മലയാറ്റൂർ രാമകൃഷ്ണന്റെ ഓർമ്മകൾക്ക് കാല്‍നൂറ്റാണ്ട്

മലയാള കഥാസാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത നോവൽ, തിരക്കഥ, വിവർത്തനം, ലേഖനങ്ങൾ, ആത്മകഥ, കാർട്ടൂൺ തുടങ്ങി ബഹുമുഖമേഖലകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള സാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വം കെ.വി.രാമകൃഷ്ണ അയ്യർഎന്ന മലയാറ്റൂർ രാമകൃഷ്ണൻ.

ഒരേസമയം അനിശ്ചിതമായ കാലത്തിന്റെയും പ്രശ്‌ന സങ്കീർണ്ണതകൾ നിറഞ്ഞ മനുഷ്യബന്ധങ്ങളുടെയും സമ്മിശ്രമായ കഥന രൂപങ്ങളായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ഓരോ കഥയും അനുഭവാവിഷ്‌കാരത്തിന്റെ വൈവിധ്യം കൊണ്ട് അവിസ്മരണീയമാകുന്നു. ഉള്ളടക്കത്തിലെ വൈവിധ്യം കൊണ്ടുതന്നെ മലയാറ്റൂർ രാമകൃഷ്ണന്റെ കൃതികൾക്ക് മലയാളികളുടെ മനസിൽ അതിവേഗം ഇടം നേടാനായി. അവ മലയാളികൾക്ക് പുതിയൊരു ലോകം സമ്മാനിച്ചു. തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ജീവിതത്തെയും ഉദ്യോഗസ്ഥ ഭരണത്തിനകത്തെ നിഗൂഢലോകത്തെയും തുറന്നുകാട്ടുന്നതായിരുന്നു മലയാറ്റൂരിന്റെ രചനകള്‍. ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുളയും ഷെര്‍ലക്‌ഹോംസ്‌കഥകളും ആദ്യമായി മലയാളത്തിലേക്ക് തര്‍ജമ ചെയ്തതും മലയാറ്റൂരാണ്.

1927 മേയ് 30ന് പാലക്കാട് ജില്ലയിലെ പുതിയ കല്‍പാത്തിയില്‍ കെ.ആർ. വിശ്വനാഥയ്യരുടെയും ജാനകിയമ്മാളുവിന്റെയും മകനായി ജനിച്ചു. 1955ല്‍ മട്ടാഞ്ചേരിയില്‍ രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1958ല്‍ ഐഎഎസ് ലഭിച്ചു. ഒറ്റപ്പാലം സബ് കലക്ടർ, കോഴിക്കോട് കലക്ടർ, ആരോഗ്യ–തൊഴിൽ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, പ്രതിരോധ മന്ത്രാലയത്തിൽ ഡപ്യൂട്ടി സെക്രട്ടറി, ട്രാവൻകൂർ–കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ജനറൽ മാനേജർ, ലളിതകലാ അക്കാദമി ചെയർമാൻ, കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി, തൊഴിൽ വകുപ്പ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ച അദ്ദേഹം ജോലിത്തിരക്കിനിടയിലും നോവലുകളും കഥകളും എഴുതിക്കൂട്ടി.

കാർട്ടൂണുകളും എണ്ണച്ചായ ചിത്രങ്ങളും വരച്ചു. സിനിമകൾക്ക് തിരക്കഥയെഴുതി. 1981 ഫെബ്രുവരിയില്‍ ഐഎഎസ്സില്‍ നിന്ന് രാജിവച്ചു. ഏഴു വര്‍ഷക്കാലം ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യ പ്രവര്‍ത്തക അവാര്‍ഡും നേടിയിട്ടുണ്ട്. 1997 ഡിസംബര്‍ 27ന് അന്തരിച്ചു. നോവല്‍ : ഡോക്ടര്‍ വേഴാമ്പല്‍, യന്ത്രം, യക്ഷി, പൊന്നി, ദ്വന്ദ്വയുദ്ധം, മൃദുലപ്രഭു, രക്തചന്ദനം , അമൃതംതേടി, അനന്തയാത്ര, സ്വരം, മൃതിയുടെ കവാടം, ആറാംവിരല്‍, നെട്ടൂര്‍മഠം, വേരുകള്‍, ശിരസ്സില്‍ വരച്ചത്.

ചെറുകഥ : ബ്രിഗേഡിയര്‍ കഥകള്‍, ബ്രിഗേഡിയറും പെണ്‍മറുകും, ബ്രിഗേഡിയറുടെ തിരിച്ചുവരവ്, അതിരില്‍ പൂത്തുനിന്ന മരങ്ങള്‍, ഹംസനും വത്സനും, കേസ് ഡയറികള്‍, ബ്രിഗേഡിയറും പാപ്പരാസികളും, കഥകള്‍-മലയാറ്റൂര്‍ സ്മരണ : സര്‍വ്വീസ് സ്റ്റോറി–എന്റെ ഐ.എ.എസ്. ദിനങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം


വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Leave a Reply

Your email address will not be published. Required fields are marked *