ബുദ്ധിക്കും ആരോഗ്യത്തിനും ബ്രഹ്മി
ഔഷധരംഗത്തെ ഒറ്റയാനാണ് ബ്രഹ്മി. മാനസിക ഉന്മേഷത്തിനും, ബുദ്ധി വികാസത്തിനും, ഓര്‍മ്മശക്തിക്കും മുന്നില്‍ ബ്രഹ്മിയെ വെല്ലാന്‍ ആരുമില്ല.ബ്രഹ്മിയുടെ ശാസ്ത്രനാമം ബാക്കോപ മൊണിരൈ പെന്നന്‍ എന്നതാണ്. സ്‌ക്രോഫുലാരിയേസി സസ്യകുടുംബത്തിലെ അംഗമാണ് ഈ അദ്ഭുത സസ്യം. നിലത്തു പടര്‍ന്നു വളരുന്ന പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ചെറുസസ്യമാണ് ബ്രഹ്മി. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു.
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസവും, ഓർമ്മശക്തിയുമെല്ലാം വർദ്ധിപ്പിക്കാൻ സഹായകമായ ഒരു ഔഷധമായാണ് ബ്രഹ്മിയെ കണക്കാക്കിയിരിക്കുന്നത്. ആയുർവേദം, സിദ്ധ, യുനാനി, തുടങ്ങിയ ചികിത്സാ വിധികളിലെല്ലാം പലവിധ രോഗാവസ്ഥകളെ ചികിത്സിക്കുന്നതിൽ വ്യാപകമായ പങ്കുണ്ട്.
തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്താനും, നാടികളെ ഉത്തേജിപ്പിക്കാനും ബ്രഹ്മി അത്യുത്തമമാണ്. മാനസിക ഉല്ലാസത്തിനും, നിത്യയൗവ്വനത്തിനും, കുട്ടികളുടെ ബുദ്ധിവികാസത്തിനും, ഓര്‍മ്മശക്തിക്കും, അപസ്മാരം, മഹോദരം എന്നിവയ്ക്കും ബ്രഹ്മി അമൂല്യ ഔഷധമായി ഉപയോഗിക്കുന്നു…
ഔഷധ ഉപയോഗങ്ങള്‍
ബ്രഹ്മിയുടെ നീര് 5 മി.ല്ലി മുതല് 10 മി.ല്ലി വരെ സമം വെണ്ണയോ നെയ്യോ ചേര്ത്ത് രാവിലെ പതിവായി കുട്ടികള്ക്ക് കൊടുത്താല് ബുദ്ധിശക്തിയും ഓര്മ്മശക്തിയും വര്‍ദ്ധിക്കും.
ബ്രഹ്മി സമൂലം എണ്ണ കാച്ചി തേക്കുന്നത് തലക്ക് തണുപ്പും ഉന്മേഷവും നല്‍കും.
ദിവസേന രണ്ടോ മൂന്നോ ഇലകള്‍ കഴിച്ചാല്‍ വിക്കലിന് ഭേദമുണ്ടാകും.
മഞ്ഞപ്പിത്തത്തിന് ഇതിന്‍റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേര്‍ത്ത് കൊടുക്കാം.
കുട്ടികളുടെ മലബന്ധത്തിന് ദിവസവും ബ്രഹ്മി നീര് കൊടുക്കുന്നത് നല്ലതാണ്.
ബ്രഹ്മി സമൂലം നിഴലിലുണക്കി നല്ലത് പോലെ പൊടിയാക്കി ഒന്നോ രണ്ടോ നുള്ളുവീതം പൊടിയെടുത്ത് തേന് ചേര്‍ത്ത് കഴിക്കുന്നത് ബുദ്ധിയും ഓര്മ്മശക്തിയും വര്ദ്ധിക്കാന്‍ സഹായിക്കും.
അകാലവാര്‍ദ്ധക്യം ഒഴിവാക്കുന്നതിന് ബ്രഹ്മി നീരില്‍ ഇരട്ടിമധുരം പൊടിച്ച് ചേര്‍ത്ത് കാച്ചിയ പാലില്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.
ബ്രഹ്മി ചേര്‍ത്തുണ്ടാക്കുന്ന തൈലം ദിവസവും തലയില്‍ തേച്ചാല്‍ നേത്രരോഗങ്ങള്‍ വരികയില്ല.
ക്ഷയരോഗികളുടെ ക്ഷീണം അകറ്റാന് ബ്രഹ്മി അരച്ച് തിളപ്പിച്ചാറിയ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
സ്വരശുദ്ധിക്ക് ബ്രഹ്മിയും വയമ്പും മഞ്ഞള് സമൂലവും കടുക്കാത്തോടും ആടലോടക ഇലയും സമം കഷായം വെച്ച് തേനും ചേര്‍ത്ത് കൊടുക്കുക.