കൊങ്കിനി ഖാൺ മലയാളിക്ക് ‘പ്രിയ’മാക്കിയ വീട്ടമ്മ

കൊങ്കിനി വിഭവങ്ങൾ നമുക്ക് പരിചയപ്പെടുത്തി തന്ന പ്രിയ ആർ ഷേണായ് ആണ് നമ്മുടെ ഇന്നത്തെ അതിഥി. പ്രിയയുടെ വിശേഷം പങ്കുവയ്ക്കുന്നതോടൊപ്പം റെസിപികൾ പരിചയപ്പെടുത്തുകയും ചെയ്യുന്നു.

ഭക്ഷണം പണ്ടേ വീക്ക്നെസ്

കാസറഗോഡ് കാഞ്ഞങ്ങാട് ആണ് എന്റെ സ്വദേശം. കൂട്ടുകുടുംബത്തിലാണ് ജനിച്ചുവളർന്നത്. അമ്മയ്‌ക്ക് ബാങ്കിൽ ജോലി ഉണ്ടായിരുന്നു.വീട് നിറയെ ആളുകൾ ഉണ്ട്‌. ഞങ്ങൾ കുട്ടികൾക്ക് അടുക്കള ഭാഗത്തേക്ക് വരണ്ട കാര്യമില്ല . സമയ സമയം ഭക്ഷണം കഴിക്കും. നല്ലൊരു ഭക്ഷണപ്രിയ ആണ് ഞാൻ.പന്ത്രണ്ട് അംഗങ്ങളുള്ള സ്നേഹവീട്ടിലെ രുചിയയറിഞ്ഞായിരുന്നു എന്റെ കുട്ടിക്കാലം.

കുക്കിംഗ്‌ പാഷനായി മാറിയ കഥ

എന്നെ നല്ലൊരു പാചകക്കാരിയാക്കിയതിന്റെ ക്രെഡിറ്റ്‌ എന്റെ അമ്മായി അമ്മയ്‌ക്കാണ്. വിവാഹം കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തേക്ക് പോന്നു. ഭർത്താവിന് അവിടെയായിരിന്നു ജോലി. ഞങ്ങളുടെ സമുദായത്തിലെ ഭക്ഷണം ആണ് അമ്മ ഉണ്ടാക്കിയിരുന്നത്. അമ്മയാണ് പാചകം എന്നെ ചെറിയരീതിയിൽ പഠിപ്പിച്ചത്. അമ്മ നാട്ടിലേക്ക് പോന്നപ്പോൾ ഭക്ഷണ കഴിക്കണമെങ്കിൽ പാചകം ചെയ്തെപറ്റു എന്ന നില വന്നു.

സോഷ്യൽ മീഡിയയിൽ വൈറൽ

എന്തെങ്കിലും കുക്ക് ചെയ്താൽ ഞങ്ങളുടെ സമുദായത്തിലെ ഭക്ഷണപ്രിയരുടെ കൂട്ടായ്മയായ ‘കൊങ്കിനി ഖാൺ അനിക് ജവാൻ ‘ ഗ്രൂപ്പിൽ ഇടും. 9 വർഷമായി ഇത് തുടർന്നു കൊണ്ടിരിക്കുന്നു. ഫുഡ്‌ ഉണ്ടാക്കി കഴിഞ്ഞാൽ ഫോട്ടോ ഇടുക എന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നു. ഫുഡിസ് പാരഡൈസിൽ മെമ്പർ ആയിട്ടു 3വർഷമേ ആകുന്നുള്ളു. എന്തുകൊണ്ടോ ഞാൻ ഇടുന്ന റെസിപി ആളുകൾ ശ്രദ്ധിച്ചു തുടങ്ങി. അധികം മസാല കൂട്ട് ഇല്ലാതെ വേഗം തയ്യാറാക്കാൻ പറ്റുന്നത് കൊണ്ടാകും. ഉപ്പേരി ഉണ്ടാക്കാൻ കടുകും വറ്റൽ മുളകും ഉപ്പും മാത്രം മതി. ആദ്യം വൈറൽ ആയത് മുരിങ്ങക്ക ഫ്രൈ ആണ്

മുരിങ്ങക്ക ഫ്രൈ

മുരിങ്ങയ്ക്ക കഷണങ്ങളിൽ നിങ്ങളുടെ ഇഷ്ടാനുസരണം മുളകുപൊടി , ഉപ്പു . കായപ്പൊടി എന്നിവ ചേർത്ത് മാറിനേറ്റ് ചെയ്തു ഒരു അര മണിക്കൂറോളം വെയ്ക്കാം ..അല്പം വെള്ളം തളിച്ച് വേണം മാറിനേറ്റ് ചെയ്യാൻ ….അതിനു ശേഷം വറുക്കാൻ നേരത്തു അരിപ്പൊടിയിൽ നന്നായി പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.
Note
മാറിനേറ്റ് ചെയ്തതും അരിപ്പൊടിയിൽ പൊതിഞ്ഞതുമായ ഫോട്ടോസ് കൂടെ വെച്ചിട്ടണ്ട്…

എണ്ണയിൽ ഇട്ടാലുടനെ തന്നെ അത് ഇളക്കരുത് .. ഒരു 3-4 മിനുട്സ് കാത്തു ഫ്രൈ ആയതിനു ശേഷം മാത്രം ഇളക്കുക..അല്ലെങ്കിൽ ഈ മാറിനൈഡ്‌ എണ്ണയിൽ ഇളകി പോവാനുള്ള സാധ്യതയുണ്ട്..
വളരെ സിമ്പിൾ ആണ് എന്നാലൊരു പാട് സ്വാദിഷ്ടമാണ് …

ആളുകൾ ഇപ്പോൾ ആരോഗ്യത്തെ കുറച്ചു നല്ല ശ്രദ്ധലുക്കൾ ആണ്. ഫേസ്ബുക് ബുക്ക്‌ കൂട്ടായ്മ പോസ്റ്റുകൾക്കുള്ള കമന്റ്സ് നോക്കിയാൽ മതി.

കായം ചേർത്ത കറികൾ

കൊങ്കിനി റെസിപിയിൽ കായം ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. വറുക്കുന്നതിലും പൊരിക്കുന്നതിലും കറി കളിലും കായം ചേർക്കും. വിശേഷവസരങ്ങളിൽ വെളുത്തുള്ളി. ഉള്ളിയും കറികളിൽ ചേർക്കില്ല. ഞങ്ങളുടെ സദ്യകളിലും ഇവ നിഷിദ്ധമാണ്. കായം എല്ലാടൈപ്പ് കറികളിലും ചേർത്ത് തുടങ്ങിയത് ഇക്കാരണത്താൽ ആകാം.

മാസ്റ്റർ പീസ്

വിരുന്നുകാരുടെ മുന്നിൽ ധൈര്യത്തോടെ വിളമ്പാനും ഒരിക്കൽ പോലും ഫ്ലോപ്പായി പോകാത്ത കൂട്ടാൻ ഉണക്ക നെല്ലിക്ക ചേർത്ത വറുത്ത അരച്ച മത്തികറി ആണ്. എന്റെ അമ്മമ്മേടെ അമ്മയുടെ റെസിപി ആണ് ഇത്.

ഉണക്ക നെല്ലിക്ക വറുത്തരച്ച മത്തി കറി

ഉണക്ക നെല്ലിക്ക , നെല്ലിക്ക വെയിലത്തുണക്കിയെടുത്തോ അല്ലായെങ്കിൽ ആയുർവേദ അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിലും ലഭ്യമാണ് …

മത്തി – 10- 15
മല്ലി – 4 വലിയ സ്പൂൺ
വറ്റൽ മുളക് – 15–20
ഉണക്ക നെല്ലിക്ക – 4 എണ്ണം
വെളുത്തുള്ളി അല്ലി – 3
കറി വേപ്പില -1 തണ്ടു
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
തേങ്ങാ തിരുമ്മിയത് -3 ടേബിൾ സ്പൂൺ
വാളൻ പുളി – 1 ചെറുനാരങ്ങാ വലുപ്പത്തിൽ

ആദ്യം മല്ലി , മുളക് , കുരുമുളക് , വെളുത്തുള്ളി , ഉണക്കനെല്ലിക്ക , കറിവേപ്പില എന്നിവ അല്പം എണ്ണയിൽ ചെറുതീയിൽ വറുത്തെടുക്കുക…..മാറ്റി വെയ്ക്കുക…
വീണ്ടും അല്പം എണ്ണയിൽ കടുകും ഉലുവയും പ്രത്യേകം വറുത്തു മാറ്റി വെയ്ക്കുക…..

തേങ്ങ തിരുമ്മിയതും , ആദ്യം വറുത്തു മാറ്റിയ ചേരുവകളും പുളിയും ചേർത്ത് നല്ല മഷി പോലെ അരച്ചെടുക്കുക…
അവസാനം ഇതിലേക്ക് കടുക് ഉലുവ ചേർത്ത് അധികം അരയാതെ (നാലോ അഞ്ചോ സെക്കൻഡുകൾ മാത്രം ) എടുക്കുക
ഈ അരപ്പു ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക..

ഇതിലേക്ക് രണ്ടു പച്ചമുളക് നെടുകെ കീറിയതും അല്പം മഞ്ഞൾ പൊടിയും ചേർക്കുക…

തിളച്ചു വരുമ്പോൾ ഇതിലേക്ക് മത്തി ചേർത്ത് തീ കുറച്ചു ഒരു പത്തു മിന്റുകളോളം തിളപ്പിക്കുക ..
കറി പാകാമാകുമ്പോൾ തീ കെടുത്തി അതിലേക്ക് പച്ചവെളിച്ചെണ്ണയും രണ്ടോ മൂന്നോ തണ്ടു കറിവേപ്പിലയും ചേർക്കുക…

കറിവേപ്പിലയും പച്ചമുളകും ഓപ്ഷണൽ ആകുന്നു..
തേങ്ങാ യുടെ അളവും വേണമെങ്കിൽ ഇനിയും കുറയ്ക്കാം… എന്റെ അമ്മയുടെ വാക്കുകളിൽ പറഞ്ഞാൽ, ഒരു ചിരവ നാക്ക് തേങ്ങാ ആയാലും മതി….

കൊണ്ടോട്ടം

മാങ്ങാ തിര,മാങ്ങ അട ചക്ക ചുള ഉപ്പിലിട്ടത്,കൊള്ളി പപ്പടം,അട മാങ്ങ അച്ചാർ, ചക്ക പപ്പടം തുടങ്ങി ഇങ്ങനെ ഓരോ ഐറ്റംസ്ഏപ്രിൽ ഒന്നു തൊട്ടു മഴ വരുന്നത് വരെ പണ്ട് വീട്ടിൽ ഉണ്ടാക്കും. കൊണ്ടോട്ടം, അത് പലതരത്തിൽ ഉള്ളവ ഉണ്ടാകും. പച്ചരി വറ്റൽ മുളക് അരച്ച് കുറുക്കി അതിൽ വെളുത്തുള്ളി അരിഞ്ഞിട്ട് കശുമാവ് ഇലകളിൽ ആണ് ഉണക്കാൻ വയ്ക്കുന്നത്. ഇത് പിന്നീട് എണ്ണയിൽ വറുത്ത് എടുക്കും.സവാള, മാങ്ങ, ചക്ക ഇവകൊണ്ട് വടകം (കൊണ്ടോട്ടം ) ഉണ്ടാക്കും. ഇപ്പൊ ഇവയൊക്കെതന്നെ വിപണികളിൽ വാങ്ങിക്കാൻ കിട്ടും.വേനൽ ക്കാലത്തു കുടിക്കാൻ പറ്റുന്ന ഹെൽത്ത് ഡ്രിങ്ക് ചുവടെ ചേർക്കുന്നു

പാനകം

ശർക്കര – ഒരു വലിയ കഷ്ണം ( ഏകദേശം മുക്കാൽ കപ്പ്‌ )
കുരുമുളക് 1 ടീസ്പൂൺ
ഏലയ്ക്ക 4-5
ചുക്ക് ഒരു ചെറിയ കഷ്ണം
ചെറുനാരങ്ങ 1 ന്ടെ പകുതി
തിളപ്പിച്ചാറിയ വെള്ളം 5-6 കപ്പ്‌

ശർക്കര grate ചെയ്തു ഒന്നര കപ്പ്‌ വെള്ളത്തിൽ നന്നായി ഇളക്കി അലിയിക്കുക ( ചൂടാക്കേണ്ട )
ഇത് അരിച്ചു കരട് നീക്കം ചെയ്യുക…
ഏലയ്ക്ക കുരുമുളക് ചുക്ക് എന്നിവ മിക്സിയിൽ പൊടിക്കുക..
ഇത് ശർക്കരവെള്ളത്തിലോട്ടു ചേർത്തിളക്കുക…ബാക്കി വെള്ളവും ചേർക്കാം .
നാരങ്ങ നീരോഴിക്കുക…
ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചു കുടിക്കുകയും ചെയ്യാം……

ഇപ്പോൾ ചക്കയുടെ സമയം ആണല്ലോ.  ചക്ക കൊണ്ടുള്ള പ്രഥമൻ ആകട്ടെ വിഷു സ്പെഷ്യൽ.

പഴുത്ത ചക്കച്ചുള 3 കപ്പ്‌
ശർക്കര ആവശ്യത്തിന്
തേങ്ങാപ്പാൽ ( thin ) ഒന്നര കപ്പ്‌
കട്ടി തേങ്ങാപ്പാൽ ഒരു കപ്പ്‌
നെയ്യ് 3-4 ടീസ്പൂൺ

നെയ്യ് ചൂടാക്കി അരിഞ്ഞു വെച്ച ചക്കചുളകൾ വഴറ്റുക…
വളരെ പെട്ടെന്ന് കഷ്ണങ്ങൾ വെന്തു വരും.. ഒരു പാട് നേരം വഴറ്റാറില്ല… കഷ്ണങ്ങൾ ആയി തന്നെ കഴിക്കാൻ പറ്റുന്ന പരുവം മതി..
ഇനി ശർക്കര ഉരുക്കി കരട് കളഞ്ഞത് ചേർത്ത് നന്നായ് തിളപ്പിക്കുക…
രണ്ടാം പാൽ ചേർക്കാം .
തിളച്ചു അല്പം കുറുകി വരുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്തിളക്കി തിള വരുമ്പോൾ വാങ്ങി വെയ്ക്കാം..
ചക്ക യുടെ ഒരു മധുര വിഭവങ്ങളിലും ഞാൻ ഏലയ്ക്ക ചേർക്കില്ല…. ചക്കെടെ തനത് മണം മാത്രം മതി…
Note
ചിലർ ഇതിൽ ചൗവ്വരി യോ റവ യോ ഒക്കെ ഒരല്പം ചേർക്കും… കുറുകിവരാനായി… ഞാൻ ചേർത്തിട്ടില്ല…

കുടുംബം

ഒതുങ്ങി ജീവിക്കുന്ന ഒരാൾ ആണ് ഞാൻ. എല്ലാകാര്യങ്ങളിലും ഭർത്താവ് നൽകുന്ന പിന്തുണയാണ് എന്റെ ബലം. ഭർത്താവ് വിദ്യാധർ ഷേണായ് എച്ച്. ഡി എഫ്. സി ബാങ്കിൽ വർക്ക്‌ ചെയ്യുന്നു.രണ്ട് മക്കൾ നിധിൻ, നിയതി. നിധിൻ പ്ലസ് ടു വിനു നിയതി 5 ലും പഠിക്കുന്നു.

പത്രോഡാ

ഇനി പത്രോഡോ യെ കുറിച്ച് പറയാം !! മഴക്കാലത്തെ ചേമ്പിലകൾക്കു സ്വാദും ഗുണവും ഏറും .. പലരുടെയും സംശയം കേട്ടിട്ടുണ്ട്… ചൊറിയില്ലേ ന്നു !! ഇല്ല ചൊറിയില്ല …കൃത്യമായ ഇലകൾ നോക്കി പറിച്ചു കൃത്യമായ ചേരുവകൾ ചേർത്തുണ്ടാക്കിയാൽ കൃത്യമായ നേരം വേവിച്ചെടുത്താൽ ചൊറിച്ചിലില്ലാത്ത എന്നാലൊരു പാട് സ്വാദുള്ള പത്രോഡ ഉണ്ടാക്കാം… ഇത്തിരി മെനക്കേടുള്ള ജോലിയാ സമ്മതിച്ചു …ഇലകൾ പറിക്കുമ്പോഴും കഴുകുമ്പോഴും നല്ല എരിവുള്ള മാവ് തേച്ചു പുരട്ടുമ്പോഴും ഒക്കെ കുറച്ചു നേരത്തേക്കെങ്കിലും കൈകളിൽ ചെറിയ തോതിൽ ചൊറിച്ചിലും നീറ്റലും ഉണ്ടാവും ..പക്ഷെ അതൊക്കെ സഹിക്കാൻ ഞങ്ങൾ തയ്യാറാ !! പത്രോഡയ്ക്ക് വേണ്ടി ഏതു വേദനേം സഹിക്കും … !! എന്നെങ്കിലും ഈ ചെറിയ വേദനകൾ സഹിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഈ വിഭവം ഉണ്ടാക്കി കഴിച്ചു നോക്കുക …എനിക്ക് വേണ്ടി !!

ഫോട്ടോയിൽ കാണുന്ന മൂന്നു റോൾ പത്രോടയ്ക്കുള്ള അളവാണ് ഞാനിവിടെ ചേർക്കുന്നത് …

നല്ല പിഞ്ചു ചേമ്പില – 20-25 എണ്ണം
പച്ചരി – 1 കപ്പ്
തുവരപ്പരിപ്പ് – 1/4 കപ്പ്
വറ്റൽമുളക് അല്പം എണ്ണയിൽ വറുത്തത് – 20-25 എണ്ണം (അത്രേം വേണം എന്നാൽ മാത്രമേ സ്വാദു നന്നാവുള്ളു )
പുളിഞ്ചിക്ക (ഇലുമ്പൻ പുളി ) -6-8 എണ്ണം
തേങ്ങാ തിരുമ്മിയത് – 3 കപ്പ്
കായം / കായപ്പൊടി – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

ചേമ്പില പറിക്കുമ്പോൾ നല്ല ഇളം പിഞ്ചു ചേമ്പിലകൾ നോക്കി പറിക്കുക ..ഫോട്ടോയിൽ കാണുന്ന പോലെ ചുരുണ്ടു വന്ന പിഞ്ചു ഇലകൾക്ക് തൊട്ടു മുന്നേ വന്ന ഇലകളാണ് വേണ്ടത് ..ഒരു ചെറിയ തിളക്കവും സോഫ്റ്റ്നെസ്സ് നമുക്ക് പ്രത്യേകം മനസ്സിലാക്കാൻ പറ്റും … ഇലകൾ മുറ്റി പോയാൽ ചൊറിച്ചിലുണ്ടാകും …

ഇനി ചേമ്പിലയുടെ പിൻവശത്തുള്ള കട്ടിയുള്ള നാരുകൾ ഫോട്ടോയിൽ കാണും പോലെ മാറ്റുക … എന്നിട്ട് നന്നായി കഴുകി എടുക്കുക …കഴിയുന്നതും ഇലകൾ കീറി പോവാതെ ശ്രദ്ധിക്കുക .
..
പച്ചരിയും തുവരപ്പരിപ്പും ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കുക …

ആദ്യം തേങ്ങാ വറ്റൽമുളക് പുളിഞ്ചിക്ക എന്നിവ വളരെ നന്നായി അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക …ഇതിലേക്ക് അരി -പരിപ്പ് ചേർത്ത് അല്പം തരുതരുപ്പായി അരച്ചെടുക്കുക … മാവ് അധികം അയഞ്ഞു പോവരുത് ..ഇത്തിരി കട്ടിയായി തന്നെ വേണം… അത് കൊണ്ട് വെള്ളം ചേർക്കുമ്പോൾ; ശ്രദ്ധിക്കുക …
ഇനി ഇതിലേക്ക് ഉപ്പും കായവും ചേർത്ത് നന്നായി മിക്സ് ചെയ്യുക …മാവിൽ എരിവും ഉപ്പും പുളിയും അല്പം മുന്നിട്ട് തന്നെ നിൽക്കണം ..വെന്തു വരുമ്പോൾ അത് ശരിയാവുന്നതായിരിക്കും ..

ഇനി ആദ്യം കൂട്ടത്തിലെ വലിയ ഇല എടുത്തു പിൻവശം മുകളിൽ കാണത്തക്ക വിധം വെച്ച് അതിലേക്ക് മാവ് എല്ലായിടവും ഈവൻ ആയി പുരട്ടുക … വീണ്ടും അതിന്റെ മുകളിൽ അതിലും ചെറിയ ഇല വെച്ച് മാവ് പുരട്ടുക ( ഫോട്ടോയിൽ കാണാം ) …ഇതേ പോലെ ഒരു റോളിൽ ആറ് മുതൽ എട്ടിലകൾ വരെ വയ്ക്കാം ..

എന്നിട്ട് ഫോട്ടോയിൽ കാണുന്ന പോലെ ആദ്യം താഴ്ഭാഗത്തു നിന്നും പിന്നീട് വശങ്ങളിൽ നിന്നും അതിനു ശേഷം മുകൾ ഭാഗത്തെ തുമ്പു കൂടെ അകത്തോട്ട് മടക്കി വെയ്ക്കുക ..
എന്നിട്ട് താഴ്ഭാഗത്തു നിന്നും പായ ചുരുട്ടും പോലെ മുകളിലേക്ക് ചുരുട്ടി എടുക്കുക … ഇങ്ങനെ എല്ലാ ഇലകളും റോൾ ചെയ്തെടുക്കുക … എന്നിട്ടീതിനെ ഒന്നര ഇഞ്ചു കനത്തിൽ മുറിച്ചു ഇഡ്ഡലിച്ചെമ്പിൽ വെള്ളമൊഴിച്ചു ആവി കേറ്റാൻ വെയ്ക്കുക …ആദ്യം ഹൈ ഫ്‌ളൈയിം മിലും പിന്നീട് ചെറുതീയിലും വേവിയ്ക്കുക ..
വെളിച്ചെണ്ണ മീതെ ഒഴിച്ചാണ് പത്രോഡ കഴിക്കേണ്ടത് ..
NOTE

ഇലകൾ നന്നായി വെന്തു വരേണ്ടത് കൊണ്ട് ഒരു മണിക്കൂറെങ്കിലും ചുരുങ്ങിയത് വേവിക്കണം …അടുപ്പിനുള്ള സൗകര്യമുള്ളവർ ഒന്നര മണിക്കൂറൊക്കെ വെയ്ക്കും ..എന്തായാലും ഇലകൾ നന്നായി വെന്തു വരേണ്ടത് നിർബന്ധമാണ് .. മഴക്കാലത്തെ ചേമ്പിലകൾ ആയതിനാലും നല്ല ടെൻഡർ ആൻഡ് ഫ്രഷ് ഇലകൾ ആയതിനാലും ഞാൻ ഇന്നലെ ഒരു മണിക്കൂർ മാത്രമാണ് വേവിച്ചത് ….
.
ചോറിന്റെ കൂടെ സൈഡ് ഡിഷ് ആയാണ് ഞങ്ങളുടെ ഭാഗത്തൊക്കെ വിളമ്പുക … കൊച്ചിൻ ഭാഗത്ത് രാവിലെ ബ്രേക്ഫാസ്റ് ആയും കഴിക്കും …

ചേമ്പില ഫോട്ടോയിൽ കാണുന്നതും ആവാം ..അല്ലാതെ തോട്ടിൻ വക്കത്തൊക്കെ കാണുന്ന കറുത്ത താളും ആവാം …. രണ്ടിനും അതിന്റെതായ സ്വാദും കാണും …

പുളിഞ്ചിക്കയ്ക്ക് പകരം വാളൻ പുളിയും ഉപയോഗിക്കാം ..അങ്ങനെയാണെങ്കിൽ ഒരു വലിയ നെല്ലിക്ക വലുപ്പത്തിലുള്ള പുളി ചേർക്കണം .
ഇത്തവണ ഞാൻ ചേർത്ത വെയിലത്തുണക്കിയെടുത്ത പുളിഞ്ചിക്കയാണ് …

Leave a Reply

Your email address will not be published. Required fields are marked *