കിഡ്നി സ്റ്റോണ്‍: കാരണങ്ങളും പ്രതിവിധിയും ആയുര്‍വേദത്തില്‍
ഡോ. അനുപ്രീയ. ലതീഷ്
കിഡ്‌നി അഥവാ വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയെന്ന് അറിയപ്പെടുന്ന ഈ അവയവം രക്തം വിഷമുക്തമാക്കാനും, അശുദ്ധികള്‍ നീക്കാനും, മൂത്രത്തിലെ മാലിന്യം അകറ്റാനും സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ വൃക്ക തകരാറിലെങ്കില്‍ ശരീരം മൊത്തവും തകരാറിലാകും. രക്തത്തില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് ശരീരത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ആന്തരികാവയവങ്ങള്‍ പ്രശ്‌നത്തിലാകും.
കിഡ്‌നിയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല അസുഖങ്ങളും അവസ്ഥകളുമുണ്ട്. ചില തരം ഭക്ഷണങ്ങള്‍ കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കും. ചിലത് നല്ല ആരോഗ്യത്തിനും ചിലത് മോശം ആരോഗ്യത്തിനും കാരണമാകും. ഇതിനു പുറമേ മദ്യപാനം പോലുള്ള ശീലങ്ങളും ഉപ്പിന്റെ അമിത ഉപയോഗവുമെല്ലാം ഇതിനു കാരണമാകും.
കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ചില പ്രത്യേക രോഗങ്ങളുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് കിഡ്‌നി സ്റ്റോണ്‍. കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രശയക്കല്ല് പലരേയും അലട്ടുന്ന ഒന്നാണ്. സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെ വരുന്ന ഒന്ന്. കുട്ടികളില്‍ പൊതുവേ അസാധാരണമാണ് ഈ രോഗം.
ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്നു പറയുന്നത്.കാല്‍സ്യം, ഫോസ്ഫേറ്റ്, ഒാക്സലേറ്റ് എന്നിവയുടെ സംയുക്തങ്ങളാണ് പലപ്പോഴും പരലുകളായി രൂപപ്പെടുന്നത്.
വന്‍ പയര്‍ പകുത്തു വച്ചതു പോലുള്ള രണ്ട് അവയവങ്ങളാണ് കിഡ്നി അഥവാ വൃക്ക എന്നറിയപ്പെടുന്നത്.
രക്തത്തില്‍ നിന്നു വേര്‍തിരിക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്നിയില്‍ നിന്ന് നാളികള്‍ വഴി മൂത്രസഞ്ചിയിലെ ത്തുന്നു. പരലുകള്‍ പലപ്പോഴും മൂത്രനാളിയില്‍ കൂടി പുറത്തു പോകാന്‍ തക്ക ചെറുതായിരിക്കും. എന്നാല്‍ ചിലരില്‍ ഈ പരലുകള്‍ ഒരുമിച്ചു ചേര്‍ന്ന് വലുതായി മൂത്രതടസം ഉണ്ടാക്കും. മൂത്രത്തില്‍ കല്ല് എന്ന നാട്ടുപേരില്‍ അറിയപ്പെടുന്ന ഈ പരലുകള്‍ വൃക്കകളിലും മൂത്രനാളികളിലും മൂത്രസഞ്ചിയിലും ഉണ്ടാകാം.
വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കുക. വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് നിർജ്ജലീകരണം. വൃക്കയിലെ കല്ലുകൾ മൂത്രത്തിലൂടെ കടത്തിവിടാൻ ധാരാളം വെള്ളം കുടിക്കുക. പക്ഷേ, ഡോക്ടറുടെ കൂടി അഭിപ്രായം ഇക്കാര്യത്തില്‍ ചോദിച്ചിരിക്കണം. കാരണം കല്ലിനൊപ്പം മറ്റ് ചില വൃക്കരോഗങ്ങള്‍ കൂടിയുണ്ടെങ്കില്‍ വെള്ളം കുടി നിയന്ത്രിക്കേണ്ടിയും വരാം.
ആഹാരത്തില്‍ ഉപ്പു കുറയ്ക്കുക എന്നതും പ്രധാനമാണ് അതുപോലെ പാലും പാലിന്റെ അംശം അടങ്ങിയ ആഹാരവും ഒഴിവാക്കുന്നതാണ് നല്ലത്.കല്ലുകളുടെ വളര്‍ച്ചയെ സജീവമാക്കുന്ന ഫോസ്ഫറസ്, ഓക്സലേറ്റ് എന്നീ ഘടകങ്ങള്‍ അവയിലുണ്ട് എന്നതാണ് അതിനു കാരണം. മാട്ടിറച്ചിയും ആട്ടിറച്ചിയും (ബീഫ്, മട്ടന്‍) ഒഴിവാക്കണം. അവ യൂറിക്ക് ആസിഡിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്ന തിനാലാണ് അവ ഒഴിവാക്കാന്‍ നിര്‍ദേശിക്കുന്നത്.
അണ്ടിപരിപ്പ്, ബദാം, കപ്പലണ്ടി എന്നിവ ഒഴിവാക്കുക.കാരണം, അവയും യൂറിക് ആസിഡ് കൂട്ടും.തക്കാളിയും പച്ചക്കറികളും കൂടുതല്‍ കഴിക്കരുത്. കിഡ്നി സ്റ്റോണ്‍ ഉള്ളപ്പോള്‍ അമിതമായി ഇലക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കണം .
പരിഹാരം
പേരയ്ക്ക: കുരു ഒഴിവാക്കി പേരയ്ക്ക ദിവസവും കഴിക്കുന്നത് കിഡ്നി സ്റ്റോണിന്പ്രതിവിധിയാണ്.പേരയ്ക്കയുടെ കുരു കിഡ്‌നി സ്റ്റോണിന് അത്ര നല്ലതുമല്ല.
വാഴപ്പിണ്ടി : കിഡ്‌നി സ്‌റ്റോണ്‍ പരിഹരിയ്ക്കാനുളള സ്വാഭാവിക മരുന്നുകളില്‍ ഒന്നാണ് വാഴപ്പിണ്ടി. ഇതിന്റെ നീരു കുടിയ്ക്കാം. ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്.
തുളസി: തുളസി കിഡ്നി സ്റ്റോണിന് നല്ലൊരു മരുന്നാണ്. തുളസിയില ദിവസവും കഴിക്കുന്നതും അതുപോലെ തന്നെ ഇതിന്റെ നീര് തേനും ചേര്‍ത്തു കുടിയ്ക്കുന്നതും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്.