ക് ഏറ്റവും അനുയോജ്യം. വളർച്ചയുടെ ആദ്യഘട്ടത്തിൽ തണൽ നൽകുന്നത് കൂടുതൽ വിളവ് ലഭ്യമാക്കുവാൻ കാരണമാകും. വള്ളി മുറിച്ചു നട്ടാണ് ഇതിൻറെ കൃഷിരീതി. ഏകദേശം 15 സെൻറീമീറ്റർ വരെ നീളമുള്ള കഷണങ്ങൾ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കാം. 60 സെൻറീമീറ്റർ വിസ്തീർണ്ണമുള്ള കുഴിയെടുത്ത് 20 കിലോഗ്രാം വരെ ജൈവവളവും മേൽമണ്ണും ചേർത്ത് വള്ളികൾ നടാവുന്നതാണ്.
ഇങ്ങനെ തയ്യാറാക്കിയ തടങ്ങളിൽ നാലു വള്ളികൾ വരെ പരമാവധി നടാം. കുഴികൾ തമ്മിൽ 7 അടിയും വരികൾ തമ്മിൽ 9 അടിയും അകലം ഉണ്ടാകണം. ദീർഘകാല വിള ആയതുകൊണ്ട് താങ്ങു കാലുകൾ നൽകണം. തൂണുകൾക്കു മുകളിൽ ഓരോ ടയർ ഉറപ്പിക്കാനുള്ള ക്രോസ് ബാറുകൾ ഘടിപ്പിച്ചിരിക്കുന്നത് അത്യന്താപേക്ഷിതമാണ്. താങ്ങുകാലുകൾക്ക് മുകളിൽ വരെ ചെടികൾ വളരുമ്പോൾ അവ വട്ടത്തിലുള്ള ടയറിലൂടെ വളച്ചു താഴോട്ട് വളർത്തിയെടുക്കണം. നല്ല രീതിയിൽ ജലസേചനം ലഭ്യമാകേണ്ട വിളയാണ് ഇത്. പ്രത്യേകിച്ച് വേനൽക്കാലത്ത്. പൂവിടുന്ന സമയത്തും കായ് പിടിക്കുന്ന കാലയളവിലും നന നൽകുക. അതിവേഗം വളരുന്ന വിള ആയതുകൊണ്ട് ഒരു വർഷം കഴിയുമ്പോൾ പൂവിടുകയും രണ്ടാം വർഷം കഴിയുമ്പോൾ മുതൽ കായപിടുത്തം ഉണ്ടാവുകയും ചെയ്യുന്നു. കൂടുതൽ വിളവ് ലഭ്യമാക്കുവാൻ ചെടിയുടെ തലപ്പ് നുള്ളി വിട്ടാൽ മതി ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡ്രാഗൺ ഫ്രൂട്ട് നല്ലരീതിയിൽ പൂവിടുന്നു. വിളയുന്നതിനനുസരിച്ച് ആഴ്ചയിൽ രണ്ടു പഴങ്ങൾ വീതം വിളവെടുക്കാം.
വൈറ്റമിന്‍ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന ഈ ഫലം രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. കൂടാതെ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതു മൂലം ജീവിതശൈലി രോഗങ്ങളെ മാറ്റ്നിര്ത്തുവാന് ഒരു പരിധിവരെ ഉപകരിക്കും
വിവരങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ, ഫാമിംഗ് വേള്‍ഡ്