ആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ
സുമംഗല സാരംഗി
ഉള്ളിലൊളിച്ചിരിക്കുന്ന ജീവന്റെ
സ്പന്ദനമറിയാതെ
ആരോ വലിച്ചെറിഞ്ഞൊരു
വിത്തായിരുന്നെങ്കിലും
പ്രകൃതി മാതാവിൻ
കരുണാർദ്രഹൃദയമവളെ
നെഞ്ചോടടക്കിപ്പിടിച്ചു
അമ്മതൻ ഹൃദയത്തിൽ
വേരുകളാഴ്ത്തി
രുധിരമൂറ്റിക്കുടിച്ചവൾ
അതിജീവനത്തിൽ
പാതകൾ താണ്ടവെ
താരുണ്യം തേടിയെത്തിയ
കാമാർത്തൻമാരുടെ
കണ്ണുകളവളെ
ഒന്നായ് വിഴുങ്ങുവാൻ
ആർത്തി പൂണ്ടു
കർക്കടക പെരുമഴയിലും
ആടിയുലയാതിരുന്ന അവളുടെ
അവയവങ്ങളൊന്നായവർ
അരിഞ്ഞെറിയുമ്പോഴും
വിഷച്ചുണ്ടുകളിൽ
ചോരചിന്തിയവർ
സംഹാര താണ്ഡവമാടുമ്പോഴും
വിലപിക്കാനായിടാതെ
അതിജീവനത്തിനായാത്മാവ്
കേഴുന്നതറിയാതെ
ആത്മാവ് നഷ്ടമായ സ്വപ്നങ്ങൾ ആഴങ്ങളിലേയ്ക്ക്
പതിയ്ക്കുകയായിരുന്നു
കരിഞ്ഞ കിനാക്കളുടെ
കദനഭാരമേറിയ ഹൃദയത്തിൽ
ഒരു കൂട്ടം
ചോണനുറുമ്പുകൾ
നുഴയുന്നുണ്ടായിരുന്നു
അശ്രുബിന്ദുക്കൾ ഒഴുകിയിറങ്ങിയ
കണ്ണുനീർച്ചാലുകൾ
സംശുദ്ധമായിടും വരെ
ഉള്ളിലെരിയുന്ന നൊമ്പരം
അവളുടെ നെഞ്ചിലൊരു
അഗ്നികുണ്ഡം തീർത്തിടട്ടെ
ഹൃദയത്തിൽ കൂടുകൂട്ടാനിടം
കൊടുത്തൊരാ അമ്മപ്പക്ഷി
തൻ ചിറകു മുളയ്ക്കാ
പൈതങ്ങളെയോർത്ത്
ദീനദീനം വിലപിച്ചിടുമ്പോൾ
അകലെയെങ്ങോ
അന്നം തിരഞ്ഞു പോയ
അവളുടെ പ്രിയപ്പെട്ടവൻ
സ്മൃതിയിലൂടൊഴുകുന്ന
സ്നേഹ നൂലുകളിൽ
കിനാപ്പൂക്കളാൽ
മാല കോർക്കുകയായിരുന്നു