ചേലൊത്ത കണ്‍പീലികള്‍ക്ക് ചിലപൊടികൈകള്‍

മുഖവും അതിലുപരി കണ്ണുകളും ഭംഗിയേറിയതാകണമെങ്കിൽ കൺപീലികൾ അഴകുള്ളതാകണം. നീളമുള്ളതും കുറച്ച് വളഞ്ഞിരിക്കുന്നതുമായ കൺപീലികൾ ഉള്ളവരുടെ മുഖം കാണാൻ തന്നെ ഒരു പ്രത്യേക ചേലാണ്.

ആരോഗ്യമുള്ള നീണ്ട കണ്‍പീലികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നീണ്ട ആരോഗ്യമുള്ള കണ്‍പീലികൾക്കിതാ ചില വഴികൾ.

കൺപീലികളുടെ വളർച്ചയ്ക്ക് എണ്ണകൾ

കണ്‍പീലികള്‍ അഴകേറിയതും നീളമുള്ളതും ആരോഗ്യമുള്ളതുമാക്കാൻ വിവിധ എണ്ണകൾ സഹായിക്കും. പീലികൾ ഇടതൂർന്ന് വളരുന്നതിന് സഹായിക്കുന്ന ഏറ്റവും നല്ല മരുന്നാണ് ആവണക്കെണ്ണ.


രാത്രി ഉറങ്ങുന്നതിനു മുമ്പായി പീലികളിൽ ആവണക്കെണ്ണ പതിവായി പുരട്ടാം. കൺപീലികളുടെ വളർച്ചയ്ക്കും കൂടുതൽ കറുപ്പ് നിറത്തിനും ആവണക്കെണ്ണ അത്യുത്തമമാണ്.


വെളിച്ചെണ്ണ പുരട്ടുന്നതും പീലികൾ തഴച്ച് വളരാൻ സഹായിക്കും. പീലികളുടെ നീളവും കട്ടിയും വധിപ്പിക്കുന്നതിന് ഒലിവ് ഓയിലിന്റെ പങ്കും തീരെ ചെറുതല്ല.


ഉറങ്ങുന്നതിനു മുമ്പ് ഒലിവ് ഓയിൽ പീലികളിൽ പുരട്ടിയാൽ കൺപീലികൾ ബലമേറിയതാകും.
നിങ്ങള്‍ പുരട്ടാന്‍ ഉദ്ദേശിക്കുന്ന എണ്ണ മസ്കര ബ്രഷിലോ വൃത്തിയുള്ള കോട്ടണ്‍ ബഡ്സിലോ മുക്കി കണ്ണുകളിൽ പുരട്ടാം. ദിവസവും ഉറങ്ങുന്നതിന് മുമ്പ് ഇത് ശീലമാക്കിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. രാവിലെ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

പീലികളുടെ കൊഴിച്ചിൽ

പീലികളുടെ കൊഴിച്ചിൽ തടയാനും വഴിയുണ്ട്. ഒരല്പം ബദാം എണ്ണയിൽ മുട്ടയുടെ വെള്ള ചേർത്ത് മിക്സ് ചെയ്ത മിശ്രിതം കൺപീലികളിൽ പുരട്ടി അല്പനേരത്തിനു ശേഷം കഴുകാം. പീലികളുടെ കൊഴിച്ചിൽ ഇതുവഴി ക്രമേണ തടയാം.

ഗ്രീൻ ടീയുടെ ഇലകൾ ചൂട് വെള്ളത്തിൽ ഇടുക. ശേഷം ഒരു കോട്ടൺ ബോൾ ഈ മിശ്രിതത്തിൽ മുക്കി കൺപീലികളിൽ ദിവസവും പുരട്ടിയാൽ കൺപീലികൾ സമൃദ്ധമായി വളരും. ഒരു മസ്കാര ബ്രഷ് ഈ ഗ്രീൻ ടീ ലായനിയിൽ മുക്കി കൺപീലികളിൽ ചീകുന്നതും പീലികളുടെ വളർച്ചയെ സഹായിക്കും.


കൺപീലികളുടെ മാത്രമല്ല, കണ്ണുകളുടെ ആരോഗ്യത്തിനും പച്ചക്കറികളും പയറുവർഗ്ഗങ്ങളും നട്സും വളരെ ഗുണകരമാണ്. ഇവയിലടങ്ങിയിരിക്കുന്ന പ്രോട്ടീനും മറ്റ് വിറ്റാമിനുകളും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. കൺപീലികളുടെ ഭംഗി വർധിപ്പിക്കാൻ സമീകൃതാഹാരം കൂടി ശീലമാക്കാം.


പയറുവർഗ്ഗങ്ങൾ, ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവ ധാരാളം കഴിക്കുക. വെള്ളം ധാരാളമായി കുടിക്കുക. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും കൺപീലികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

Leave a Reply

Your email address will not be published. Required fields are marked *