ഭ്രാന്തി ചെമ്പരത്തി

രേഷ്മ ശ്രീഹരി

ഒരു വസന്തത്തിനായും കാത്തിരുന്നില്ലെ –
നിക്കൊന്നു പൂക്കുവാൻ,
ഒരു പദനിസ്വനം കാതോർത്തിരിക്ക-
യല്ലാരും വന്നിറുത്തൊന്ന് ചൂടുവാൻ

പൂക്കട്ടെ ഞാനെന്നുമിതുപോലെ…ഭ്രാന്തു-
പൂക്കുമിടമെന്നാരെഴുതിവച്ചാലും.
കാലത്തിനൊത്തു പൂക്കുവാൻ വയ്യ,
ഋതുദേവന്റെചൊൽവിളി കേൾക്കുവാനും.

കാലചക്രത്തിന്നു കുടപിടിക്കാൻവയ്യ
പൂക്കട്ടെ ഞാൻ എനിക്കുവേണ്ടി…
നറുമണമില്ല ഹേ! പറഞ്ഞില്ലേ ഞാൻ?
പൂക്കട്ടെ ഞാനൊന്നെനിക്കുവേണ്ടി…
ഭ്രാന്തിയാവട്ടെ,തൃണവത്കരിക്കട്ടെന്നാലും
ഭ്രാന്തമായ്പൂക്കട്ടെ..ഞാനെനിക്ക് വേണ്ടി!

എന്നുമെനിക്കെന്നും പൂക്കേണം
എന്റെ വസന്തമെന്നിൽനിറയ്ക്കേണം.
എന്റെ ജീവിതമെന്റേതുംകൂടെ-
എന്നുറക്കെപ്പറഞ്ഞൊന്നുവയ്ക്കേണം.

Leave a Reply

Your email address will not be published. Required fields are marked *