ഷാഹിനയുടെ അതിജീവനത്തിന്‍റെ കഥ

പാര്‍വതി

ഫോട്ടോയ്ക്ക് കടപ്പാട്: വിഷ്ണു

പൊള്ളിയടര്‍ന്ന ശരീരവുമായി ഉറച്ച കാല്‍വയ്‍പ്പോടെ ആ പെണ്‍കുട്ടി ഡോ. ഷാഹിനയിലേക്കെത്തിയ ദൂരം വളരെ വലുതാണ്. അനുഭവിച്ച വേദന, പരിഹാസം, ഒറ്റപ്പെടുത്തലുകള്‍ അങ്ങനെ … എന്നാല്‍ അവളുടെ ഉള്ളിലെ തീനാളത്തെ അണയ്ക്കുവാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതെ, ഇത് ഷാഹിനയുടെ അതിജീവനത്തിന്‍റെ കഥയാണ്. ജീവിതത്തില്‍ സംഭവിച്ച അപകടത്തെ എങ്ങനെ തരണം ചെയ്ത് അതിജീവിച്ചു എന്ന് ഡോ.ഷാഹിന കൂട്ടൂകാരിയോട് വിവരിക്കുന്നു.

അപകടത്തെ കുറിച്ച്

ഇരുപത്തിയെട്ട് വർഷം മുമ്പുള്ള രാത്രിയില്‍ നടന്ന സംഭവമാണ് ഷാഹിനയുടെ ജീവിതത്തെ മാറ്റിമറിച്ചത്. സ്കൂൾ പാഠങ്ങൾ ഗൃഹസ്ഥമാക്കി കൊണ്ടിരുന്ന സഹോദരിമാരെ നോക്കിയിരിക്കുകയായിരുന്നു ആ നാല് വയസ്സുകാരി. കറന്‍റ് പോവുകയും ഉമ്മ കത്തിച്ചുവച്ച മണ്ണെണ്ണ വിളിക്ക് ഷാഹിനയുടെ കൈതട്ടി മറിഞ്ഞു. ഷാഹിനയുടെ വസ്ത്രത്തിനും തീപിടിച്ചു. പൊള്ളലേറ്റ ഷാഹിനയെ അയല്‍പക്കകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. എഴുപത് ശതമാനത്തോളും പൊള്ളലേറ്റിരുന്നു.ട്രീറ്റ്മെന്‍റ് ഒരുവര്‍ഷം നീണ്ടുനിന്നു.

കഴുത്തിലും മുഖത്തുമെല്ലാം സാരമായി പൊള്ളലേറ്റുവെന്നും കൈവിരലുകളും നിവര്‍ത്താന്‍ സാധിക്കുമായിരുന്നില്ലെന്നും ഷാഹിന പറയുന്നു. പിന്നീട് അങ്ങോട്ട് സര്‍ജറികളുടെ കാലഘട്ടമായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഞങ്ങളെ സഹായിച്ചത് ഉമ്മയുടെ സഹോദരനും ബന്ധുക്കളും നല്ലവരായ നാട്ടുകാരുമാണ്.

സ്കൂളിലേക്ക്

സ്‌കൂളിൽ ഒരു വർഷം വൈകിയാണ് ചേർന്നത്. സ്‌കൂൾ കാലവും ശസ്ത്രക്രിയകൾ നടന്നു. സഹപാഠികള്‍ ഷാഹിനയോട് കൂട്ടുകൂടാന്‍ വൈമനസ്യം കാട്ടി. എന്നാൽ, ആ സാഹചര്യത്തിൽ നിന്ന് കരകയറാന്‍ ഷാഹിനെയെ സഹായിച്ചത് അദ്ധ്യാപകരാണ്. അവരുടെ ശ്രദ്ധയും പരിചരണവും ഒരിക്കലും മറക്കാനാകില്ലെന്നും ഷാഹിന. മാറി നിന്ന സുഹൃത്തുക്കളെയൊക്കെ ടീച്ചേഴ്സ് കാര്യം പറഞ്ഞ് മനസ്സിലാക്കി. പതിയെ ആ അവസ്ഥയിൽ നിന്നും മോചനവും നേടി. എങ്കിലും, മനസ്സിൽ കോംപ്ലക്സ് വന്ന് നിറഞ്ഞു. പരിചയമില്ലാത്ത ഒരാളെ കാണുമ്പോൾ മുമ്പിൽ പോയി നിന്ന് സംസാരിക്കാനുള്ള ധൈര്യം ഷാഹിനയ്ക്ക് ഉണ്ടായിരുന്നില്ല. അത് ജീവിതത്തിലുടനീളം അലട്ടുകയും ചെയ്തു. പത്താം നല്ല മാര്‍ക്കോടെ വിജയിച്ച ഷാഹിന വാപ്പയുടെ ഉപദേശത്താല്‍ പ്ലസ്ടുവിന് സയന്‍സ് തെരെഞ്ഞെടുത്തു.

അഞ്ചാം ക്ലാസ് മുതൽ പത്താം തരം വരെ പഠിച്ചത് ഗേൾസ് സ്കൂളിലും. അവിടെ പിന്നെ എല്ലാവരും അടുത്തറിയാവുന്നവരായിരുന്നു. ഇനിയങ്ങോട്ട് ഉപരി പഠനത്തിനായി അപരിചിത മുഖങ്ങളെ, ഫേസ് ചെയ്യണമല്ലോ എന്നുള്ള പരിഭ്രമം പെട്ടന്ന് തന്നെ മാറികിട്ടിയെന്നും പ്ലസ് റ്റു കാലഘട്ടത്തിലെ സുഹൃത്തുക്കളെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും എല്ലാത്തിനും കട്ട സപ്പോര്‍ട്ട് നല്‍കി അവര്‍ കൂടെ നിന്നുവെന്നും പുഞ്ചിരിയോടെ ഷാഹിന വിവരിക്കുന്നു.

സുഹൃത്ത് മനീഷയുടെ പ്രേരണ മൂലം എൻട്രൻസ് എഴുതി. ഫലം വന്നപ്പോൾ മെഡിസിനായിരുന്നു യോഗ്യത തെളിഞ്ഞത്. മെഡിക്കൽ അലോട്ട്മെന്റ് വരാൻ വൈകിയത്കൊണ്ട് ആർട്സ് കോളേജിൽ ബിരുദ പഠനത്തിനായി ചേർന്നു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും മെഡിക്കൽ ബോർഡ് ഇന്റർവ്യൂവിന് വിളിച്ചു. ആദ്യത്തെ ഒപ്ഷൻ എം ബി ബി എസും രണ്ടാമതായി ആയുർവേദവും മൂന്നാമത്തെ ഓപ്ഷനായി ഹോമിയോപതിയുംമാണ് മാർക്ക് ചെയ്തത്. എന്നാൽ, ശാരീരിക അവസ്ഥ നോക്കിയപ്പോൾ ഷാഹിനയ്ക്ക് ഹോമിയോപതി കൊടുക്കാൻ ഉദ്യേഗസ്ഥർ തീരുമാനിച്ചു.

ഡോ. ഷാഹിന

മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന്‌ വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലത്തോട്‌ ഗുഡ്‌ബൈ പറഞ്ഞാണ്‌ ജീവിതത്തിലെ പടവുകൾ ചവിട്ടിയത്‌. 2012 ൽ പഠനം പൂർത്തിയായി. പിന്നീട്, കളമശ്ശേരിയിലുള്ള ഒരു ഡോക്ടറുടെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. അത് കരിയറിലെ ഒരു ടേണിങ്ങ് പോയിന്റായിരുന്നു .2017 വരെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന ഷാഹിനയെ കൂടുതൽ പേരെടുത്തു. ശരിയായ രീതിയിലുള്ള പരിശീലനവും ലഭിച്ചു. 2013 ൽ പി എസ് സി വഴി മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചു. കോട്ടയത്തായിരുന്നു ആദ്യത്തെ പോസ്റ്റ്. പിന്നീട് ഇപ്പോൾ പ്രവർത്തിക്കുന്ന ത്രിപ്പൂണിത്തുറ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലേക്ക് മാറ്റം കിട്ടി.

വൈറലായി ഫോട്ടോഷൂട്ട്

തിരുവല്ല സ്വദേശി വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറെ ഇൻസ്‌റ്റഗ്രാം വഴിയാണ്‌ പരിചയപ്പെട്ടത്‌. വിഷ്‌ണു ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള ആശയം പറഞ്ഞപ്പോൾ രണ്ട്‌ കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. നമുക്ക് ഒരു ഫോട്ടോ ഷൂട്ട് നടത്താം എന്നാണ് പറഞ്ഞത്. മനസ്സിൽ പതിഞ്ഞു കിടന്ന കോംപ്ലക്സ് ആദ്യമൊന്നും അതിന് സമ്മതിച്ചില്ല. ഷാഹിന അത് തുറന്ന് പറയുകയും ചെയ്തു. എന്നാൽ, വിഷ്ണുവിന്റെ വാക്കുകൾ ഷാഹിനയെ മാറ്റി ചിന്തിപ്പിച്ചു. ശാരീരിക പ്രശ്നം മൂലം അപകർഷത നേരിടുന്ന മറ്റ് മനുഷ്യർക്ക് ഇത് ഒരു പ്രചോദനമായേക്കാം, എന്ന ആ ഫോട്ടോഗ്രാഫറുട വാക്ക് ഉദ്ദേശിച്ചതിനേക്കാൾ ഫലം കണ്ടു.

ഫോട്ടോഷൂട്ട്‌ കണ്ട്‌ പൊള്ളലേറ്റ നിരവധി പെൺകുട്ടികൾ സ്‌നേഹ സന്ദേശങ്ങൾ അയച്ചു. ആ ചിത്രങ്ങളും അതോടൊപ്പമുള്ള വാക്കുകളും പ്രചോദനം നൽകിയെന്ന്‌ അവർ അറിയിച്ചതായി ഷാഹിന. ഫോട്ടോയെല്ലാം പെട്ടെന്നുതന്നെ വൈറലായി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മമ്മൂട്ടി ഫോണില്‍ വിളിച്ച് ഷാഹിനയെ അഭിനന്ദിച്ചു. ചികിത്സാ ചെലവുകൾ സൗജന്യമായി ഏറ്റെടുക്കാൻ നടൻ മമ്മൂട്ടി എത്തിയത്‌ മറ്റൊരു ട്വിസ്റ്റ്. പതഞ്ജലി ആയുർവേദ ചികിത്സാ സംരംഭത്തിന്റെ പനമ്പിള്ളി നഗർ കേന്ദ്രത്തിൽ സൗജന്യ ചികിത്സയൊരുക്കാമെന്നാണ്‌ മമ്മൂട്ടി അറിയിച്ചത്‌. നേരില്‍ കാണാന്‍ അവസരം ഒരുക്കാമെന്ന് മമ്മൂട്ടി ഉറപ്പുനല്‍കിയതായും ഷാഹിന

കുടുംബം
ഇടപ്പള്ളി ചായിമൂലയിൽ കുഞ്ഞുമുഹമ്മദിന്റെയും സുഹറയുടെയും നാല് പെൺമക്കളിൽ ഏറ്റവും ഇളയവളാണ് ഷാഹിന. തന്‍റെ കുടുംബം നല്‍കിയ പിന്തുണയാണ് മുന്നോട്ടുള്ള പാത ചവിട്ടികയറാന്‍ പ്രേരണനല്‍കതിയതെന്ന് ഷാഹിന

Leave a Reply

Your email address will not be published. Required fields are marked *