ഒറ്റപ്പെട്ടവൾ
സുമംഗല എസ്
ജീവിതത്തിൽ ഒറ്റപ്പെട്ടെന്ന് തോന്നിയ
ഒരുവളുടെ ഹൃദയത്തിൽ
വെറുതെയെങ്കിലും
ഒന്ന് സ്പർശിക്കൂ
നേർത്ത വിതുമ്പലുകളുടെ
പ്രതിദ്ധ്വനി കേൾക്കാം.
അതിന് നിങ്ങൾക്ക്
നൂറ് കാരണങ്ങൾ
കണ്ടെത്താൻ കഴിഞ്ഞേക്കും
എന്നാലത്
അവൾ അനന്ത വിഹായസ്സിലേക്ക
പറന്നുയരാൻ ശ്രമിക്കുന്നതിന്റെ
ചിറകടിയൊച്ചയാണ്.
അവളുടെ ഹൃദയത്തിൽ
ഒരിക്കൽ കൂടി
ഒന്നു തൊട്ടു നോക്കൂ
തീർച്ചയായും
ഹൃദയം നുറുങ്ങുന്ന പുലമ്പലുകൾ കേൾക്കാൻ കഴിയും.
അതിനു നിങ്ങൾക്ക് ആയിരം കാരണങ്ങൾ
കണ്ടെത്താൻ കഴിഞ്ഞേക്കും
എന്നാലത് അവളുടെ അതിജീവനത്തിന്റെ
കഥയാവും
അവളുടെ വിധിയെ പഴിയ്ക്കാനും
നിങ്ങൾക്ക്
കുറെ കാരണങ്ങൾ
കണ്ടെത്താൻ കഴിഞ്ഞേക്കും.
എന്നാൽ,
ജീവിതം സന്തുഷ്ടമാക്കുന്നതിന്
അവൾ ഒരു കാരണമെങ്കിലും
കണ്ടുപിടിച്ചിട്ടുണ്ടാകും
അതവൾക്ക് ജീവിത പന്ഥാവിൽ
വഴികാട്ടിയാകുന്നുണ്ടാവും
അവൾക്ക് ദു:ഖിച്ചിരിക്കാൻ
സമയമുണ്ടാകില്ല
ധാരാളം കാര്യങ്ങൾ ചെയ്തു
തീർക്കുവാനുണ്ടാകും
നാളെയ്ക്കു വേണ്ടി അവൾ
കാത്തിരിക്കാറില്ല
നാളെയെന്നത് ഒരിക്കലും
വരില്ലെന്നവൾക്കറിയാം.
വിധിയെപ്പഴിച്ച് ജീവിതം
ദുസ്സഹമാക്കാൻ അവൾ
ആഗ്രഹിക്കാറെയില്ല
അന്തരാത്മാവിൽ ശബ്ദമില്ലാ –
തുഴറുന്ന നോവുകളുമായി
നിരുപാധിക സ്നേഹം നിറഞ്ഞ
നോട്ടവുമായി
നമുക്കിടയിൽ അവളെന്നുമുണ്ടാകും
ഋതുഭേദങ്ങളില്ലാതെ
എന്നും പൂക്കുന്ന
ഒരു കാട്ടു പൂവായി …………!