മൗനാനുരാഗം

ജ്യോതിശ്രീനിവാസൻ

അറിഞ്ഞുഞാൻ നിന്നിലെ നോട്ടങ്ങൾക്കുള്ളിലായൊന്നൊളിപ്പിച്ചൊരു മൗനാനുരാഗവും
പറയുവാനെന്തിത്ര വൈമനസ്യമെന്നു ചിന്തിച്ചുകാലംകടന്നങ്ങുപോയതും

പോയകാലത്തിന്റെ വാസന്തവനികയിൽ പൂത്തക്കിനാക്കളിൽ തേൻവണ്ടുപോലെ നീ
മൂളിയരാഗത്തിൽ കേട്ടനുരാഗത്തിൻ പല്ലവിപാടിമറഞ്ഞൊരു ഗായകൻ

നഷ്ടസ്വപ്നങ്ങളെ നെഞ്ചിലേറ്റിയെത്ര നിദ്രയകന്നൊരു നീർമിഴിയാലേ ഞാൻ
മോഹം മരിച്ചമനസ്സിന്റെ കല്പടവേറിയാദൂരത്ത് നിന്നെ തിരഞ്ഞതും

പറയാനൊരുവാക്കു കരുതിയില്ലല്ലോ ഹൃദയത്തിലായൊരിടം നൽകിയില്ലല്ലോ
എങ്കിലുമോർമ്മതൻ തീരത്തിരുന്നു ഞാൻ
ആനോട്ടമിപ്പോഴും കാണുന്നതുണ്ടല്ലോ

കാലം വരച്ചൊരു സീമന്തരേഖയിൽ കുങ്കുമചാർത്തിനാൽ തീർത്തൊരു ജീവിതം
ഇനിവിരിയില്ലല്ലോ വിരഹത്തിൻ ചില്ലയിൽ നിന്നെപോൽ സുന്ദരമായൊരു സ്വപ്നവും!

Leave a Reply

Your email address will not be published. Required fields are marked *