പിക്സൽ 6 ആണോ 6 പ്രോയേക്കാള്‍ മികച്ചത്?..

ഇപ്പോള്‍ വാങ്ങാന്‍ ലഭിക്കുന്ന പ്രീമിയം ഫോണുകളില്‍, കൊടുക്കുന്ന കാശിനുള്ള ആനുപാതിക മൂല്യം തിരിച്ചു നല്‍കുന്ന ഫോണ്‍ ഈ വര്‍ഷം ഗൂഗിള്‍ പുറത്തിറക്കിയ പിക്‌സല്‍ 6 ആയിരിക്കാം എന്നാണ് വിലയിരുത്തൽ. ഈ വര്‍ഷം കമ്പനി പുറത്തിറക്കിയത് പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നീ ഫോണുകളാണ്.

ഇതില്‍ പ്രോ മോഡലിന് ചില ഗുണങ്ങൾ കൂടുതലായി ഉണ്ടെങ്കിലും നല്‍കുന്ന കാശ് മുതലായി എന്ന തോന്നല്‍ നല്‍കുന്നത് പിക്‌സല്‍ 6 ആണെന്ന് പുതിയ കണ്ടെത്തൽ. ഫോണുകളില്‍ പിക്‌സല്‍ 2 മോഡല്‍ മുതല്‍ തനതു രൂപകല്‍പനാ വൈഭവം പ്രകടിപ്പിക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിട്ടുണ്ട്. ആ പാരമ്പര്യം നിലനിര്‍ത്തുന്ന ഫോണാണ് പിക്‌സല്‍ 6 എന്ന് 9ടു5 ഗൂഗിള്‍ വിലയിരുത്തുന്നു. അതേസമയം, പ്രോ മോഡല്‍ കൂടുതല്‍ ആകര്‍ഷകമാണ്; നിര്‍മാണത്തിന്റെ കാര്യത്തിലും. പക്ഷേ വില 300 ഡോളര്‍ കൂടും. പിക്‌സല്‍ 6 ഡിസൈനിലെ ഏറ്റവും വലിയ പോരായ്മ അതിന്റെ ബെസലിന് അല്‍പം വലുപ്പം കൂടുതലുണ്ട് എന്നതാണ്.

പിക്‌സല്‍ 6ന് 6.4-ഇഞ്ച് വലുപ്പമുള്ള 1080പി അമോലെഡ് ഡിസ്‌പ്ലേയാണ്. പിക്‌സല്‍ 6 പ്രോയുടെ സ്‌ക്രീൻ കൂടുതല്‍ മികച്ചതാണെങ്കിലും പിക്‌സല്‍ 6 നിരാശപ്പെടുത്തില്ല. എന്നാല്‍, ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് അല്‍പം കൂടി മികച്ചതായിരുന്നെങ്കില്‍ എന്ന തോന്നലും ഉണ്ടാകാം. സ്‌ക്രീനിലേക്ക് നേരേ നോക്കിയാല്‍ കിട്ടുന്ന ഡിസ്‌പ്ലേ മികവ് മറ്റ് കോണുകളില്‍നിന്നു നോക്കിയാല്‍ കിട്ടില്ല. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊന്നും ശരാശരി ഉപയോക്താക്കള്‍ അറിയാനേ പോകുന്നില്ല. അതേസമയം, സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് മികവാര്‍ന്നതാണു താനും. ഈ ഫോണ്‍ വലുപ്പമുള്ളതാണ് എന്നതും മനസ്സില്‍ വയ്ക്കണം.

പ്യുവർ ആന്‍ഡ്രോയിഡ് അനുഭവം വേണമെന്നുള്ളവര്‍ നോക്കി വാങ്ങുന്നത് പിക്‌സല്‍ ഫോണുകളാണ്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 12 ഏറ്റവും മികവോടെ പ്രവര്‍ത്തിക്കുക പിക്‌സല്‍ 6 മോഡലുകളിലായിരിക്കും. ഈ വര്‍ഷം സ്വന്തം ഒഎസിനൊപ്പം സ്വന്തം പ്രോസസറും കമ്പനി അവതരിപ്പിച്ചിരുന്നു. ടെന്‍സര്‍ എന്നു പേരിട്ടിരിക്കുന്ന പ്രോസസറും ആന്‍ഡ്രോയിഡ് 12 ഉം മികച്ച രീതിയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതിനാൽ പിക്‌സല്‍ 6ന്റെ പ്രവര്‍ത്തനത്തില്‍ മന്ദഗതി തോന്നില്ല. അതേമസയം, വേണ്ടത്ര മിനുക്കു പണികള്‍ നടത്താത്ത ഒഎസ് ആണ് ആന്‍ഡ്രോയിഡ് 12 എന്ന തോന്നല്‍ വരികയും ചെയ്യുന്നു. ഇത് പിക്‌സല്‍ ഫോണുകളുടെ പ്രശ്‌നമല്ല ഫീഡ്‌ലി തുടങ്ങിയ ചില ആപ്പുകള്‍ ലോഗ്-ഇന്‍ ചെയ്യുമ്പോഴേ ക്രാഷ് ആകുന്നു തുടങ്ങിയ ചില ബഗുകള്‍ കാണാം. പക്ഷേ, ഇവ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് വഴി പരിഹരിക്കപ്പെടാവുന്നതാണ്.

ഏറ്റവും മുന്തിയ ഫോണുകളുടെ മുഴുവന്‍ പ്രകടന മികവും ലഭിക്കില്ലെങ്കിലും അവയ്ക്ക് സമാനമായ അനുഭവം പ്രദാനം ചെയ്യാനുള്ള കഴിവുള്ള ഫോണാണ് പിക്‌സല്‍ 6. അതേസമയം വില പരിഗണിച്ചാല്‍, ഇന്നു വാങ്ങാന്‍ ലഭിക്കുന്ന, നല്‍കുന്ന പണം മുതലായി എന്ന തോന്നലുണ്ടാക്കുന്ന ചുരുക്കം ചില ഫോണുകളിലൊന്നാണ് പിക്‌സല്‍ 6.

ചില അധിക ഫീച്ചറുകള്‍ പിക്‌സല്‍ 6 പ്രോ തുടങ്ങി മറ്റു ഫോണുകള്‍ക്കെല്ലാം
ഉണ്ടെങ്കിലും അവയ്ക്ക് അധിക വില നല്‍കേണ്ടതായി വരും. എന്തായാലും ഇത് ഉപയോക്താക്കളുടെ ഇഷ്ടം പിടിച്ചുപറ്റും എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *