ജീവിച്ചു തീർക്കണം ധന്യമീ ജീവിതം
സുമംഗല സാരംഗി
ജീവിച്ചിരിപ്പതെത്ര നാളാകിലും
കർമ്മങ്ങൾ പുണ്യമായിടേണം
ജനനത്തിനന്ത്യത്തിൽ മരണമുണ്ട്
ജീവിച്ചു തീർക്കണം ധന്യമീ ജീവിതം
അരങ്ങുകളൊക്കെയും മാറി മാറി
ആടിത്തിമിർക്കുവോരിൽ ചിലർ
ചിരിപ്പിക്കുന്നു ചിലർ കരയിയ്ക്കുന്നു
ചിലർ സ്വപ്നം കാണാൻ പഠിപ്പിക്കുന്നു
ജയിച്ചവർ തോറ്റവരെല്ലാമൊരു ദിനം
കഥ മതിയാക്കി തിരിച്ചു പോകും
മനുഷ്യനാദ്യം മനുഷ്യനെയറിഞ്ഞീടിൽ
ധന്യമാക്കീടാം ഈ നല്ല ജീവിതം
നന്മതൻ കൈയൊപ്പു ചാർത്തിടേണം
ഇനി വരുംതലമുറയ്ക്ക്
ഓർമ്മിക്കുവാനായ് ആ നല്ല
ഓർമ്മകളിവിടെ നട്ടിട്ടു പോകണം